ചേലേമ്പ്രയിലെ ലീഗില്‍ മഞ്ഞുരുകുന്നു
ചേലേമ്പ്ര: ചേലേമ്പ്രയില്‍ മുസ്ലിം ലീഗുമായി ഇടഞ്ഞു നാലര വര്‍ഷത്തോളം പാര്‍ട്ടിയില്‍നിന്നു വിട്ടുനിന്ന സി.പി ഷബീറലി ഉള്‍പ്പെടെയുള്ള നേതാക്കളും പ്രവര്‍ത്തകരും മുസ്ലിം ലീഗില്‍ തിരിച്ചെത്തി. ഇതോടെ ചേലേമ്പ്രയിലെ ജനകീയ മുന്നണിയുടെ ഭാവി അവതാളത്തിലാകുകയും ചെയ്തു.
സി.പി.എം അംഗം പ്രസിഡന്റായുള്ള ചേലേമ്പ്ര പഞ്ചായത്തില്‍ ഷബീറലി ചെയര്‍മാനായുള്ള ജനകീയ വികസന മുന്നണിയാണ് ഭരണം നടത്തുന്നത്. ഷബീറലിയുടെ ലീഗിലേക്കുള്ള തിരിച്ചുവരവ് ജനകീയ മുന്നണിയെ കാര്യമായി ബാധിക്കും. ഷബീറലി ഉള്‍പ്പെടെ മുസ്ലിം ലീഗിലേക്കു തിരിച്ചെത്തിയവര്‍ക്കു പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാര്‍ട്ടി അംഗത്വം നല്കി.
നാലര വര്‍ഷം മുന്‍പു ചേലേമ്പ്ര സഹകരണ ബാങ്ക് ഭരണ സമിതിയുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ പാര്‍ട്ടി നേതൃത്വത്തിലുണ്ടായ ഭിന്നിപ്പാണ് ഷബീറലിയും നിരവധി പ്രവര്‍ത്തകരും പാര്‍ട്ടി വിടാന്‍ കാരണമായിരുന്നത്. ഇവര്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരേ മത്സരിക്കുകയും സി.പി.എമ്മിന്റെ പിന്തുണയോടെ ജനകീയ വികസന മുന്നണി രൂപീകരിച്ചു പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. നേരത്തെ മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയായിരുന്ന ഷബീറലിയുടെ തിരിച്ചുവരവ് മണ്ഡലത്തില്‍ മുസ്ലിം ലീഗിനു കൂടുതല്‍ കരുത്തു പകരും.
ഷബീറലിയോടൊപ്പം പഞ്ചായത്ത് മുസ്ലിം ലീഗ് മുന്‍ പ്രസിഡന്റ് പി. നൗഷാദലി, ചേലേമ്പ്ര സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന എന്‍.എ നാസര്‍ തുടങ്ങി നിരവധി പേരാണ് ലീഗിലേക്കു തിരിച്ചെത്തിയത്. ഇടിമൂഴിക്കലിലെ സി.ഐ.ടി.യു ഭാരവാഹിയായ അമീര്‍ അബ്ബാസും ഇന്നലെ ലീഗില്‍ ചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."