പശുവളര്‍ത്തല്‍ മികച്ച വരുമാനമാര്‍ഗം: ടി ഉഷാകുമാരി
കല്‍പ്പറ്റ: മറ്റു കാര്‍ഷികമേഖലകളെ അപേക്ഷിച്ച് പശുവളര്‍ത്തല്‍ മികച്ച വരുമാന മാര്‍ഗമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അഭിപ്രായപ്പെട്ടു. ക്ഷീരവികസന വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസ് കല്‍പ്പറ്റയില്‍ നടത്തുന്ന സ്വയംതൊഴില്‍ സംരംഭകത്വ വികസന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. വിലത്തകര്‍ച്ചയും പ്രതികൂല കാലാവസ്ഥയുമൊന്നും ക്ഷീരമേഖലയെ കാര്യമായി ബാധിക്കുന്നില്ല. മനസ്സുവച്ചാല്‍ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കും. തീറ്റപ്പുല്‍ കൃഷി കൂടി നടത്താനായാല്‍ കാര്യമായ ബുദ്ധിമുട്ടില്ല. ഇത്തരം പരിശീലന ക്ലാസുകള്‍ ശാസ്ത്രീയമായ പശുപരിപാലനം, തീറ്റപ്പുല്‍കൃഷി തുടങ്ങിയവയെക്കുറിച്ച് മനസ്സിലാക്കാന്‍ സഹായകമാണെന്നും ഇവ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടപ്പിലാക്കുന്ന കെസ്‌റു, ശരണ്യ, മള്‍ട്ടി പര്‍പസ് സര്‍വിസ് സെന്റേഴ്‌സ്‌ജോബ് ക്ലബ്ബുകള്‍, കൈവല്യ തുടങ്ങിയ സ്വയംതൊഴില്‍ പദ്ധതികളില്‍ ഭൂരിഭാഗം പേരും അപേക്ഷിച്ചത് പശുവളര്‍ത്തലിനാണ്. ലഭിക്കുന്ന വായ്പ ഗുണഭോക്താക്കള്‍ക്ക് ഫലപ്രദമായി വിനിയോഗിക്കാന്‍ അവസരമുണ്ടാക്കുന്നതിനാണ് പശുവളര്‍ത്തലില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ക്ലാസെടുക്കാന്‍ ക്ഷീരവികസന വകുപ്പിന്റെ സഹകരണം തേടിയത്. കല്‍പ്പറ്റ എം.ജി.റ്റി ഹാളില്‍ നടക്കുന്ന നാലു ദിവസത്തെ ശില്‍പശാല മാര്‍ച്ച് 24ന് അവസാനിക്കും. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ കെ.എസ് അശ്വിന്‍കുമാര്‍ അധ്യക്ഷനായി. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സിനില ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. എംപ്ലോയ്‌മെന്റ് ഓഫിസര്‍മാരായ ദീപു ജി, എം.ആര്‍ രവികുമാര്‍, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫിസര്‍ കെ ആലിക്കോയ സംസാരിച്ചു. കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രത്തിലെ സീനിയര്‍ ക്ഷീര വികസന ഓഫിസര്‍ ആര്‍ രശ്മി, കല്‍പ്പറ്റ ക്ഷീരവികസന ഓഫിസര്‍ ഹര്‍ഷ വി.എസ് എന്നിവര്‍ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."