നോമ്പിന്റെ ലക്ഷ്യം മനുഷ്യന്റെ ആത്മീയവും ഭൗതികവുമായ സംസ്‌കരണം
റമദാന്‍ നോമ്പിന്റെ പ്രസക്തിയെക്കുറിച്ച് കുറിപ്പെഴുതുമ്പോള്‍ കൗമാരത്തില്‍ തന്നെ വ്രതാനുഷ്ടാനങ്ങള്‍ക്ക് ജീവിതത്തിലുളള പ്രാധാന്യം വലുതാണെന്ന് മാതാപിതാക്കള്‍ പകര്‍ന്ന് തന്ന പാഠം ഓര്‍ത്തുപോവുകയായിരുന്നു.
കോതമംഗലം എം.എ കോളജില്‍ രണ്ടാം വര്‍ഷം പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് അനുഷ്ഠിച്ച രവിവാരവ്രതത്തെകുറിച്ച് ഈ അവസരത്തില്‍ ഞാനോര്‍ക്കുന്നു.
പഠിത്തത്തില്‍ അലസത കണ്ടിട്ട് അച്ഛന്‍ ജോത്സ്യനെക്കൊണ്ട് ജാതകം പരിശോധിപ്പിച്ചപ്പോഴാണ് രവിവാരവ്രതം എടുക്കാന്‍ ജോ ത്സ്യന്‍ നിര്‍ദേശിച്ചത്.
ഈ സമയം മത്സ്യമാംസാദികള്‍ വര്‍ജിച്ചിരുന്നു. ഉണക്കലരിച്ചോറ് സ്വയം പാകം ചെയ്താണ് കഴിച്ചിരുന്നത്. അതും ഒരുനേരം മാത്രം. മറ്റ് രണ്ട് നേരങ്ങളില്‍ പഴവര്‍ഗങ്ങളോ, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ വേവിച്ചതോ ആകാം. കോളജ് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന 18 വയസുകാരന്‍ ഇതെല്ലാം എങ്ങിനെ അനുഷ്ഠിക്കും എന്നൊന്നും ജോത്സ്യര്‍ക്ക് ചിന്തിക്കേണ്ടതില്ലല്ലോ.
ഭൗതിക നേട്ടങ്ങള്‍ക്ക് വേണ്ടിയുളള ഒടുങ്ങാത്ത തൃഷ്ണയുമായി ഓടി തളരുന്ന മനുഷ്യന് അവന്റെ പാപക്കറകളെ കഴുകിക്കളയുവാനും അവനവനിലേക്ക് തന്നെ ദൃഷ്ടിപായിച്ച് സ്വയം വിമര്‍ശനപരമായി സ്വന്തം ജീവിതത്തെ വിലയിരുത്തുവാനും റമദാന്‍ മാസക്കാലത്തെ വ്രതാനുഷ്ടാനവും പ്രാര്‍ഥനകളും അവസരം നല്‍കുന്നു.
പ്രാര്‍ഥനക്കും വ്രതാനുഷ്ടാനങ്ങള്‍ക്കും തപസിനും എല്ലാം മനുഷ്യ ജീവിതത്തിലുളള പ്രാധാന്യത്തെ വിളിച്ചോതുന്ന ഒരു ചൈനീസ് പഴഞ്ചൊല്ല് ഇത്തരുണത്തില്‍ ഓര്‍മയില്‍ കരുതി വയ്ക്കാം. പ്രാര്‍ഥന ദൈവത്തിങ്കലേക്ക് നടന്നടുക്കുന്നു. വ്രതങ്ങള്‍ ദൈവത്തിങ്കലേക്ക് ഓടി അടുക്കുന്നു. തപസ് ദൈവത്തിങ്കലേക്ക് പറന്ന് അടുക്കുന്നു.
മനുഷ്യന്റെ ആത്മീയവും ഭൗതീകവുമായ സംസ്‌കരണമാണ് റംസാന്‍ ലക്ഷ്യമിടുന്നത്. ഒരുവന്റെ ആരോഗ്യ സംരക്ഷണത്തില്‍ വ്രതത്തിന് അനല്പമായ പങ്കാണുളളത്. ഭക്ഷണ നീയന്ത്രണം ഏറെ പ്രധാനമാണ്. ശരീരത്തിന്റെ പൂര്‍ണ്ണവിശ്രമത്തിന് വ്രതം പോലെ മറ്റൊരു ചികിത്സയുമില്ല.
നിങ്ങള്‍ വ്രതമനുഷ്ടിക്കുവിന്‍, ആരോഗ്യമുളളവരാകുവിന്‍ എന്ന തിരുനബിയുടെ വചനങ്ങള്‍ മനുഷ്യരാശിക്കുളള പാഠമാണ്. ആഹാരനീയന്ത്രണത്തോടൊപ്പം കാട്ടുകുരങ്ങിനെപ്പോലെ ചാപല്ല്യങ്ങളിലേക്ക് വഴുതുവാനുളള പ്രവണതകള്‍ക്ക് അടിമപ്പെടുന്ന മനസ്സിനെ നിയന്ത്രണത്തില്‍ നിര്‍ത്തുവാനുളള പരിശ്രമങ്ങള്‍ കൂടി ചേരുമ്പോള്‍ വിശുദ്ധീകരണത്തിന്റെ പാതയിലൂടെ ബഹുദൂരം മുന്നേറുവാന്‍ കഴിയുന്നു.
അവനവനോടുളള യുദ്ധങ്ങളില്‍ മനുഷ്യന്‍ നേടുന്ന വിജയങ്ങളുടെ ചരിത്രമാണ് മനുഷ്യസംസ്‌കാരത്തിന്റെ ചരിത്രം എന്ന് ഒരു ചിന്തകന്‍ പറഞ്ഞുവച്ച വചനം എത്രയോ പ്രസക്തം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."