മദ്‌റസ അധ്യാപകന്റെ വധം ഹര്‍ത്താലിനിടെ അക്രമം: നിരവധി പേര്‍ക്കെതിരേ കേസ്
കാസര്‍കോട്: പഴയ ചൂരിയിലെ മദ്‌റസ അധ്യാപകന്‍ മുഹമ്മദ് റിയാസ് മുസ്‌ലിയാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചു നടന്ന ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമ സംഭവങ്ങളില്‍ കാസര്‍കോട് പൊലിസ് ഒന്‍പതു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ നിരവധി പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമ സംഭവങ്ങളിലെ പ്രതികള്‍ക്കായി പൊലിസ് വ്യാപക റെയ്ഡ് നടത്തി.
ഏരിയാലില്‍ കെ.എസ്.ആര്‍.ടി.സി ബസിനു കല്ലെറിഞ്ഞുവെന്ന കണ്ടക്ടര്‍ സുഗുണന്റെ പരാതിയും ജയ്മാത സ്‌കൂളിനു കല്ലെറിഞ്ഞ പരാതിയുമടക്കമാണ് കാസര്‍കോട് പൊലിസ് ഒന്‍പതു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ പൊലിസ് സ്റ്റേഷനുകളിലും ഏതാനും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊലിസിനെ അക്രമിച്ച സംഭവത്തില്‍ വിവിധ പൊലിസ് സ്റ്റേഷനുകളിലായി 130 ഓളം പേര്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്. മറ്റു കേസുകളിലെല്ലാം കണ്ടാലറിയാവുന്ന ആള്‍ക്കൂട്ടത്തിനെതിരേയാണു കേസ്. പ്രാഥമിക കണക്കെടുപ്പ് പ്രകാരം 250 ഓളം പേര്‍ കേസില്‍ പ്രതികളായിട്ടുണ്ട്.
ചൊവ്വാഴ്ച ഹര്‍ത്താല്‍ ദിനത്തില്‍ വിവിധ പൊലിസ് സ്റ്റേഷന്‍ പരിധികളിയായി 250 ഓളം ബൈക്കുകള്‍ തകര്‍ക്കപ്പെട്ടതായും 25 ഓളം മറ്റു വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടതായുമാണ് കണക്ക്. നിരവധി വീടുകള്‍ക്കു നേരെയും അക്രമമുണ്ടായി. നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. നിരവധി വ്യാപാര സ്ഥാപനങ്ങളും അക്രമിക്കപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ കുമ്പളയില്‍ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചതുമാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അക്രമ സംഭവം. ബള്ളൂരിലെ അബ്ദുല്‍ ഖാദറിന്റെ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട ബൈക്കാണ് കത്തിച്ചത്. കുമ്പള പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."