ഭീതി വിതച്ച് വാട്‌സ്ആപ്പ് സന്ദേശങ്ങള്‍
കോഴിക്കോട്: നിപാ വൈറസിനെക്കുറിച്ചുള്ള സമൂഹമാധ്യങ്ങളിലൂടെയുള്ള പ്രചാരണം ഭീതിജനകാംവിധം ഏറുന്നു. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായിരിക്കുകയാണ്. ചക്കയും മാങ്ങയും ഉള്‍പ്പെടെയുള്ള പഴങ്ങളും പച്ചക്കറികളൊന്നും കഴിക്കരുതെന്നും വളര്‍ത്തുമൃഗങ്ങളെ അകറ്റി നിര്‍ത്തണമെന്നുമാണ് സന്ദേശങ്ങളില്‍ പറയുന്നത്.
ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചുവെന്ന തരത്തിലാണ് പല സന്ദേശങ്ങളും. നിപാ രോഗിയെ ചികിത്സിച്ച ഡോക്ടര്‍മാരുടെ പ്രത്യേക നിര്‍ദേശത്തോടെയാണ് അയക്കുന്നതെന്ന് അവകാശപ്പെട്ടുകൊണ്ടാണ് പല സന്ദേശങ്ങളും വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും.
ബ്രോയിലര്‍ കോഴികളിലൂടെയാണ് വൈറസ് പടരുന്നതെന്നും സന്ദേശങ്ങളിലുണ്ട്. അതിനാല്‍ കുറച്ചുകാലത്തേക്ക് ചിക്കനും ബീഫും തിന്നുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്ന തരത്തിലാണ് വ്യാജ സന്ദേശങ്ങള്‍. വാഴയിലയില്‍ ചോറ് കഴിക്കുന്നത് ഒഴിവാക്കണമെന്നും വാഴയിലയില്‍ വവ്വാലുകള്‍ വന്നിരിക്കാറുണ്ടെന്നും അവയുടെ കാഷ്ഠം വാഴയിലയില്‍ വീണിരിക്കാമെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്. പശുവിന്റെയും ആടിന്റെയും പാല് കുടിക്കുന്നതുപോലും അപകടമാണെന്ന് പറയുന്നുണ്ട്.
വവ്വാലുകള്‍ തിന്ന പഴങ്ങള്‍ നിലത്തുവീണ് അവ പശുക്കളും മറ്റും തിന്നുമെന്നും ഈ പഴം തിന്ന മൃഗങ്ങള്‍ക്കും വൈറസ് ബാധയുണ്ടാകുമെന്നുമാണ് സന്ദേശത്തിലുള്ളത്. ബ്രോയിലര്‍ ചിക്കന്‍ കഴിക്കുന്നതിനോ പശുവിന്റെയോ ആടിന്റെയോ പാല് കുടിക്കുന്നതിനോ കുഴപ്പമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുമ്പോഴാണ് വാട്‌സ് ആപ്പ് വഴിയുടെ വ്യാജ പ്രചരണങ്ങള്‍ കൊഴുക്കുന്നത്.
നിപാ വൈറസ് വായുവിലൂടെ പടര്‍ന്നുപിടിക്കുന്നുവെന്നുള്ള അഭ്യൂഹങ്ങളും അര്‍ധസത്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കരുതെന്നും വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തി കര്‍ശന നടപടിയെടുക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."