തൊഴിലാളികള്‍ക്കുനേരെ കെ.എഫ്.ഡി.സിയുടെ ക്രൂരകൃത്യങ്ങള്‍
മരിയനാട്: വനംവകുപ്പിന്റെ നടത്തിപ്പ് ദോഷം കൊണ്ടായിരുന്നു സര്‍ക്കാര്‍ മരിയനാട് തോട്ടം കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പറേഷനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്. 2000-മെയ്മാസത്തിലായിരുന്നു തോട്ടം കെ.എഫ്.ഡി.സിയെ രേഖാമൂലം ഏല്‍പ്പിച്ചത്.
സംസ്ഥാനത്ത് വ്യാപകമായി തോട്ടങ്ങള്‍ സ്ഥാപിക്കുന്നതില്‍ പ്രാവീണ്യം നേടിയവരെന്ന ഖ്യാതിയും അക്കാലങ്ങളില്‍ കെ.എഫ്.ഡി.സിക്ക് ഉണ്ടായിരുന്നു.
വനംവകുപ്പില്‍നിന്നുംമാറി മറ്റൊരേജന്‍സി തോട്ടം നടത്തിപ്പിന് വരുന്നതിനോട് തൊഴിലാളികള്‍ക്കും യോജിപ്പായിരുന്നു.തോട്ടം നശിച്ച് വനമായ അവസ്ഥയിലായിരുന്നു കെ.എഫ്.ഡി.സിയുടെ വരവ്. കെ.എഫ്.ഡി.സി ഏറ്റെടുത്തത് ആ വര്‍ഷം മഴക്കാലം ആരംഭിക്കുന്ന സമയത്തായിരുന്നു.
അതുകൊണ്ടുതന്നെ വര്‍ഷകാലാരംഭത്തിനു മുന്‍പായി ചെയ്യേണ്ട യാതൊരുവിധ പണികളും തോട്ടത്തില്‍ ആ വര്‍ഷവും നടത്തിയില്ല. തോട്ടം നവീകരിക്കുന്നതിന്റെ ഭാഗമായി തൊട്ടടുത്ത വേനല്‍മുതല്‍ തോട്ടത്തിലെ കാടുകളെല്ലാം വെട്ടിമാറ്റി, കാപ്പിചെടികളുടെ ചുവട് കിളച്ച് വളപ്രയോഗം നടത്തണമെന്ന് തൊഴിലാളികള്‍ കെ.എഫ്.ഡി.സി അധികൃതരോട് ആവശ്യപ്പെട്ടു.
എന്നാല്‍ നടത്തിപ്പ് ഏജന്‍സിയുടെ തലപ്പത്തിരുന്നയാള്‍ മലയാളംപോലും ശരിക്കറിയാത്ത വടക്കെ ഇന്ത്യക്കാരനായ ഒരു ഐ.എഫ്.എസ് ഉദ്യോഗസ്ഥനായിരുന്നു.കാപ്പിചെടികള്‍ക്ക് വളപ്രയോഗം നടത്തുവാനൊ, ചുവട് കിളയ്ക്കുവാനൊ പാടില്ലെന്നും,ചെടികള്‍ സ്വാഭാവികമായി പൂത്ത് കായ്ക്കുമ്പോഴാണ് യഥാര്‍ഥ ഗുണം ലഭിക്കുകയുളളുവെന്നും ഇയാള്‍ തീരുമാനിച്ചു. ഇതോടെ തൊഴിലാളികള്‍ക്ക് പണ്ട് വനംവകുപ്പ് നല്‍കിയിരുന്ന തൊഴിലും ഇല്ലാതായി.
തോട്ടത്തിലെ തൊഴില്‍ പൂര്‍ണമായും നഷ്ടപ്പെടുകയാണെന്ന തിരിച്ചറിവുണ്ടായതോടെ പണ്ട് ഹൈക്കോടതി വിധിച്ച മുന്‍കാല ആനുകൂല്യങ്ങള്‍ ലഭിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ ഈ സമയത്ത് കോടതിയെ വീണ്ടും സമീപിച്ചു.
തോട്ടത്തില്‍ പണിയും കൂലിയും ഇല്ലാതായതോടെ പട്ടിണിയിലായ തൊഴിലാളികള്‍ക്ക് കേസുനടത്തിപ്പ് വലിയ ബുദ്ധിമുട്ടായി. ഇത് തിരിച്ചറിഞ്ഞ കെ.എഫ്.ഡി.സി അധികൃതര്‍ ഹൈക്കോടതിയില്‍ നല്ല വക്കീലിനെവച്ച് കേസ് വാദിച്ചു.
