ക്രിക്കറ്റില്‍ പുതുചരിത്രം കുറിച്ച് മിന്നുമണിയും ദൃശ്യയും
കല്‍പ്പറ്റ: കേരള ക്രിക്കറ്റില്‍ പുതുചരിത്രം കുറിച്ച് വയനാടിന്റെ രണ്ട് വനിതാ താരങ്ങള്‍. സംസ്ഥാന ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി എ ഡിവിഷന്‍ ലീഗില്‍ പുരുഷന്‍മാര്‍ക്കൊപ്പം കളത്തിലിറങ്ങിയാണ് ഇവര്‍ ചരിത്രത്തില്‍ ഇടംനേടിയത്.
കേരള ക്രിക്കറ്റിന് ആദ്യമായി ഒരു ദേശീയ കിരീടം സമ്മാനിച്ച അണ്ടര്‍-23 വനിതാ ക്രിക്കറ്റ് ടീമിലെ അംഗങ്ങളായ മിന്നു മണിയും ഐ.വി ദൃശ്യയുമാണ് ചരിത്രം തിരുത്തി പുരുഷന്‍മാര്‍ക്കൊപ്പം കളത്തിലിറങ്ങിയത്. വയനാട് എ ഡിവിഷന്‍ ലീഗിലെ മുടിചൂടാ മന്നന്‍മാരായ വയനാട് എക്‌സിക്യൂട്ടീവ്‌സിനായാണ് ഇരുവരും കളത്തിലിറങ്ങിയത്. കളത്തിലിറങ്ങിയ ഇരുവരുടെയും മികവില്‍ ലീഗിന്റെ അവസാന നാലിലേക്ക് ഗ്രൂപ്പ് ചാംപ്യന്‍മാരായി തന്നെ എക്‌സിക്യൂട്ടീവ്‌സ് കടന്നു. തന്റെ ഇഷ്ട പൊസിഷനായ വണ്‍ഡൗണില്‍ തന്നെ ബാറ്റ് ചെയ്ത ദൃശ്യ 14 റണ്ണാണ് നേടിയത്. നാല് ഓവറുകള്‍ പന്തെറിഞ്ഞ മിന്നുമണിക്ക് വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും 17 റണ്‍ മാത്രമാണ് വഴങ്ങിയത്. എതിര്‍ ടീമിലെ ഒരാള്‍ ദൃശ്യയുടെ ഫീല്‍ഡിങ് മികവില്‍ റണ്ണൗട്ടായി കൂടാരം കയറിയപ്പോള്‍ മറ്റൊരാളെ പിടിച്ച് പുറത്താക്കി മിന്നുമണിയും ഗ്രൗണ്ടില്‍ തിളങ്ങി. മികച്ച പിന്തുണയാണ് സഹ കളിക്കാരില്‍ നിന്നും ടീം മാനേജ്‌മെന്റില്‍ നിന്നും തങ്ങള്‍ക്ക് ലഭിച്ചതെന്ന് മിന്നുമണിയും ദൃശ്യയും സുപ്രഭാതത്തോട് പറഞ്ഞു.
ആര്‍ക്കെതിരെയും മത്സരിക്കാന്‍ തങ്ങള്‍ക്കാവുമെന്ന് തെളിയിക്കാനും സാധിച്ചുവെന്നും ഇത് തങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ മുതല്‍ക്കൂട്ടാവുമെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അണ്ടര്‍-23 വനിതാ ക്യാപ്റ്റന്‍ സജന സജീവന്‍ ടീമംഗങ്ങളായ മിന്നുമണി, ഐ.വി ദൃശ്യ എന്നിവരെ ടീമിലുള്‍പ്പെടുത്തിയതെന്ന് എക്‌സിക്യൂട്ടീവ് ക്രിക്കറ്റ് ക്ലബ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ മുട്ടിന് പരുക്കേറ്റതിനാല്‍ സജനക്ക് മത്സരത്തില്‍ കളിക്കാന്‍ സാധിച്ചില്ല.
എങ്കിലും മറ്റ് രണ്ടുപേരും മികച്ച രീതിയില്‍ തന്നെ ടീമിനെ ഗ്രൂപ്പ് ചാംപ്യന്‍മാരാക്കുന്നതില്‍ പങ്കാളികളായി. സംസ്ഥാനത്തിന് അഭിമാന നേട്ടം കൈവരിച്ച കുട്ടികളുടെ പോരാട്ട മികവിന് പ്രചോദനം നല്‍കുകയെന്ന ലക്ഷ്യത്തിലാണ് വനിതകളെ ടീമിലുള്‍പ്പെടുത്തിയതെന്ന് എക്‌സിക്യൂട്ടീവ് ക്ലബിന്റെ ഉടമ എ.ടി സജീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."