പാലേരിയില്‍ ബോംബേറ്; സി.പി.എം ഓഫിസ് തകര്‍ന്നു
പേരാമ്പ്ര: സി.പി.എം-ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്ന പാലേരിയില്‍ ഇന്നലെ പുലര്‍ച്ചെ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസ് ബോംബെറിഞ്ഞ് തകര്‍ത്തു.
ചൊവ്വാഴ്ച രാത്രി പത്തോടെ സി.പി.എം ലോക്കല്‍ സെക്രട്ടറി മരുതോളി വിശ്വനാഥന്റെ വീടിനുനേരെയുണ്ടായ കല്ലേറില്‍ ജനല്‍ചില്ലുകള്‍ തകരുകയും ചുവരിന് കേടുപറ്റുകയും ചെയ്തിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ 4.40 ഓടെയാണ് പാലേരി ടെലിഫോണ്‍ എക്സ്ചേഞ്ചിനു സമീപത്തെ ലോക്കല്‍ കമ്മിറ്റി ഓഫിസ് ബോബെറിഞ്ഞ് തകര്‍ത്തത്. ഉഗ്രശബ്ദം കേട്ട് സമീപവാസികള്‍ ഓടിയെത്തുമ്പോഴേക്കും അക്രമികള്‍ ഓടിമറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം ബി.ജെ.പി പ്രവര്‍ത്തകന്റെ ബേക്കറി ഒരു സംഘം അടിച്ചുതകര്‍ക്കുകയും അന്നുതന്നെ സി.പി.എം പ്രവര്‍ത്തകന്റെ കൃഷിത്തോട്ടം വെട്ടിനശിപ്പിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥലത്ത് പൊലിസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. നാദാപുരം ഡിവൈ.എസ്.പി കെ. ഇസ്മയില്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
പ്രദേശത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ബോംബേറില്‍ പ്രതിഷേധിച്ച് സി.പി.എം ചങ്ങരോത്ത് പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു. പാലേരിയില്‍ പ്രതിഷേധ പ്രകടനവും യോഗവും ചേര്‍ന്നു.
പ്രകടനത്തിനിടെ ബി.ജെ.പിയുടെ കൊടിമരം തകര്‍ക്കാനുള്ള ശ്രമം തടയാന്‍ പൊലിസ് ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി.
പ്രതിഷേധ യോഗത്തില്‍ എ.കെ ശ്രീധരന്, എന്‍.പി ബാബു, എം. വിശ്വനാഥന്, ഉണ്ണിവേങ്ങേരി സംസാരിച്ചു.
സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്, ജില്ലാ പഞ്ചായത്തംഗം എ.കെ ബാലന്, മഹിള അസോസിയേഷന് സംസ്ഥാന കമ്മിറ്റിയംഗം കെ.കെ ലതിക, ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറി കെ.കെ ദിനേശന്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജന് മരുതേരി സംഭവസ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."