തിരൂര്‍ നഗരത്തിലെ റോഡ് തകര്‍ച്ച: ഓട്ടോ സര്‍വിസ് നിര്‍ത്തുന്നു
തിരൂര്‍: ജലവിതരണ പൈപ്പുകളിലെ തകരാര്‍ പരിഹരിക്കാന്‍ വാട്ടര്‍ അതോറിറ്റി വെട്ടിപൊളിച്ച റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് പൂര്‍വസ്ഥിതിയിലാക്കാത്തതില്‍ പ്രതിഷേധിച്ച് ജൂണ്‍ മുതല്‍ ഓട്ടോറിക്ഷകള്‍ സര്‍വിസ് നിര്‍ത്തുന്നു. തിരൂര്‍ മുതല്‍ തലക്കടത്തൂര്‍ വരെയുള്ള മേഖകളിലേക്കും മറ്റിടങ്ങളിലേക്കുമുള്ള സര്‍വിസ് നിര്‍ത്തിവയ്ക്കാനാണ് തീരുമാനം.
റോഡ് തകര്‍ച്ച കാരണം ഗതാഗതകുരുക്ക് രൂക്ഷമായതും വാഹനഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും കണക്കിലെടുത്താണിതെന്ന് ഓട്ടോ ഡ്രൈവേഴ്‌സ് സംയുക്ത യൂനിയന്‍ നേതൃത്വം വ്യക്തമാക്കി. ഡീസല്‍ വില വര്‍ധിച്ച സാഹചര്യത്തില്‍ തകര്‍ന്ന റോഡിലൂടെ വാഹനം ഓടിക്കുമ്പോള്‍ കൂടുതല്‍ ഇന്ധന ചെലവ് വരുന്നതും സര്‍വിസ് നിര്‍ത്തിവയ്ക്കാന്‍ കാരണമായി പറയുന്നു.
നഗരത്തില്‍ സെന്‍ട്രല്‍ ജങ്ഷന്‍ മുതല്‍ തലക്കടത്തൂര്‍ വരെയുള്ള ഭാഗങ്ങളിലും തിരൂര്‍ സിവില്‍ സിവില്‍ സ്റ്റേഷന്‍- ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്കുള്ള ജനതിരക്കേറിയ റോഡിലും റോഡ് വെട്ടിപൊളിച്ചിട്ടിരിക്കുകയാണ്. റോഡ് കുത്തിപൊളിച്ച് കുഴിയെടുത്ത ശേഷം പൈപ്പ് തകരാര്‍ പരിഹരിച്ച് കുഴി മണ്ണിട്ട് മൂടിയെന്നല്ലാതെ റോഡ് ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കിയിട്ടില്ല.
യാത്രക്കാരുടെ ദുരിതത്തിന് ഇത് ഇടയാക്കിയതോടെ ഡി.വൈ.എഫ്.ഐ അടക്കമുള്ള സംഘടനകള്‍ താഴെപ്പാലത്തെ പൊതുമരാമത്ത് നിരത്ത് വിഭാഗം ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. താഴെപ്പാലത്ത് റോഡരികില്‍ പൈപ്പിടാന്‍ കുഴിച്ച കുഴിയില്‍ ചാടി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മാസങ്ങള്‍ക്ക് മുന്‍പ് സ്ത്രീ മരിച്ചിരുന്നു.
കുഴിയില്‍ ചാടി റോഡിലേക്ക് മറിഞ്ഞ ബൈക്കിന് പിന്നില്‍ വന്ന ലോറി കയറിയായിരുന്നു ദാരുണമരണം. ഇപ്പോള്‍ നഗര റോഡുകളില്‍ പലയിടത്തുമുള്ള കുഴികളില്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ കുടുങ്ങുന്ന സ്ഥിതിയുണ്ട്. എന്നിട്ടും റോഡ് പൂര്‍വസ്ഥിതിയിലാക്കാന്‍ നടപടി വൈകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."