പഴശ്ശി പാര്‍ക്കില്‍ വിലക്ക്
കല്‍പ്പറ്റ: കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ നിപ്പാ വൈറസ് ബാധയില്‍ മരണം സ്ഥിരീകരിച്ചതോടെ തൊട്ടടുത്ത ജില്ലയായ വയനാട്ടിലും ആരോഗ്യവകുപ്പ് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
സ്ഥിതിഗതികള്‍ വിലയിരുത്താനായി ജില്ലാ കലക്ട്ര്‍ എസ് സുഹാസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ അടിയന്തരയോഗം ചേര്‍ന്നു. രോഗബാധ സാഹചര്യങ്ങള്‍ നേരിടാന്‍ ജില്ലയില്‍ പ്രത്യേകം ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. നിപ്പാ വൈറസിന്റെ പ്രധാന വാഹകര്‍ വവ്വാലുകളായതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണം. മാങ്ങയടക്കമുള്ള ഫല വര്‍ഗ സീസണായതിനാല്‍ കുട്ടികളടക്കമുള്ളവര്‍ പക്ഷികളും മറ്റും ഭക്ഷിച്ച പഴങ്ങളുടെ ബാക്കി കഴിക്കുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കണം. വവ്വാലുകള്‍ കൂട്ടത്തോടെ വസിക്കുന്ന മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ സന്ദര്‍ശകര്‍ പ്രവേശിക്കുന്നത് താല്‍ക്കാലികമായി വിലക്കാനും ജില്ലാ കലക്ടടര്‍ നിര്‍ദേശം നല്‍കി. ജില്ലയിലെ സ്വകാര്യ ആശുപത്രികളുള്‍പ്പെടെ എല്ലാ പ്രധാന ആശുപത്രികളിലും അടിയന്തര സാഹചര്യം നേരിടുന്നതിന് ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കും. വവ്വാലുകള്‍ കൂടുതലായി കണ്ടുവരുന്ന മാനന്തവാടി, പുല്‍പ്പള്ളി പ്രദേശങ്ങളിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
രോഗലക്ഷണം
സാധാരണ വൈറല്‍പനിയുടെ ലക്ഷണമാണ് തുടക്കത്തില്‍ കാണുക. പനിയോടൊപ്പം ശക്തമായ തലവേദന, ഛര്‍ദ്ദി,ക്ഷീണം, തളര്‍ച്ച, ബോധക്ഷയം,കാഴ്ച്ചമങ്ങല്‍ എന്നീ രോഗലക്ഷണമുളളവര്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടത്താണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വൈറസ് ബാധയേറ്റ അഞ്ചുമുതല്‍ 15 വരെ ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണം കണ്ടുതുടങ്ങുക. നിപ്പാ മരണ നിരക്ക് എഴുപത്തിയഞ്ച് ശതമാനത്തോളമാണ്.
രോഗം പകരുന്ന വഴി
വവ്വാലുകള്‍, പന്നികള്‍, രോഗബാധിതരായ മനുഷ്യരുമായുളള സമ്പര്‍ക്കം എന്നിവയാണ് നിപ വൈറസ് വാഹകരായി കാണുന്നത്. വായുവിലൂടെ രോഗം പകരില്ല. രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നത് മൂലം രോഗിയുടെ ശരീരത്തിലെ സ്രവങ്ങള്‍ വഴി രോഗം പകരും. എല്ലാ തരത്തിലുമുളള പഴങ്ങള്‍,അടക്ക എന്നിവ ഭക്ഷിക്കുന്നതിന് മുമ്പ് അവയില്‍ വവ്വാലുകളുടെ കടിയേറ്റ പാടുകള്‍ ഉണ്ടോയെന്ന് പ്രത്യേകം ശ്രദ്ധിക്കണം. വവ്വാലുകളുടെ കടിയേറ്റവ ഭക്ഷിക്കരുത്.വവ്വാലുകളുടെ മൂത്രം, കാഷ്ഠം, ഉമിനീര്‍ എന്നിവയിലൂടെയും രോഗം പകരാം. വവ്വാലുകള്‍ കൂടുതലുള്ള പ്രദേശങ്ങളിലെ തെങ്ങ്, പന എന്നിവയില്‍ നിന്നും തുറന്ന പാത്രങ്ങളില്‍ ശേഖരിക്കുന്ന കള്ളിലൂടെയും രോഗം പകരാം.
മുന്‍കരുതലുകള്‍
സ്രവങ്ങള്‍ വഴി രോഗം പകരുന്നതിനാല്‍ ചുമക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും ചെറുകണങ്ങള്‍ തെറിക്കാതിരിക്കാന്‍ ടൗവ്വല്‍,മാസ്‌ക് എന്നിവ ഉപയോഗിക്കുക.രോഗിയെ പ്രത്യേക മുറിയില്‍ മാറ്റി കിടത്തുക. രോഗിയുമായി മിനിമം ഒന്നര മീറ്റര്‍ അകലം പാലിക്കുക, രോഗി ഉപയോഗിക്കുന്ന പാത്രങ്ങള്‍,വസ്ത്രങ്ങള്‍, ബെഡ്ഷീറ്റുകള്‍, ബ്രഷുകള്‍ തുടങ്ങിയവ പ്രത്യേകം മാറ്റി വെക്കണം. ഉപയോഗശേഷം ഡിറ്റര്‍ജന്റ് ഉപയോഗിച്ച് കഴുകണം. രോഗിയെ കാണാന്‍ സന്ദര്‍ശകരെ അനുവദിക്കരുത്. രോഗിയുടെ ഛര്‍ദ്ദിയും വിസര്‍ജ്യങ്ങളും അണുനാശിനി ഉപയോഗിച്ച് ഡിസ്‌പോസ് ചെയ്യണം. മുറിയുടെ നിലം അണുനാശിനി ഉപയോഗിച്ച് ദിവസവും വൃത്തിയാക്കണം. പരിചരിക്കാനായി ഒരാളെ മാത്രം ഏര്‍പ്പെടുത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."