'മളയും കാറ്റും വഞ്ചാ തമ്പായിയേ കാക്കണേ'
മേപ്പാടി: 'മളയും കാറ്റും വഞ്ചാ തമ്പായിയെ കാക്കണേ', ഇത് ജില്ലയിലെ ഭൂസമര കേന്ദ്രങ്ങളിലെ കൂരകളില്‍ നിന്നും ഉയരുന്ന ആദിവാസികളുടെ പ്രാര്‍ഥനയാണ്. ജില്ലയില്‍ മഴ ശക്തമായതോടെ ആദിവാസി കോളനികളിലും ഭൂസമര കേന്ദ്രങ്ങളിലും ദുരിതം ഇരട്ടിച്ചു. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുക്കെട്ടിയ ഷെഡുകളില്‍ കഴിയുന്ന ഭൂസമരകേന്ദ്രങ്ങളിലാണ് ദുരിതം കൂടുതലായുള്ളത്. നിക്ഷിപ്ത വനഭൂമിയില്‍ വിവിധ ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ ജില്ലയുടെ പലഭാഗങ്ങളിലും സമരം നടന്ന് വരികയാണ്.
ഈ കേന്ദ്രങ്ങളില്‍ ഭൂരിഭാഗവും ഇടിഞ്ഞുപൊളിയാറായ ഷെഡുകളാണുള്ളത്. മഴ ശക്തമായതോടെ ഇവയൊക്കെ ചോര്‍ന്നൊലിക്കുകയാണ്. ശക്തമായ കാറ്റില്‍ പല ഷെഡുകളും തകര്‍ച്ചാഭീഷണിയിലുമാണ്. ഷെഡുകള്‍ക്ക് സമീപത്തെ വന്‍മരങ്ങള്‍ കാറ്റില്‍ ആടിയുലയുമ്പോള്‍ ദൈവത്തെ വിളിച്ച് പ്രാര്‍ഥിക്കുകയാണ് തങ്ങളെന്ന് സമരഭൂമിയിലുള്ളവര്‍ പറയുന്നു. മഴ തുടങ്ങിയതോടെ ജോലിയും കൃത്യമായില്ലാതായ ഇവര്‍ ദുരിതക്കയത്തിലാണുള്ളത്. ആകെ ആഴ്ചയില്‍ ഒന്നോ, രണ്ടോ തൊഴിലാണ് ഇപ്പോള്‍ ലഭിക്കുന്നത്. അതുതന്നെ മുറുക്കാന്‍ വാങ്ങാന്‍പോലും തികയാത്ത വേതനമാണ് കൂലിയായി ലഭിക്കുന്നതെന്ന് നെടുമ്പാല സമരഭുമിയിലെ ബാബു പറയുന്നു. റേഷന്‍ സൗജന്യമായി ലഭിക്കുന്നതിനാല്‍ കൂരകളില്‍ പട്ടിണിയില്ലെന്നതാണ് ഇവരുടെ ഏകാശ്വാസം. നാലു വര്‍ഷം മുന്‍പാണ് ജില്ലയില്‍ ഭൂസമരം ആരംഭിച്ചത്. രണ്ടുതവണ പൊലിസ് ഇവരെ ഒഴിപ്പിച്ചെങ്കിലും സമരക്കാര്‍ ഇതേഭൂമിയില്‍ തന്നെ തുടരുകയാണ്. പണിയ വിഭാഗത്തില്‍പ്പെട്ടവരാണ് കൂടുതലായും സമരഭൂമിയിലുള്ളത്. സമരത്തിനിറക്കിയ പാര്‍ട്ടി അധികാരത്തിലെത്തിയതോടെ തങ്ങള്‍ക്ക് ഉടന്‍ ഭുമി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സമരഭൂമിയിലുള്ളവര്‍. ശക്തമായ മഴ കഴിയുന്നത് വരെ തങ്ങളെ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്നാണ് സമരഭൂമിയിലുള്ളവരുടെ ആവശ്യം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."