മരണത്തിലും ഒരുമിച്ച് സഹപാഠികള്‍
തലശ്ശേരി: വടകരക്കടുത്ത കൈനാട്ടിയില്‍ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തില്‍ പുന്നോല്‍ സ്വദേശികളായ നാലുപേരുടെ മരണത്തോടെ നഷ്ടപ്പെട്ടത് നാല് കുടുംബത്തിന്റെ പ്രതീക്ഷകള്‍. കണ്ടെയ്‌നര്‍ ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. പെരുന്നാളിന് വസ്ത്രമെടുക്കാന്‍ കോഴിക്കോട് പോയി തിരിച്ച് വരികയായിരുന്ന യുവാക്കളാണ് മരണപ്പെട്ടത.്
ഇതില്‍ പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. പുന്നോല്‍ കുറിച്ചിയിലെ മഷ്‌ക്കൂറില്‍ ഇസ്മാഈലിന്റെയും ഫൈറോസിന്റെയും മകന്‍ അനസ്(19), കുറിച്ചിയിലെ റൂഫിയ മന്‍സിലില്‍ നൗഷാദ്-റുഖിയ ദമ്പതികളുടെ മകന്‍ നിഹാല്‍(18), കുറിച്ചിയില്‍ പറയങ്ങാട്ട് വീട്ടില്‍ ഹാരിസിന്റെയും താഹിറയുടെും മകന്‍ സഹീര്‍ (18), പുന്നോലിലെ ഇസ്മാഈല്‍- സെലീന് നമ്പതികളുടെ മകന്‍ സുലൈഖ മഹലില്‍ സല്‍ഹത്ത്(20) എന്നിവരാണ് മരണപ്പെട്ടത്. എല്ലാവരും പുന്നോലില്‍ 200 മീറ്ററിനുള്ളില്‍ താമസക്കാരാണ്. ഒരേ ക്ലാസില്‍ തന്നെ പഠിച്ചവരാണ്.
മൂന്നു പേരുടെ മയ്യിത്ത് വടകര ഗവ. ആശുപത്രിയിലും കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ച സെല്‍ഹത്തിന്റെ മയ്യിത്ത് കോഴിക്കോട് മെഡിക്കല്‍ കോളജിലും പോസ്റ്റ്‌മോര്‍ട്ടം നടത്തും. മൂന്നുപേര്‍ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. പരിശുദ്ധ റമദാന്‍ മാസത്തില്‍ നടന്ന അപകടം പുന്നോല്‍ പ്രദേശത്തെയാകെ ദുഖത്തിലാഴ്ത്തി. സംഭവം അറിഞ്ഞയുടനെ പുന്നോല്‍ നിവാസികളായ പലരും വടകരക്ക് തിരിക്കുകയായിരുന്നു. സംഭവം നടന്നപ്പോള്‍ പരുക്കെന്ന് മാത്രമേ എല്ലാവരും അറിഞ്ഞുള്ളൂ. എന്നാല്‍ പിന്നീട് മൂന്നുപേര്‍ അപകടത്തില്‍ മരിച്ചെന്ന വാര്‍ത്ത വന്നു.
ഒടുവില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഗുരുതരമായി പരുക്കേറ്റ സല്‍ഹത്തും മരണപ്പെടുകയായിരുന്നു. മരിച്ച നാലുപേരുടെയും മയ്യിത്ത് പുന്നോലില്‍ പൊതുദര്‍ശനത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് പുന്നോല്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."