കര്‍ളാട് ടൂറിസം കേന്ദ്രം വീണ്ടും നാശത്തിലേക്ക്
പടിഞ്ഞാറത്തറ: ദീര്‍ഘകാലത്തെ കാത്തിരിപ്പിന് ശേഷം ലാഭകരമായി പ്രവര്‍ത്തനം ആരംഭിച്ച കര്‍ളാട് ടൂറിസം കേന്ദ്രം വീണ്ടും നാശത്തിന്റെ വക്കിലേക്ക്.
ടൂറിസം കേന്ദ്രത്തില്‍ നിര്‍മിതി കേന്ദ്ര ഏറ്റെടുത്ത പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാത്തതും അഡ്വഞ്ചര്‍ ടൂറിസം നിര്‍ത്തലാക്കിയതുമാണ് വരുമാനക്കുറവിനിടയാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 65 ലക്ഷം രൂപയുടെ വരുമാനക്കുറവാണ് അനുഭവപ്പെട്ടത്. 2016-2017 ല്‍ 1.67കോടി രൂപ വരുമാനം ലഭിച്ച കേന്ദ്രത്തില്‍ 2017-2018 ല്‍ 1.02 കോടി രൂപ മാത്രമാണ് ലഭിച്ചത്. കേന്ദ്രത്തിലെത്തി 30 രൂപ എന്‍ട്രന്‍സ് ടിക്കറ്റെടുത്ത് കയറുന്നവര്‍ക്കായി വേണ്ടത്ര കാഴ്ചയൊരുക്കാന്‍ ഡി.ടിപി.സിക്ക് കഴിയാത്തതാണ് സഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് വരാന്‍ കാരണമായത്. കേന്ദ്രത്തിലെ അഡ്വഞ്ചര്‍ ടൂറിസം ഇനങ്ങള്‍ പൂര്‍ണമായും നിലച്ചിരിക്കുകയാണ്.
സ്വകാര്യ വ്യക്തിയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 2017 ജൂണില്‍ നിര്‍ത്തിയ റോപ്പ് വേ ഇനിയും പുനഃരാരംഭിച്ചിട്ടില്ല. സ്വകര്യ വ്യക്തിയുടെ സ്ഥലത്തുണ്ടായിരുന്ന റോപ്പ് വേ ലാന്‍ഡിങ് സംവിധാനത്തിന് പകരം മറ്റൊന്ന് നിര്‍മിക്കാന്‍ നിര്‍മിതി കേന്ദ്രയെ ഏല്‍പ്പിച്ചെങ്കിലും പണിപൂര്‍ത്തിയാക്കുകയോ റോപ്പ്‌വേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുകയോ ചെയ്തിട്ടില്ല. ഉപകരണങ്ങള്‍ നശിച്ചതോടെ കയാക്കിങും ആര്‍ച്ചറിയും റോപ്പ് ക്ലൈംബിങും നിര്‍ത്തലാക്കി. നിര്‍മിതി കേന്ദ്ര ഏറ്റെടുത്ത കുട്ടികളുടെ പാര്‍ക്കിന്റെയും ടോയ്‌ലെറ്റുകളുടെയും പ്രവൃത്തികളും എങ്ങുമെത്തിയിട്ടില്ല. കുട്ടികളുടെ പാര്‍ക്ക് തികച്ചും അനുയോജ്യമല്ലാത്ത സ്ഥലത്താണ് സ്ഥാപിച്ചതെന്നും പരാതിയുണ്ട്. അപകടഭീഷണിയുള്ള മരങ്ങള്‍ക്ക് ചുവട്ടിലായിട്ടാണ് പാര്‍ക്കിനായുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്.
കേന്ദ്രത്തില്‍ ആകെയുള്ളത് നാല് ബോട്ടുകള്‍ മാത്രമാണ്. മതിയായ സൗകര്യങ്ങളും റൈഡുകളും ഇല്ലാത്തതിനാല്‍ ടിക്കറ്റെടുത്ത് പ്രവേശിക്കുന്നവര്‍ ജീവനക്കാരുമായി വഴക്കിടുന്നതും നിത്യസംഭവമാണ്. അവധിക്കാലം കഴിയുന്നതോടെ കര്‍ളാടിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് പൂര്‍ണമായും നിലക്കുമെന്ന സ്ഥിതിയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."