വെട്ടത്തൂര്‍ തേലക്കാട്ട് വീണ്ടും അപകടം
വെട്ടത്തൂര്‍: കാര്യാവട്ടം അലനല്ലൂര്‍ പാതയില്‍ തേലക്കാട്ടു വീണ്ടും ബസപകടം. മേല്ക്കുളങ്ങരയിലേക്കു പോകുന്ന മിനിബസും പെരിന്തല്‍മണ്ണ ഭാഗത്തേക്കു പോകുന്ന കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്കു പരുക്കേറ്റു. വെട്ടത്തൂര്‍ നിരന്നപറമ്പില്‍ കണ്ണന്തൊടി മുഹമ്മദാലിയുടെ മകന് സംജിദിനാണു (18) പരുക്കേറ്റത്. ഇയാളെ നാട്ടുകാര്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തേലക്കാട് ചെമ്മാണിയോട് റോഡ് ജങ്ഷനിലെ ഇറക്കത്തില്‍ ഇന്നലെ രാവിലെ 8.50നാണ് അപകടമുണ്ടായത്. ബൈക്കിനെ മറികടന്നെത്തിയ കാര്‍ എതിരെ വന്ന ബസില്‍ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പാടെ തകര്‍ന്നു. പരുക്കേറ്റു കാറിനകത്തു കുടുങ്ങിയ ഡ്രൈവറെ നാട്ടുകാരാണു പുറത്തെടുത്ത് ആശുപത്രിയില്‍ കൊണ്ടുപോയത്. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പു തേലക്കാട് പൂവക്കുണ്ടിലുണ്ടായ ബസപകടത്തില്‍ 15 പേര് മരിച്ചിരുന്നു. ഇവിടുന്ന് അര കിലോമീറ്റര്‍ അകലെയാണ് ഇന്നലെ അപകടമുണ്ടായത്. അന്നും മേല്‍ക്കുളങ്ങരയിലേക്ക് പോകുന്ന മിനിബസാണ് അപകടം വരുത്തിയത്.
അതേസമയം അപകടത്തിനിടയാക്കിയ വാഹനങ്ങള്‍ വഴിമധ്യേ കുരുങ്ങിയതു മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കാനും കാരണമായി. പ്രശ്ന പരിഹാരത്തിനായി ബസുകള്‍ ഉള്‍പ്പെടെയുള്ള നിരവധി വാഹനങ്ങള്‍ ചെമ്മാണിയോട് പച്ചീരി വഴിയാണു കടത്തിവിട്ടത്. മേലാറ്റൂര്‍ എസ്.ഐ.രാജീവനും സംഘവും സ്ഥലം സന്ദര്‍ശിച്ചു. പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."