തടയപ്പെടുന്ന പ്രാര്‍ഥനകള്‍
മനുഷ്യനെ ഉത്തമനും അധമനും ആക്കിത്തീര്‍ക്കുന്നതില്‍ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. അല്ലാഹു പറയുന്നു:'ജനങ്ങളേ, ഭൂമിയിലുള്ളതില്‍ നിന്ന് നിയമാനുസാരമായിട്ടുള്ളതും സ്വതവെ നല്ലതുമായ സാധനം നിങ്ങള്‍ ഭക്ഷിക്കുക. പിശാചിന്റെ കാലടിപ്പാടുകള്‍ നിങ്ങള്‍ പിന്‍പറ്റരുത്. നിശ്ചയമായും അവന്‍ നിങ്ങളുടെ പ്രത്യക്ഷശത്രുവാണ്. (2:168)
ഭക്ഷിക്കുവാന്‍ അല്ലാഹു അനുവദിച്ചത് മാത്രമേ ഭക്ഷിക്കാവൂ എന്നും അവന്‍ നിശിദ്ധമാക്കിയത് ഉപേക്ഷിക്കണമെന്നും അതിനെതിര് ചെയ്യല്‍ പിശാചിനെ അനുകരിക്കലാണെന്നും ഈ വാക്യത്തിലൂടെ അല്ലാഹു നമുക്ക് പഠിപ്പിക്കുന്നു. ഇതേ സൂറത്തില്‍ തന്നെ മറ്റൊരിടത്ത് പറയുന്നു:'സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനു മാത്രമാണ് ഇബാദത്ത് ചെയ്യുന്നതെങ്കില്‍ നാം നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നല്ലവയില്‍ നിന്ന് ഭക്ഷിക്കുകയും അല്ലാഹുവിനോട് നന്ദി കാണിക്കുകയും ചെയ്യുക. (2:172)'
അല്‍മുഅ്മിനൂന്‍ 51 ല്‍ മുര്‍സലുകളേ, നിങ്ങള്‍ നല്ലവയില്‍ നിന്ന് ഭക്ഷിക്കുക എന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുള്ളത്. അതായത് അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ മുര്‍സലുകളോടും സത്യവിശ്വാസികളോടും ഒരേ ശൈലിയില്‍ കല്‍പിക്കപ്പെട്ടതാണ് നല്ല ഭക്ഷണം കഴിക്കുക എന്നത്.ഇവിടെ ഖുര്‍ആന്‍ പ്രയോഗിച്ച പദം ത്വയ്യിബ് എന്നാണ്. ശറഅ് നല്ലതായി ഗണിച്ച ധനമാണ് 'ത്വയിബ്' അല്ലാതെ അവനവനു മനസ്സിനിണങ്ങുന്ന ഭക്ഷണപാനീയങ്ങള്‍ എല്ലാം അനുവദിക്കപ്പെട്ടതല്ല.
മനുഷ്യന്റെ മജ്ജയും മാംസവും ശരീരവുമെല്ലാം സംവിധാനിച്ചൊരുക്കുന്നതില്‍ ഭക്ഷണത്തിന്റെ പങ്ക് സുവ്യക്തമാണല്ലോ. ആ ഭക്ഷണം നന്നായെങ്കില്‍ മാത്രമേ മനുഷ്യനും നന്നാകൂ. അതുകൊണ്ട് ഹലാലായ ഭക്ഷണത്തിന്റെ പ്രാധാന്യം ഇസ്‌ലാം വളരെയേറെ ഊന്നിപ്പറഞ്ഞിട്ടുണ്ട്.
