മേഖുനു അതിതീവ്ര ചുഴലിക്കാറ്റാകും; ഒമാനില്‍ നാശം വിതച്ചേക്കും
കോഴിക്കോട്: സാഗറിനു പിന്നാലെ തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ ഇന്നലെ രൂപപ്പെട്ട മേഖുനു ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്പെട്ട് ഒമാനെ ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിലവില്‍ 13 കിലോമീറ്റര്‍ വേഗത്തില്‍ മേഖുനു തെക്ക് പടിഞ്ഞാറന്‍ അറബിക്കടലില്‍ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുകയാണ്. ഒമാനിലെ സലാലയില്‍ നിന്ന് തെക്ക്, തെക്കുകിഴക്കന്‍ ദിശയില്‍ 890 കി.മി അകലെയാണ് മേഖുനുവിന്റെ സ്ഥാനം. ഇന്നു രാവിലെയോടെ തീവ്രചുഴലിക്കാറ്റായി രൂപപ്പെടും. തുടര്‍ന്ന് 24 വരെ തീവ്രചുഴലിക്കാറ്റായി തുടരും. 26 ന് രാവിലെ തെക്കന്‍ ഒമാനിനും തെക്കുകിഴക്കന്‍ യമന്‍ തീരത്തിനും ഇടയിലൂടെ അതിതീവ്രചുഴലിക്കാറ്റായി തീരം തൊടും. പിന്നീട് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ശക്തികുറഞ്ഞ് വീണ്ടും ചുഴലിക്കാറ്റും പിന്നീട് ദുര്‍ബലപ്പെട്ട് ന്യൂനമര്ദവുമാകുമെന്നാണ് വിലയിരുത്തല്‍.
അതിതീവ്രന്യൂനമര്ദമാകുമ്പോള് മണിക്കൂറില്‍ 140 മുതല്‍ 150 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശും. തീവ്രന്യൂനമര്‍ദ സമയത്ത് 100 കിലോമീറ്റര്‍ വരെയും കാറ്റുവീശും. കേരളതീരത്തു നിന്നും വളരെ അകലെയാണ് ചുഴലിക്കാറ്റ് എന്നതിനാലും ഇന്ത്യന്‍ തീരത്തിന് എതിര്‍ദിശയിലാണ് സഞ്ചാരമെന്നതിനാലും ഇന്ത്യന്‍ തീരങ്ങള്‍ക്ക് ഭീഷണിയില്ല. എന്നാല്‍ ലക്ഷദ്വീപിനു പടിഞ്ഞാറ് അറബിക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഈമാസം 26 വരെയാണ് മത്സ്യബന്ധന വിലക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."