വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി
നിലമ്പൂര്‍: വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെത്തിരേ നടപടി ആവശ്യപ്പെട്ട് എം.എസ്.എഫ് നാളെ ചുങ്കത്തറ മാര്‍ത്തോമ കോളജിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ടി.പി ഹാരിസ് ഉദ്ഘാടനം ചെയ്യും.
കോളജിലെ ബി.എസ്.സി ബോട്ടണി വിഭാഗം വിദ്യാര്‍ഥിനികളാണ് അധ്യാപകനെത്തിരേ പരാതി നല്‍കിയത്്. അധ്യാപകന്റെ മോശം പെരുമാറ്റത്തെ കുറിച്ച് ക്ലാസ് അധ്യാപികയെ വിദ്യാര്‍ഥിനികള്‍ അറിയിച്ചിരുന്നു. നേരിട്ടും പ്രിന്‍സിപ്പലിന് രേഖാ മൂലം പരാതി നല്കി. കാര്യമായ നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചതെന്ന് എം.എസ്.എഫ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. പരാതി നല്‍കിയിട്ടും അധ്യാപകനെത്തിരേ നടപടിയില്ലാത്തതിനെ തുടര്‍ന്ന് ഈ മാസം 16 ന് എം.എസ്.എഫ് കോളജ് പ്രിന്‍സിപ്പലിനെ ഉപരോധിച്ചിരുന്നു. ഇതേതുടര്‍ന്ന് ആരോപണവിധേയനായ അധ്യാപകനെ സസ്പെന്റ ചെയ്തതായി മാനേജ്മെന്റ് രേഖാമൂലം ഉറപ്പു നല്കി. എന്നാല്‍ മൂന്നുദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കുകയും അധ്യാപകനെ കണിശമായി താക്കീത് നല്‍കിയെന്ന് പറഞ്ഞ് തിരിച്ചെടുക്കുകയും ചെയ്തുവെന്ന് എം.എസ്.എഫ് ഭാരവാഹികള്‍ പറഞ്ഞു.
അധ്യാപകന് വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയതിന് വാട്ട്സ് ആപ്പ് ഉള്‍പ്പെടെ തെളിവുകളുണ്ടായിട്ടും പ്രശ്നം ഗൗരവമായി കാണാതെയുള്ള മാനേജ്മെന്റ് നടപടി പ്രതിഷേധാര്‍ഹമാണെന്നും അധ്യാപകനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തി കര്‍ശന നടപടി കൈകൊള്ളണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ എ.പി ഫൈസല്‍, ഇന്‍ഷാദ് മുത്തേടം, എന്‍.കെ അഫ് സല്, പി.സിറാജ്, കെ.എ സാജിത് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."