ക്ലസ്റ്റര്‍ സംഗമം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടില്ല: കെ.എ.എച്ച്.എസ്.ടി.എ.
കോഴിക്കോട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 24 ന് വെള്ളിയാഴ്ച നടക്കുന്ന സ്‌കൂള്‍ തല അധ്യാപക സംഗമം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കെ.എ.എച്ച്.എസ്.ടി.എ നേതാക്കള്‍ അറിയിച്ചു.സ്‌കൂള്‍ വികസന രേഖ തയാറാക്കുന്നതിനായി നടക്കുന്ന അധ്യാപക സംഗമം പ്ലസ് ടു അധ്യാപകര്‍ ബഹിഷ്‌കരിക്കുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. യു.ഡി.എഫ് അനുകൂല കാറ്റഗറി സംഘടനകള്‍ വിദ്യാലയ വികസനത്തിനും പൊതുവിദ്യാഭ്യാസത്തിനുമെതിരെ നടത്തുന്ന കുപ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഹയര്‍ സെക്കന്ററി വിഭാഗത്തെ ഹൈസ്‌കൂളില്‍ ലയിപ്പിക്കാന്‍ പോകുന്നു എന്ന പ്രചാരണം നടത്തി അധ്യാപകര്‍ക്കിടയില്‍ ആശങ്ക പടര്‍ത്താന്‍ ചില സംഘടനകള്‍ ശ്രമിക്കുകയാണ്. അത്തരത്തിലുള്ള ഒരാലോചനയും സര്‍ക്കാറിനില്ലെന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഹൈടെക് ക്ലാസുകളൊരുക്കി സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനും സ്‌കൂളുകളില്‍ ജൈവവൈവിധ്യ ഉദ്യാനങ്ങളുണ്ടാക്കാനുമുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ക്ലസ്റ്റര്‍ യോഗങ്ങളെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
മതേതരത്വത്തിന്റെയും മാനവികതയുടെയും കേന്ദ്രങ്ങളായ പൊതു വിദ്യാലയങ്ങളെ തകര്‍ക്കാനുള്ള കച്ചവട പൗരോഹിത്യ രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്ക് പ്ലസ് ടു അധ്യാപകര്‍ തല വെച്ച് കൊടുക്കരുതെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
ജനറല്‍ സെക്രട്ടറി കെ.സിജു, ട്രഷറര്‍ എ.കെ.അബ്ദുല്‍ ഹക്കീം, വൈസ് പ്രസിഡന്റ് കെ.ജി.പ്രദീപ്, വി.രാമകൃഷണന്‍, സി.പി.ജോബി, അജിത് കുമാര്‍ എസ്.മുതലായവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."