കാടുകയറിക്കിടന്ന കിണറിനു കൂട്ടായ്മയിലൂടെ പുതുജീവന്‍
തളിപ്പറമ്പ്: അറുപതു വര്‍ഷത്തോളം പഴക്കമുള്ള കിണറും പമ്പ്ഹൗസും വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ ശുചീകരിച്ചു. ലോക ജലദിനത്തോടനുബന്ധിച്ച് എല്ലാ ജില്ലകളിലും ഒരു ജലസ്രോതസെങ്കിലും വീണ്ടെടുക്കണമെന്ന കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂനിയന്‍(സി.ഐ.ടി.യു) നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തകര്‍ തളിപ്പറമ്പിലെ കാടുകയറിക്കിടന്ന കിണറും പമ്പ്ഹൗസും ശുചീകരിച്ചത്. ഇതിന്റെ സംരക്ഷണ ചുമതല തളിപ്പറമ്പ് നഗരസഭയെ ഏല്‍പ്പിക്കും.
മൂന്ന് വര്‍ഷം മുമ്പ് ജപ്പാന്‍ കുടിവെള്ള പദ്ധതി ആരംഭിച്ചതോടെയാണ് തളിപ്പറമ്പ് നഗരത്തില്‍ ശുദ്ധജലം നല്‍കിയ ഈ ജലവിതരണ പദ്ധതിയുടെ പ്രവര്‍ത്തനം വാട്ടര്‍ അതോറിറ്റി നിര്‍ത്തലാക്കിയത്. കാടുകയറിക്കിടന്ന കിണറിനെക്കുറിച്ച് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കലക്ടര്‍ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് കിണറിന്റെ കാര്യം ശ്രദ്ധയില്‍പെടുത്തിയിരുന്നു. കിണര്‍ വെള്ളം പരിശോധിച്ച് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ റവന്യു കുടിവെള്ള വിതരണത്തിന് ഉപയോഗപ്പെടുത്താന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം വെള്ളം പരിശോധിച്ച വാട്ടര്‍ അതോറിറ്റി അധികൃതര്‍ നല്ലതാണെന്നു സാക്ഷ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ശുചീകരണം നടത്താന്‍ തീരുമാനിച്ചത്. അള്ളാംകുളം മഹമ്മൂദ് ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. എം. ശ്രീധരന്‍ അധ്യക്ഷനായി. കെ. മുരളീധരന്‍, കെ. ഗോപാലന്‍, രമേശന്‍ കൊയിലോടന്‍ സംസാരിച്ചു. പി. സുരേന്ദ്രന്‍, കെ.കെ സുരേഷ്, എം.കെ വിനോദ്കുമാര്‍, എം. തമ്പാന്‍, എം.വി സുരേഷ്, പി.പി പവിത്രന്‍, പി.പി രമേശന്‍, ഇ. മോഹനന്‍, എം. സജിനേഷ്, കെ. മഹേഷ്ബാബു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."