ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ പിണറായി ഇടപെടുന്നില്ല: ഷാഫി പറമ്പില്‍
കണ്ണൂര്‍: മുഖ്യമന്ത്രിക്ക് ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കഴിയുന്നില്ലെന്നും ആകെ ചെയ്യുന്ന ജോലി പൊലിസുകാരെ സസ്‌പെന്‍ഡ് ചെയ്യുക മാത്രമാണെന്നും യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഷാഫി പറമ്പില്‍ എം.എല്‍.എ. യൂത്ത് കോണ്‍ഗ്രസ്സ് കണ്ണൂര്‍ ലോകസഭാ മണ്ഡലം കമ്മിറ്റി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയത്തില്‍ പ്രതിഷേധിച്ചു പൊറുതി മുട്ടിയവരുടെ പോരാട്ടം എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിണറായിയുടെ ഭരണത്തില്‍ മൂന്നു വയസുള്ള കൊച്ചു പെണ്‍കുട്ടി മുതല്‍ 70 വയസുള്ള വയോധിക വരെ പീഡിപ്പിക്കപ്പെടുന്നു. ജനങ്ങളോടുള്ള ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞുമാറുന്ന സര്‍ക്കാരാണ് പിണറായിയുടേത്.
നിയമസഭയില്‍ പ്രതിഷേധിക്കുന്നവരോട് പോയി പണി നോക്കാന്‍ പറയുന്ന ഗുണ്ടാ നേതാവായി അദ്ദേഹം അധ:പതിച്ചു. കൊലപാതക രാഷ്ട്രീയത്തിന്റെ കളിക്കളമായി സംസ്ഥാനം മാറി. മത പണ്ഡിതന്‍മാര്‍ പോലും ദാരുണമായി കൊല ചെയ്യപ്പെടുകയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ലോക്‌സഭ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി കണ്ടത്തില്‍, ജൂബിലി ചാക്കോ, ഒ.കെ പ്രസാദ് സംസാരിച്ചു. വി.വി പുരുഷോത്തമന്‍, കെ.സി മുഹമ്മദ് ഫൈസല്‍, സുധീപ് ജയിംസ്, ഷറഫുദ്ദീന്‍, മഹറൂഫ്, കമല്‍ജിത്ത്, കെ ബിനോജ്, ആര്‍.പി ഷഫീഖ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."