'എഗ്ഗ് ഫെസ്റ്റ് 2017'ന് സമാപനമായി
സുല്‍ത്താന്‍ ബത്തേരി: ജില്ലാ മൃഗസംരക്ഷണ ഓഫിസിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നടന്നുവന്ന മുട്ട-മുട്ടയുല്‍പ്പന്ന മേളയായ 'എഗ്ഗ് ഫെസ്റ്റ് 2017 സമാപിച്ചു. മുട്ടയെ സംബന്ധിച്ച അറിവുകളും കാഴ്ചപ്പാടും പങ്കുവെക്കുക, ജൈവ കാര്‍ഷിക ഉല്‍പ്പാദനത്തിന് ഊന്നല്‍ നല്‍കുക, വിവിധ മുട്ടവിഭവങ്ങള്‍ പരിചയപ്പെടുത്തുക, ചെലവു കുറഞ്ഞ രീതിയില്‍ ഗുണമേന്മയുള്ള മുട്ടയുല്‍പാദനം ഗാര്‍ഹിക സാഹചര്യങ്ങളില്‍ സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മേള സംഘടിപ്പിച്ചത്.
ഈ മേഖലയിലെ കാലിക വിഷയങ്ങള്‍ ആസ്പദമാക്കി സെമിനാറുകള്‍, മുട്ടവിഭവങ്ങളുടെ ഭക്ഷ്യ ഔട്ട്‌ലെറ്റുകള്‍, കലാ-സാംസ്‌കാരിക പരിപാടികള്‍, മുട്ടത്തോടുകൊണ്ടുളള കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം, പാചക മത്സരം തുടങ്ങിയവയും നടത്തി. സമാപന സമ്മേളനം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനി അധ്യക്ഷനായി. പാചക മത്സരവിജയികള്‍ക്ക് പുത്തൂര്‍വയല്‍ എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ സയന്റിസ്റ്റ് അനില്‍കുമാറും വിദ്യാര്‍ഥികളുടെ കരകൗശല മത്സര വിജയികള്‍ക്ക് നബാര്‍ഡ് എ.ജി.എം എന്‍.എസ് സജികുമാറും സമ്മാനവിതരണം നടത്തി. സുല്‍ത്താന്‍ ബത്തേരി ക്ഷീരസംഘത്തിലെ കെ.കെ പൗലോസ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ.ആര്‍ ഗീത, ഡോ. അനില്‍ സക്കറിയ, ഡോ. കെ.എസ് പ്രേമന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."