ത്വബ്‌റാനി ഇബ്‌നു അബ്ബാസില്‍ നിന്നു നിവേദനം ചെയ്ത ഹദീസ് ശ്രദ്ധേയമാണ്. ഇബ്‌നു അബ്ബാസ് പറഞ്ഞു: ഞാന്‍ നബി(സ)ക്ക് ഈ സൂക്തം ഓതിക്കൊടുത്തു: 'മനുഷ്യരേ, ഭൂമിയിലുള്ളതില്‍നിന്ന് അനുവദനീയവും സംശുദ്ധവുമായത് ഭക്ഷിച്ചു കൊള്ളുവിന്‍.' അന്നേരം സഅ്ദ്ബ്‌നു അബീ വഖാസ് എഴുന്നേറ്റു പറഞ്ഞു: 'റസൂലെ, ദുആക്ക് ഉത്തരം ചെയ്യപ്പെടുന്നവനാകാന്‍ അങ്ങെനിക്കു വേണ്ടി പ്രാര്‍ഥിക്കണം.' നബി(സ) പ്രതിവചിച്ചു: 'സഅ്‌ദേ, നിന്റെ ഭക്ഷണം നല്ലതാക്കുക, എന്നാല്‍ നീ ഉത്തരം ലഭിക്കുന്നവനാകും. മുഹമ്മദിന്റെ നഫ്‌സ് ആരുടെ കൈയിലാണോ അവന്‍ തന്നെയാണു സത്യം. ഏതൊരു അടിമയും ഹറാമായ ഉരുള തന്റെയകത്തേക്കു എറിയുന്നുവോ നാല്‍പതു ദിവസം അതില്‍നിന്ന് ഒന്നും സ്വീകരിക്കപ്പെടുന്നതല്ല. നിഷിദ്ധത്തില്‍ നിന്നും വല്ലവന്റെയും മാംസം വളര്‍ന്നിട്ടുണ്ടെങ്കില്‍ നരകമാണ് അതിനോട് ഏറെ ബന്ധപ്പെട്ടത്.' നബിയുടെ നിര്‍ദേശം സഅ്ദ്(റ) അക്ഷരം പ്രതി പാലിക്കുകയുണ്ടായി. മറ്റൊരിക്കല്‍, അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: ഇതര സ്വഹാബികളെ അപേക്ഷിച്ച് താങ്കളുടെ പ്രാര്‍ഥനയ്ക്ക് വേഗം ഉത്തരം കിട്ടാന്‍ കാരണമെന്താണ്? സഅ്ദ് (റ) പറഞ്ഞു: 'ഏതൊരു ഭക്ഷണം ഞാന്‍ അകത്താക്കുമ്പോഴും അതെവിടെനിന്നു കിട്ടിയതാണെന്ന് അന്വേഷിച്ചിട്ടല്ലാതെ ഞാന്‍ കഴിക്കാറില്ല.'
നല്ല ഭക്ഷണം കഴിക്കാത്തവന്റെ പ്രാര്‍ഥന തടയപ്പെടുന്നതാണെന്ന് അബൂ ഹുറൈറ(റ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസില്‍ കാണാം: റസൂല്‍(സ) പറഞ്ഞു: ' നിശ്ചയം, അല്ലാഹു പരിശുദ്ധനാണ്; പരിശുദ്ധമല്ലാതെ അവന്‍ സ്വീകരിക്കുകയില്ല. തീര്‍ച്ച, അല്ലാഹു ദൂതന്‍മാരോട് കല്‍പ്പിച്ചതെന്തോ അത് വിശ്വാസികളോടും കല്‍പ്പിച്ചിരിക്കുന്നു. അല്ലാഹു പറഞ്ഞിരിക്കുന്നു: 'റസൂലുമാരേ, ശുദ്ധമായവയില്‍നിന്ന് നിങ്ങള്‍ ഭക്ഷിക്കുവിന്‍, സല്‍കര്‍മ്മം അനുഷ്ഠിക്കുവിന്‍.' അതേ അവന്‍ പറഞ്ഞു: 'വിശ്വസിച്ചൊരുത്തരേ, നിങ്ങള്‍ക്കു നാം നല്‍കിയതില്‍ ശുദ്ധമായവയില്‍നിന്ന് നിങ്ങള്‍ തിന്നുകൊള്ളുക.' പിന്നെ നബി, ദീര്‍ഘയാത്ര നടത്തുന്ന പുരുഷനെ അനുസ്മരിച്ചു. മുടി ജടപിടിച്ചും പൊടി പുരണ്ടും നടക്കുന്ന അയാള്‍ ആകാശത്തേക്കു ഇരു കൈകളും നീട്ടി, 'എന്റെ റബ്ബേ, എന്റെ റബ്ബേ' എന്നു പ്രാര്‍ഥിക്കും. അയാളുടെ ഭക്ഷണമാണെങ്കിലോ നിഷിദ്ധം, പാനീയവും നിഷിദ്ധം, വസ്ത്രവും നിഷിദ്ധം. നിഷിദ്ധം കൊണ്ട് അയാള്‍ ഭക്ഷിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അവന് പിന്നെങ്ങനെ ഉത്തരം നല്‍കപ്പെടാനാണ്?' (മുസ്‌ലിം)
മൊത്തത്തില്‍ നമ്മുടെ പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കാന്‍ നാം കഴിക്കുന്ന ഭക്ഷണവും ധരിക്കുന്ന വസ്ത്രവും സഞ്ചരിക്കുന്ന വാഹനവും എല്ലാം ഹലാലില്‍ കൂടി സമ്പാദിച്ചതില്‍ നിന്നാകണം. അല്ലാത്ത പക്ഷം സ്വീകരിക്കപ്പെടുകയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."