ഇമാം തിര്‍മിദി: ഹദീസ് വിജ്ഞാനത്തിലെ വസന്തം
'നിനക്ക് ലജ്ജയില്ലേ,'
താന്‍ പഠിപ്പിച്ച ഹദീസുകള്‍ എഴുതിയെടുത്ത കടലാസുമായി മറ്റുവിദ്യാര്‍ഥികളെല്ലാം എത്തിയപ്പോള്‍ ഒന്നുമെഴുതാത്ത രണ്ട് വാള്യങ്ങളുമായി മുന്‍പില്‍ ഇരുന്ന വിദ്യാര്‍ഥിയോട് ഗുരു ചോദിച്ചു. അദ്ദേഹത്തില്‍ നിന്നും പഠിച്ച ഹദീസുകള്‍ പാരായണം ചെയ്ത് കൊടുക്കാന്‍ സമ്മതം വാങ്ങി എത്തിയതാണാ വിദ്യാര്‍ഥി.
വിദ്യാര്‍ഥി നിസ്സങ്കോചം കാര്യം പറഞ്ഞു:'അവയൊക്കെ എനിക്കറിയാവുന്നതാണ്, പുതിയ വല്ലതുമുണ്ടെങ്കില്‍ പഠിക്കാനാണ് ഞാന്‍ ഈ പേപ്പറുമായി അങ്ങയുടെ അരികില്‍ ഇരിക്കുന്നത്.'
'എങ്കില്‍ അവയൊക്കെ ചൊല്ലുക.'
ഗുരുവിനെ അത്ഭുതപ്പെടുത്തി മിടുക്കനായ വിദ്യാര്‍ഥി ഒന്നൊഴിയാതെ ചൊല്ലിക്കൊടുത്തു.
വിശ്വാസം വരാതെ ഗുരു ചോദിച്ചു; 'നീ ഇവിടെ എത്തും മുന്‍പുതന്നെ ഇവയൊക്കെ പഠിച്ചോ?'
വിദ്യാര്‍ഥി: 'എനിക്ക് മറ്റുഹദീസുകള്‍ പഠിപ്പിച്ചു തരൂ...'
40 ഹദീസുകള്‍ അവയുടെ റിപ്പോര്‍ട്ടര്‍മാര്‍ സഹിതം ഒറ്റയടിക്ക് ഗുരു പഠിപ്പിച്ചു. ശേഷം പറഞ്ഞു; അവ എനിക്ക് പറഞ്ഞു തരൂ.. വിദ്യാര്‍ഥി ഒന്നൊഴിയാതെ എല്ലാം പറഞ്ഞുകൊടുത്തു.
ആശ്ചര്യത്തോടെ ഗുരു പറഞ്ഞു: മുഹമ്മദേ, നിന്നെപോലെ ഒരു വിദ്യാര്‍ഥിയെ എനിക്ക് കിട്ടിയിട്ടില്ല, താങ്കളുടെ ഓര്‍മശക്തി അപാരം തന്നെ.
ഇമാം തിര്‍മിദി (റ) എന്ന പേരില്‍ വിശ്രുതനായ അബൂ ഈസാ മുഹമ്മദുബ്‌നു ഈസബ്‌നു സൗറ എന്ന വിഖ്യാത ഹദീസ് പണ്ഡിതനാണ് ആ വിദ്യാര്‍ഥി. ഹിജ്‌റ 209 ല്‍ ഉത്തരഇറാനിലെ ജൈഹൂന്‍ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന തിര്‍മിദ് എന്ന പുരാതന തീരപ്രദേശ പട്ടണത്തില്‍ ജനിച്ചു.
ഹദീസിനോട് വലിയ താല്‍പര്യം കാണിച്ച അദ്ദേഹം 12ാം വയസ്സ് മുതല്‍ തന്നെ പണ്ഡിതന്മാരെ തേടിയുള്ള പ്രയാണം തുടങ്ങി. ഇമാം ബുഖാരി, മുസ്‌ലിം, ആലിബ്‌നു ഹുജുര്‍, ഖുതൈബ ബിന്‍ സഈദ്, മുഹമ്മദുബ്‌നു ബശ്ശാര്‍, അബൂദാവൂദ് , ഇസ്ഹാഖ് ബിന്‍ റാഹവൈഹി, മുഹമ്മദ് ബിന്‍ അംറ് അല്‍ ബല്‍ഖി, മഹ്്മൂദ് ബിന്‍ ഗൈലാന്‍, ഇസ്മാഈല്‍ ബിന്‍ മൂസാ അല്‍ ഫസാരി തുടങ്ങിയ പ്രമുഖരായിരുന്നു ഗുരുക്കന്മാര്‍.
