കിടപ്പാടം നഷ്ടപ്പെട്ട് കൃഷ്ണന്‍കുട്ടി
ആലക്കോട്: ഉരുള്‍പൊട്ടലില്‍ നിന്ന് ജീവന്‍ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിനിടയിലും ആകെയുണ്ടായിരുന്ന കിടപ്പാടവും ഇരുപത് സെന്റ് സ്ഥലവും മലവെള്ളപാച്ചിലില്‍ തകര്‍ന്നതിന്റെ ആഘാതത്തിലാണ് കാപ്പിമല ഫര്‍ലോങ്ങ്കരയിലെ നടുവിലേടത്ത് കൃഷ്ണന്‍ കുട്ടിയും കുടുംബവും. മകന്‍ അപകടത്തില്‍ മരിച്ച് രണ്ടാണ്ട് തികയുന്നതിനു മുമ്പാണ് ഉരുള്‍പൊട്ടലിന്റെ രൂപത്തില്‍ മറ്റൊരു ദുരന്തം കൂടി ഈ കുടുംബത്തിലേക്ക് എത്തിയത്. രാത്രി മുതല്‍ നിര്‍ത്താതെ പെയ്യുന്ന കനത്ത മഴയില്‍ പുറത്തിറങ്ങാന്‍ കഴിയാതെ വീടിനുള്ളില്‍ തന്നെയായിരുന്നു കൃഷ്ണന്‍ കുട്ടിയും കുടുംബവും. 11 മണിയോടെ അടുക്കള ഭാഗത്തുകൂടി മഴവെള്ളം കുത്തിയൊഴുകി വന്നത് ശ്രദ്ധയില്‍പെട്ടതോടെ രോഗിയായ ഭാര്യയുമായി പുറത്തിറങ്ങുകയായിരുന്നു. അയല്‍പക്കത്ത് ഉണ്ടായിരുന്നവര്‍ ഇരുവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അല്‍പസമയം കഴിഞ്ഞതോടെ വന്‍ ശബ്ദത്തോടെ കല്ലും മണ്ണും വീടിനുള്ളിലേക്ക് ഒഴുകിഎത്തുകയായിരുന്നു. വീട്ടുപകരണങ്ങള്‍ പൂര്‍ണമായും നശിച്ചു. മുറികളില്‍ ഒരാള്‍ പൊക്കത്തില്‍ കല്ലും മണ്ണും നിറഞ്ഞതോടെ വീട് ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. കുടുംബത്തിന് അടിയന്തിര ധനസഹായമായി ഇരുപത്തയ്യായിരം രൂപ വ്യാപാരി വ്യവസായി ഏകോപന സമിതിയും പതിനായിരം രൂപ വീതം ആലക്കോട് പഞ്ചായത്തും സി.പി.എം ആലക്കോട് ഏരിയാ കമ്മിറ്റിയും നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."