സമ്പൂര്‍ണ മല്‍സ്യത്തൊഴിലാളി സര്‍വേ താളം തെറ്റി
പൊന്നാനി: മതിയായ സമയം ലഭിക്കാത്തതിനാല്‍ സമ്പൂര്‍ണ മല്‍സ്യത്തൊഴിലാളി സര്‍വേ പ്രഹസനമാകുന്നു. കേരളത്തിലെ തീരദേശ ജില്ലകളിലെ മല്‍സ്യത്തൊഴിലാളി കുടുംബങ്ങളുടെ സമ്പൂര്‍ണ സര്‍വേക്ക് ഒരാഴ്ച മാത്രമാണ് സമയം അനുവദിച്ചിട്ടുള്ളത്. ഈ കുറഞ്ഞ സമയം കൊണ്ട് സര്‍വേ പൂര്‍ത്തിയാക്കാനാവില്ലെന്നാണ് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പലയിടത്തും ജീവനക്കാരുടെ കുറവ് മൂലം സര്‍വേ പാതി വഴിയില്‍ മുടങ്ങിയ നിലയിലാണ്. കടല്‍ഭിത്തിക്ക് 50 മീറ്ററിനുള്ളിലായി നിലകൊള്ളുന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങളെ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചാണ് സര്‍വേ നടത്തുന്നത്. തീരദേശ നിയന്ത്രണ മേഖലയില്‍ ഉള്‍പ്പെടുന്ന ഭാഗങ്ങളിലാണ് സര്‍വേ പൂര്‍ത്തിയാക്കാനുള്ളത്. ഈ മാസം 22 നാണ് സര്‍വേയുമായി ബന്ധപ്പെട്ട നിര്‍ദേശം അതത് ഫിഷറീസ് ഓഫീസുകളില്‍ ലഭിച്ചത്. ഒരാഴ്ചക്കകം സര്‍വേ പൂര്‍ത്തിയാക്കാനാണ് ഉത്തരവില്‍ ഉണ്ടായിരുന്നത്. മല്‍സ്യത്തൊഴിലാളി കുടുംബങ്ങളില്‍ വീടില്ലാത്തവരുടെ എണ്ണം, കുടുംബാംഗങ്ങളുടെ പൂര്‍ണവിവരം, എന്നിവയെ സംബന്ധിച്ചുള്ള വിവരം ലഭിക്കാനാണ് സര്‍ക്കാരിന്റെ സര്‍വേ. കൂടാതെ 50 മീറ്റര്‍ പരിധിയിലുള്ള വീടുകള്‍ ഒഴിവാക്കി ഇവര്‍ക്ക് സൗകര്യപ്രദമായ മറ്റൊരിടത്ത് വീടുകള്‍ നല്‍കുന്നതിനും സര്‍വേ ഉപയോഗിക്കും. ജില്ലയില്‍ 26 മല്‍സ്യ ഗ്രാമങ്ങളാണുള്ളത് . ഇതിനാല്‍ മല്‍സ്യ ഭവനുകള്‍ക്ക് കീഴിലെ മിക്ക ഉദ്യോഗസ്ഥരും ഇപ്പോള്‍ സര്‍വേ തിരക്കിലാണ്.എന്നാല്‍ ഓഫീസ് പ്രവര്‍ത്തനങ്ങളും ഇതിനിടയില്‍ നടക്കേണ്ടതിനാല്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയാണ് .
കൂടാതെ ഓഫീസില്‍ മൂന്ന് ദിവസത്തിലധികം ഒരേ സമയം മുടങ്ങാന്‍ പാടില്ലെന്നതും ജീവനക്കാര്‍ക്ക് സര്‍വേ നടപടികള്‍ നിശ്ചിത സമയത്തിനകം തീര്‍ക്കാന്‍ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. സര്‍വേ സമയപരിധി നീട്ടി നല്‍കണമെന്നാണ് ബന്ധപ്പെട്ട ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."