ഇമാം ബുഖാരി (റ) അദ്ദേഹത്തില്‍നിന്ന് രണ്ട് ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രസിദ്ധരായ ഒട്ടേറെ ശിഷ്യഗണങ്ങളുടെ പരമ്പരതന്നെ തിര്‍മിദിക്കുണ്ടായിരുന്നു. അബൂബക്്ര്‍ അഹ്്മദ് ബിന്‍ ഇസ്മാഈല്‍ സമര്‍ഖന്ദി, അബൂഹാമിദ് അഹ്്മദ് ബിന്‍ അബ്ദില്ല മര്‍വസി, അഹ്്മദ് ബിന്‍ യൂസുഫ് നസഫി, ഹൈസം ബിന്‍ കുലൈബ് അശ്ശാശി തുടങ്ങിയവര്‍ അവരില്‍ ചിലരാണ്.
തഫ്‌സീര്‍, ഫിഖ്ഹ് വിഷയങ്ങളില്‍ അദ്ദേഹത്തിന് നല്ല അവഗാഹമുണ്ടായിരുന്നു. അയ്യായിരത്തിലധികം ഹദീസുകളുള്‍ക്കൊള്ളുന്ന സുനനാണ് ഇമാം തിര്‍മിദിയുടെ പ്രധാന ഗ്രന്ഥം. ആയിരത്തിലധികം മഹാപണ്ഡിതരില്‍ നിന്നു ശേഖരിച്ച ഹദീസുകളില്‍ നിന്നു തെരഞ്ഞെടുത്തവയാണിതിലുള്ളത്. ഹദീസ് ഗ്രന്ഥങ്ങളില്‍ നാലാം സ്ഥാനത്താണ് സുനനുത്തിര്‍മിദി പരിഗണിക്കുന്നത്. ഇമാം ഇബ്‌നുല്‍ അസീര്‍(റ) പറയുന്നു:'അതിവിശിഷ്ട്മായ ഗ്രന്ഥമാണ് ജാമിഉത്തിര്‍മിദി. ലളിത സുന്ദരമായ ശൈലി. ആവര്‍ത്തനം അധികമില്ല. മറ്റു ഗ്രന്ഥങ്ങളെ അപേക്ഷിച്ചു കൂടുതല്‍ ജ്ഞാനമുള്‍ക്കൊള്ളുന്നു. കര്‍മ്മശാസ്ത്രപരമായ വിവരണങ്ങള്‍ തുടങ്ങിയവ ഈ ഗ്രന്ഥത്തിന്റെ സവിശേഷതയാണ്.' (ജാമിഉല്‍ ഉസൂല്‍)
ആവര്‍ത്തന വിരസതയില്ലാതെ മുന്‍ഗാമികളുടെ അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ക്രോഡീകരണമാണ് ജാമിഉത്തിര്‍മിദിയുടേത്. കര്‍മശാസ്ത്ര പണ്ഡിതന്മാരെക്കുറിച്ചും അവരുടെ വീക്ഷണങ്ങളെക്കുറിച്ചും അവര്‍ നിരത്തുന്ന തെളിവുകളെക്കുറിച്ചും വിവരണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇതിന്റെ രചന. ഇന്ന് നിലവിലില്ലാത്ത ഇമാം ഔസാഈ, സൗരി, ഇസ്ഹാഖ് തുടങ്ങിയവരുടെ മദ്ഹബുകളുടെ കുറിച്ച് അറിയാനുള്ള അവലംബമായി സുനനുത്തിര്‍മിദിയെ ആണ് ഇന്ന് പ്രധാനമായും ആശ്രയിക്കുന്നത്. ഹദീസ് റിപ്പോര്‍ട്ടര്‍മാരുടെ പേരുകള്‍, സ്ഥാനപ്പേരുകള്‍, ഓമനപ്പേരുകള്‍ എന്നിവ സംബന്ധിച്ച പ്രത്യേക നിരൂപണങ്ങള്‍ ഉള്‍പ്പെടുത്തിയത് ഹദീസ് പഠനത്തിന് കൂടുതല്‍ ഉപകാരപ്പെടുന്ന വിധത്തിലാണ്. ഹദീസുകളില്‍ 'ഹസന്‍' എന്ന ഒരിനത്തിന്റെ ഉപജ്ഞാതാവ് തിര്‍മിദിയാണെന്ന് ഇബ്‌നുസ്സ്വലാഹ് അഭിപ്രായപ്പെട്ടിട്ടുണ്ട്. എല്ലാവിഭാഗം ജനങ്ങള്‍ക്കും പ്രയോജനപ്പെടുക തിര്‍മിദിയുടെ സമാഹാരമാണ് എന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാരുണ്ട്. സ്വഹീഹു ബുഖാരിയും സ്വഹീഹു മുസ്‌ലിമും അഗാധ പാണ്ഡിത്യമുള്ളവര്‍ക്കു മാത്രമേ പ്രയോജനപ്പെടൂ എന്നാണവര്‍ വിശദീകരിച്ചത്.