തൊഴിലാളികള്‍ പല അവധിക്കും കോടതിയില്‍ ഹാജരാകാതിരിക്കുകയും, വക്കീല്‍ ഫീസ് നല്‍കാനാവാതെവരികയും കൂടി ചെയ്തതോടെ കോടതിവിധി തൊഴിലാളികള്‍ക്ക് പ്രതികൂലമായി. ഇതോടെ തൊഴിലാളികളുടെ അവസാനത്തെ പ്രതീക്ഷയും അസ്തമിച്ചു. തോട്ടത്തിന്റെ നടത്തിപ്പിന്റെ പൂര്‍ണ ചുമതല കെ.എഫ്.ഡി.സി ഏല്‍പ്പിക്കുമ്പോള്‍ തൊഴിലാളികളുടെ മുഴുവന്‍ ബാധ്യതകളും ഏറ്റെടുക്കുന്നതായി വ്യവസ്ഥയുണ്ടായിരുന്നുവെന്നാണ് യൂനിയന്‍ നേതാക്കള്‍ തൊഴിലാളികളോട് പറഞ്ഞിരുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ കെ.എഫ്.ഡി.സി പിന്നീട് മൗനംപാലിക്കുകയായിരുന്നു. തൊഴിലാളികളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് തോട്ടം നവീകരിക്കുവാന്‍ കെ.എഫ്.ഡി.സി തുടക്കത്തില്‍ ചില പ്രവര്‍ത്തികള്‍ നടത്തി. തോട്ടം നിലനില്‍ക്കേണ്ടത് തങ്ങളുടെ ജീവല്‍പ്രശ്‌നമാണെന്നറിയാമായിരുന്ന തൊഴിലാളികള്‍ അധികൃതരെ സഹായിക്കുവാന്‍ സജീവമായി രംഗത്തിറങ്ങി.
തോട്ടം നടത്തിപ്പിന് പണമില്ലെന്ന കാരണം പറഞ്ഞ് കെ.എഫ്.ഡി.സി ഒരു ധനകാര്യസ്ഥാപനത്തില്‍ നിന്നും ഒന്നരകോടി രൂപ കടമെടുത്തു. തോട്ടം വേനല്‍ക്കാലത്ത് നനയ്ക്കുവാനെന്നു പറഞ്ഞ് ഇതിനാവശ്യമായ സാമഗ്രികള്‍ വാങ്ങി.
തോട്ടത്തിന് സമീപത്തുകൂടി ഒഴുകുന്ന കാട്ടരുവിയില്‍നിന്നും വെള്ളം പമ്പുചെയ്യുന്നതിനായി 40-കുതിരശേഷിയുളള മോട്ടോര്‍, പൈപ്പുകള്‍, സ്പിങ്‌ളറുകള്‍ തുടങ്ങിയവ വാങ്ങി സ്ഥാപിച്ചു. തോട്ടം വിപ്ലവകരമായ മുന്നേറ്റത്തിലേക്കെന്ന് തൊഴിലാളികളടക്കം എല്ലാവരും കരുതി. എന്നാല്‍ ഒരൊറ്റ ദിവസം തോട്ടം നനച്ചതല്ലാതെ പിന്നീട് ഈ സംവിധാനം ഉപയോഗിച്ചില്ല. നനയ്ക്കുന്ന സംവിധാനം മാറ്റി സ്ഥാപിക്കാനാണെന്നു പറഞ്ഞ് തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് പൈപ്പുകളും മോട്ടോറും അഴിപ്പിച്ച് റോഡരികില്‍ കൊണ്ടുവന്ന് വയ്പ്പിച്ചു.
ഒരു രാത്രിയില്‍ ആരുമറിയാതെ പുറമെനിന്നുള്ള ആളുകളെ ഉപയോഗിച്ച് ഇവ മുഴുവനും ഉദ്യോഗസ്ഥര്‍ കടത്തി. ഇതിനെതിരേ അക്കാലത്ത് തൊഴിലാളികള്‍ കുറേ ശബ്ദമുയര്‍ത്തിയെങ്കിലും പോയ മോട്ടോറും പൈപ്പുകളും പിന്നീട് ഇന്നുവരെ ആരും കണ്ടിട്ടില്ല.
സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം അഴിമതിയുടെ കേന്ദ്രങ്ങളാണെന്ന പൊതുജനങ്ങളുടെ ആരോപണം മരിയനാട് കാപ്പിത്തോട്ടത്തില്‍ അക്ഷരാര്‍ഥത്തില്‍ ശരിയാവുകയായിരുന്നു. ആദ്യം വനം വകുപ്പും പിന്നീട് കെ.എഫ്.ഡി.സിയും ഈ അഴിമതിയുടെ കഥകള്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ ഇവിടെ തുറന്നുകാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."