അഫ്ഗാനിസ്ഥാനില്‍ താലിബാന് ആക്രമണം: 14 പൊലിസുകാര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഘാസ്നി പ്രവിശ്യയില്‍ പൊലിസുകാര്‍ക്കു നേരെ താലിബാന്റെ ആക്രമണ പരമ്പര. ജില്ലാ പൊലിസ് മേധാവി അടക്കം 14 പൊലിസുകാര്‍ കൊല്ലപ്പെട്ടു.
പ്രവിശ്യയിലെ ദീ യാക്, ജഗാത്തു ജില്ലകളിലെ ചെക്ക്പോയിന്റുകളിലാണ് സ്ഫോടനങ്ങള്‍ നടത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള യുദ്ധം എന്നു പ്രഖ്യാപിച്ചാണ് തിങ്കളാഴ്ച മുതല്‍ ആക്രമണം തുടങ്ങിയത്.
ദി യാകില് ജില്ലാ പൊലിസ് മേധാവി ഫൈസുല്ല തൂഫാന്, റിസര്‍വ്വ് കമ്മാന്‍ഡര്‍ ഹാജി ബറക്കാത്ത് തുടങ്ങി ഏഴു പേരും ജഗാത്തുവില് ഏഴു പേരുമാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി താലിബാന് വക്താവ് സാബിഹുല്ല മുജാഹിദ് പറഞ്ഞു. ജഗാത്തു ജില്ലാ ആസ്ഥാനങ്ങളും ദി യാക്കിലെ ചില പൊലിസ് ചെക്ക്പോയിന്റുകളും പിടിച്ചടക്കിയതായി ഇയാള്‍ അവകാശപ്പെട്ടു.
തങ്ങളുടെ 'ശത്രു പദവി' ഒഴിവാക്കുകയാണെങ്കില്‍ അഫ്ഗാന് പൊലിസിന് മാപ്പുനല്‍കുമെന്ന് താലിബാന് ഈയിടെ പ്രസ്താവന ഇറക്കിയിരുന്നു.
തലസ്ഥാന നഗരിയായ കാബൂളിലുള്ള ഇന്റലിജന്‍സ്, സൈനിക കേന്ദ്രങ്ങളില്‍ മാറിനില്‍ക്കണമെന്ന് ജനങ്ങള്‍ക്ക് താലിബാന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇവിടെ ആക്രമണം നടത്തുമെന്നും സാധാരണക്കാര്‍ മാറിനില്‍ക്കണമെന്നുമാണ് മുന്നറിയിപ്പ്.
ഏപ്രിലിലാണ് താലിബാന് ആക്രമണ പ്രഖ്യാപനം നടത്തിയത്. അതിനുശേഷം കാബൂളിലടക്കം നിരവധി ആക്രമണങ്ങളാണ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."