ഉമറുബ്‌നു അലക് (റ) വില്‍ നിന്ന് ഇമാം ഹാകിം ഉദ്ധരിക്കുന്നു:'ഇമാം ബുഖാരി വഫാതായപ്പോള്‍, സുക്ഷ്മതയിലും അറിവിലും അദ്ദേഹത്തെ പ്രധിനിധാനം ചെയ്യാന്‍ ഖുറാസാനില്‍ അര്‍ഹതയുള്ള ഏക വ്യക്തി ഇമാം തിര്‍മിദി മാത്രമായിരുന്നു.'(തഹ്ദീബുത്തഹ്ദീബ് 9:287)
ജീവിതത്തിന്റെ അവസാന കാലത്ത് അദ്ദേഹത്തിന് അന്ധത ബാധിച്ചു. എങ്കിലും അദ്ദേഹത്തിന്റെ ഓര്‍മ ശക്തി അപ്പോഴും ശക്തമായിരുന്നു. ഇത് വെളിപ്പെടുത്തുന്ന ഒരു സംഭവം ചരിത്രത്തില്‍ കാണാം. അതിങ്ങനെ: 'ഹജ്ജ് നിര്‍വഹിക്കുന്നതിനായി അദ്ദേഹം മക്കയിലേക്ക് പുറപ്പെട്ടു. ഏതാനും കൂട്ടുകാരും ഒപ്പമുണ്ട്. നടക്കുന്നതിനിടയില്‍ ഒരു സ്ഥലമെത്തിയപ്പോള്‍ അദ്ദേഹം കുനിയുന്നത് ശ്രദ്ധയില്‍പെട്ട കൂട്ടുകാര്‍ കാര്യമന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: ഇവിടെ ഒരു വൃക്ഷം ഉണ്ടായിരുന്നു. അതിന്റെ കൊമ്പുകള്‍ വഴിയിലേക്ക് ചാഞ്ഞ് കിടക്കുന്നതിനാല്‍ കുനിഞ്ഞല്ലാതെ ഇതിലെ നടക്കുക സാധ്യമായിരുന്നില്ല'. കൂട്ടുകാര്‍ പറഞ്ഞു: ഇവിടെ മരമില്ലല്ലോ? എനിക്ക് കാഴ്ച ശക്തി ഉണ്ടായിരുന്ന കാലത്ത് ഇവിടെ മരമുണ്ടായിരുന്നുവെന്ന കാര്യം ഉറപ്പാണ്. അതിനാല്‍ അതിനെ കുറിച്ച് അന്വേഷിക്കണമെന്നായി ഇമാം. കൂട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ അവിടെ മരമുണ്ടായിരുന്നതായും വഴിയാത്രക്കാര്‍ക്ക് ശല്യമായതിനാല്‍ മുറിച്ച് മാറ്റിയതായും ബോധ്യപ്പെട്ടു.(കശ്ഫുള്ളുനൂന്‍ 1:559)
ശമാഇലുത്തുര്‍മുദി, അസ്മാഉ സ്വഹാബ, കിതാബുന്‍ ഫില്‍ ജര്‍ഹി വത്തഅ്ദീല്‍, കിതാബുന്‍ ഫി താരീഖ് എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് സുപ്രധാന ഗ്രന്ഥങ്ങള്‍. ഹിജ്‌റ 279 റജബ് മാസം തുര്‍മുദിനടുത്ത ബൂഗ് എന്ന സ്ഥലത്ത്മരണപ്പെട്ടു. 70 വയസ്സുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."