ചെറുവണ്ണൂര്‍ - കൊളത്തറ റോഡ് നവീകരണം: ഭൂമി ഏറ്റെടുക്കല്‍ നടപടി അവസാനഘട്ടത്തില്‍
ഫറോക്ക്: ചെറുവണ്ണൂര്‍ - കൊളത്തറ റോഡ് വീതി കൂട്ടി നവീകരിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. നിലവിലുളള റോഡ് 15മീറ്റര്‍ വീതിയാക്കി വര്‍ധിപ്പിക്കുന്നതിനായി ഇരു വശത്തും 1.2071 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്.ചെറുവണ്ണൂരില്‍ ദേശീയ പാതയുമായ യോജിക്കുന്ന കവാടത്തില്‍ 60മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മാണം.
ഓരോരുത്തരുടെയും ഭൂമി അളന്ന് തിട്ടപ്പെടുത്തി വിലനിശ്ചയിക്കുന്ന നടപടികളാണിപ്പോള്‍ നടന്നുവരുന്നത്. ഈ നടപടി എല്ലായിടത്തും പൂര്‍ത്തിയാക്കി റോഡ് ദേശീയ പാതയുമായി കൂട്ടിമൂട്ടുന്ന ചെറുവണ്ണൂര്‍ ജങ്ഷനിലും പരിസരത്തുമാണ് ഇന്നലെ അളവെടുപ്പ് നടന്നത്. ലാന്റ് അക്വിസിഷന്‍ വിഭാഗം തഹസില്‍ദാര്‍ എന്‍.പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ഉദ്യോഗസ്ഥരും ജീവനക്കാരും ഇതിനായി പ്രവര്‍ത്തിച്ചു വരികയാണ്.
ദേശീയ പാതയോട് ചേര്‍ന്ന ഭൂമിക്ക് സെന്റിന് 10ലക്ഷവും മറ്റു സ്ഥലങ്ങള്‍ക്ക് അഞ്ചും, ചതുപ്പ് നിലങ്ങള്‍ക്ക് രണ്ടരലക്ഷം രൂപയുമാണ് വില നിശ്ചയിച്ചിട്ടുളളത്. ഭൂമിസംബന്ധിച്ചു റവന്യൂ വിഭാഗവും കെട്ടിടങ്ങളുമായി ബന്ധപ്പെട്ടുളള നടപടികള്‍ പൊതുമരാമത്ത് വകുപ്പധികൃതരുമാണ് നടത്തുന്നത്. ചെറുവണ്ണൂര്‍ ജങ്ഷനില്‍ നിരവധി കച്ചവട സ്ഥാപനങ്ങളാണ് റോഡ് നിര്‍മാണത്തിനായി പൊളിച്ചു മാറ്റേണ്ടി വരും. പലകെട്ടിടങ്ങളും ഒന്നിലേറെ പേരുടെ ഉടമസ്ഥതയിലുള്ളതാണ്. ഇതിന്റെയെല്ലാം വില നിശ്ചയിക്കല്‍ ശ്രമകരമായ ദൗത്യമാണ്.
ഭൂമി ഏറ്റെടുക്കുന്നതിനായി 13.05കോടി രൂപ നേരത്തെ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. റോഡ് നിര്‍മ്മാണത്തിനായി എസ്റ്റിമേറ്റ് തയാറായി വരികയാണ്.
ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ റോഡ് നിര്‍മാണമാരംഭിക്കുമെന്നു ചെറുവണ്ണൂരില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ സര്‍വ്വെ നടപടികള്‍ പരിശോധിക്കാനെത്തിയ വി.കെ.സി മമ്മദ്‌കോയ എം.എല്‍.എ പറഞ്ഞു.
ലാന്റ് അക്വിസിഷന്‍ വാല്യു അസി. സി.സുബൈര്‍, റവന്യൂ ഇന്‍സ്‌പെക്ടര്‍ പി.മോഹന്‍കുമാര്‍, സര്‍വ്വെയര്‍ സുജേഷ് ചന്ദ്രന്‍ തടുങ്ങിയവരാണ് റവന്യൂ സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."