അടിസ്ഥാന സൗകര്യമില്ല; ആവശ്യത്തിന് ജീവനക്കാരുമില്ല രോഗികളെ കോഴിക്കോട്ടേക്ക് അയച്ച് മഞ്ചേരി മെഡിക്കല്‍ കോളജ്
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജില്‍ അടിസ്ഥാന സൗകര്യമില്ലാത്തതു കാരണം ചെറിയ രോഗവുമായി വരുന്നവരെപ്പോലും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്യുന്നു. ജില്ലയുടെ പലഭാഗങ്ങളില്‍ നിന്നും മെഡിക്കല്‍ കോളജിലെത്തുന്ന രോഗികളെ ഇത്തരത്തില്‍ റഫര്‍ ചെയ്യുന്നതു കാരണം അടിയന്തര ചികിത്സ ലഭ്യമാവേണ്ട പലരും ദുരിതമനുഭവിക്കുകയാണ് ഇത്തരത്തിലുള്ള രോഗികള്‍ മിക്കസമയങ്ങളിലും സ്വകാര്യ ആശുപത്രികളിലേക്കു ചികിത്സ തേടിപോവുകയാണ്.
സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍മാരുടെ കുറവ്, മറ്റു ജീവനക്കാരില്ലായ്മ, മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളുടെയും ആധുനിക സംവിധാനങ്ങളുടെയും പരിമിതികള്‍ തുടങ്ങിയകാരണങ്ങളാണു രോഗികളെ വളരെ വേഗം കൈയൊഴിയാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്. ജില്ലയിലെ മലയോര മേഖലകളില്‍ നിന്നും രോഗികള്‍ പലപ്പോഴും എത്തുന്നതു മഞ്ചേരി മെഡിക്കല്‍ കോളജിലാണ്. ഇവിടെയാവട്ടെ ജനറല്‍ ആശുപത്രിയായ സമയത്തെ സൗകര്യങ്ങള്‍ പോലും ഇപ്പോഴില്ല.
ആവശ്യത്തിനു നഴ്‌സുമാരില്ലാത്തതാണു മറ്റൊരു പ്രതിസന്ധി. കാലപ്പഴക്കം ചെന്ന സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും പിന്തുടുന്നത്. പി.എസ്.ഇ റാങ്ക്‌ലിസ്റ്റില്‍ നിലവിലുെണ്ടങ്കിലും നിയമനം നടക്കാതെപോവുന്നു. ഇത്തരത്തില്‍ ആവശ്യത്തിനു ഡോക്ടര്‍മാരും നഴ്‌സുമാരുമില്ലാതാവുന്നതോടെ രോഗികളെ റഫര്‍ചെയ്തു ഭാരം കുറക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുന്നു. രോഗിക്കു അടിയന്തിര വൈദ്യസഹായം ലഭിക്കേണ്ട സമയം ഇതോടെ മറ്റു ആശുപത്രികള്‍ തേടിപോവേണ്ടിവരുന്നത് ജീവനുപോലും ഭീഷണി സൃഷ്ടിക്കുകയാണ്. 15 ഓപ്പറേഷന്‍ ടേബിളുകളാണ് മെഡിക്കല്‍ കോളജിലുള്ളത്. ഓപ്പറേഷന്‍ തീയേറ്ററുകളില്‍ ഒരു ടേബളില്‍ രണ്ടു നഴ്‌സുമാര്‍ വേണമെന്നാണു ചട്ടമെങ്കിലും പലപ്പോഴും ഇതൊന്നും പാലിക്കപ്പെടുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."