സ്വാശ്രയ എന്‍ജിനിയറിങ് കോളജ് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; പരാതിയില്‍ നടപടി സ്വീകരിക്കുമെന്ന് ന്യൂനപക്ഷ കമ്മിഷന്‍
മലപ്പുറം: ഫീസ് മുഴുവന്‍ അടക്കാത്തതിനെ തുടര്‍ന്ന് പഠനം നിറുത്തിയ വിദ്യാര്‍ഥിക്ക് സര്‍ട്ടിഫിക്കറ്റ് തിരിച്ച് നല്‍കിയില്ലെന്ന പരാതി സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ ഹനീഫ പറഞ്ഞു. ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ നടന്ന സിറ്റിങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുക്കത്തെ ഒരു സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളജില്‍ പഠിച്ചിരുന്ന അബ്ദുല്‍ നാസര്‍ എന്ന വിദ്യാര്‍ഥിയാണ് കമ്മീഷനെ സമീപിച്ചത്. 2013-14 ല്‍ ടൂള്‍ ആന്‍ഡ് ഡൈ കോഴ്‌സിന് ചേര്‍ന്ന വിദ്യാര്‍ഥിക്ക് രണ്ടാം വര്‍ഷം അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. സര്‍ട്ടിഫിക്കറ്റിനായി കോളജ് അധികാരികളെ സമീപിച്ചപ്പോഴാണ് കോഴ്‌സ് ഫീ മുഴുവന്‍ അടച്ചാലെ സര്‍ട്ടിഫിക്കറ്റ് തിരിച്ച് നല്‍കൂ എന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഇതിനെതുടര്‍ന്നാണ് വിദ്യാര്‍ഥി കമ്മിഷനെ സമീപിച്ചത്. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. പരാതി ഉത്തരവിനായി മാറ്റിവെച്ചു.
കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് തിരൂര്‍ സ്വദേശിയായ യുവതിയുടെ പൊലിസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന പരാതിയില്‍ സ്ഥലം എസ്.ഐ നേരിട്ട് ഹാജരായി പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് തുടര്‍നടപടി അവസാനിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ ഹയര്‍ സെക്കന്‍ഡറി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിന്റെ തുല്യത സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വിശദീകരണം ചോദിച്ചിട്ടും നല്‍കാത്തതിനെ തുടര്‍ന്ന് കമ്മിഷന്‍ ആക്റ്റ് സെക്ഷന്‍ 12 പ്രകാരം നടപടി സ്വീകരിക്കുമെന്ന് കമ്മിഷന്‍ അറിയിച്ചു. ഫുള്‍ടൈം ജൂനിയര്‍ ലാംഗേജ് ടീച്ചര്‍ (അറബിക്) തസ്തികയില്‍ നിയമനം ലഭിച്ചിട്ടില്ലെന്ന പരാതിയില്‍ പി.എസ്.സി നിയമനം നല്‍കിയതിനെ തുടര്‍ന്ന് തുടര്‍നടപടി അവസാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."