കൊണ്ടോട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ അര്‍ബുദ നിര്‍ണയ കേന്ദ്രത്തിന് തറക്കല്ലിട്ടു
കൊണ്ടോട്ടി: എയര്‍പോര്‍ട്ട് അതോറിറ്റി കൊണ്ടോട്ടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് അനുവദിച്ച അര്‍ബുദ നിര്‍ണയ വയോജന പരിചരണ കേന്ദ്രത്തിന് തറക്കല്ലിട്ടു. കെട്ടിട നിര്‍മാണത്തിന്റെ പ്ലാന്‍ സമര്‍പ്പിച്ചിത് മുന്‍സിപ്പല്‍ സെക്രട്ടറി പരിഗണിക്കാതെ തിരിച്ചയച്ചതിനാല്‍ ഒന്നര വര്‍ഷമായി നിര്‍മാണം അനിശ്ചിതത്തിലായിരുന്നു. തടസങ്ങള്‍ നീങ്ങിയതോടെയാണ് അര്‍ബുദ നിര്‍ണയ വയോജന പരിചരണ കേന്ദ്രത്തിന് ആശുപത്രി പരിസരത്ത് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ.ജനാര്‍ദ്ധനന്‍ ഇന്നലെ ശിലാസ്ഥാപനം നടത്തിയത്.
കരിപ്പൂര്‍ വിമാനത്താവളം സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് കൊണ്ടോട്ടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് അര്‍ബുദ നിര്‍ണയ വയോജന പരിചരണ കേന്ദ്രം അനുവദിച്ചത്. 65 ലക്ഷം രൂപയാണ് സെന്റര്‍ സ്ഥാപിക്കാന്‍ എയര്‍പോര്‍ട്ട് അഥോറിറ്റി നീക്കിവച്ചത്. ഇതില്‍ 32.5ലക്ഷം രൂപ കഴിഞ്ഞ നവംബറില്‍ കൈമാറി. ബാക്കി തുക നിര്‍മാണം പുരോഗമിക്കുന്നതിന് അനുസരിച്ച് നല്‍കുമെന്ന് ഡയറക്ടര്‍ കെ.ജനാര്‍ദ്ദനന്‍ പറഞ്ഞു. ബി.എസ്.എന്‍.എല്ലിന്റെ എന്‍ജീനിയറിങ് വിഭാഗമാണ് 58 ലക്ഷം രൂപക്ക് കെട്ടിട നിര്‍മാണത്തിന്റെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. അനുവദിച്ചതില്‍ ബാക്കി തുക ലാബ് യന്ത്രങ്ങള്‍ക്കും ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിനുമായി വിനിയോഗിക്കും. ഈ വര്‍ഷം നവംബറില്‍ പ്രവൃത്തി പൂര്‍ത്തിയാകും. തുടര്‍ പദ്ധതി സമര്‍പ്പിക്കുന്നതിന് അനുസരിച്ച് പണം നല്‍കുന്ന കാര്യം പരിശോധിക്കുമെന്നും കെ. ജനാര്‍ദനന്‍ പറഞ്ഞു.
അതോറിറ്റി അനുവദിച്ച തുകയുടെ പകുതി ആരോഗ്യ വകുപ്പിന്റെ എന്‍.ആര്‍.എച്ച്.എമ്മിനെ കഴിഞ്ഞ വര്‍ഷം എല്‍പ്പിച്ചിരുന്നു. ഇവര്‍ തുക ബി.എസ്.എന്‍.എല്‍ നിര്‍മാണ വിഭാഗത്തിനും കൈമാറി. എന്നാല്‍ ബി.എസ് എന്‍.എല്‍ കൊണ്ടോട്ടി മുനിസിപ്പാലിറ്റിക്ക് പ്ലാന്‍ സമര്‍പ്പിച്ചിത് മുന്‍സിപ്പല്‍ സെക്രട്ടറി പരിഗണിക്കാതെ തിരിച്ചുനല്‍കുകയതോടെ പദ്ധതി മുടങ്ങി. കൊണ്ടോട്ടി സര്‍ക്കാര്‍ ആശുപത്രി നേരത്തെ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലായിരുന്നപ്പോഴാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഈ നിര്‍ദേശം സമര്‍പ്പിച്ചിരുന്നത്. പിന്നീട് കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിയുടെ മേല്‍നോട്ടത്തിലാവുകയായിരുന്നു. സാധാരണ കെട്ടിടനിര്‍മാണത്തിന് പ്ലാന്‍ സമര്‍പ്പിക്കും വിധമുളള അപേക്ഷ, ഫീസ്, കെട്ടി കരം രസീത്, ആധാരം എന്നിവ ഹാജറാക്കണമെന്നാണ് സി.എച്ച്.സി അധികൃതരോടാവശ്യപ്പെട്ടിരുന്നത്. നിബന്ധനകള്‍ പാലിച്ചതോടെയാണ് നിര്‍മാണത്തെ പ്രവര്‍ത്തികള്‍ക്ക് തുടക്കമായത്.കാന്‍സര്‍ രോഗികള്‍ വര്‍ധിച്ചുവരുന്ന മേഖലയില്‍ വിമാനത്താവളം ചെലവിട്ടു നിര്‍മിക്കുന്ന കാന്‍സര്‍ സെന്റര്‍ കൊണ്ടോട്ടിക്ക് മുതല്‍ കൂട്ടാവും.
ശിലാസ്ഥാപന ചടങ്ങില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ദക്ഷിണ മേഖല ജനറല്‍ മാനേജര്‍ (എന്‍ജീനിയറിങ് വിഭാഗം) കെ.കെ സിംഗ്, എന്‍.എച്ച്.എം ജില്ല പ്രൊജക്ട് മാനേജര്‍ ഡോ. ഷിബുലാല്‍, സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. സി. സുരേഷ് കുമാര്‍, ബി.എസ്.എന്‍.എല്‍ എക്‌സിക്യൂട്ടീവ് എന്‍ജീനിയര്‍ ടി. പവിത്രന്‍, സബ് ഡിവിഷന്‍ എന്‍ജീനിയര്‍ എന്‍. രജീന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.പി ദിനേശ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."