ടോംസ് കോളജ് വിദ്യാര്‍ഥികളുടെ തുടര്‍പഠനം; അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കും: ജസ്റ്റിസ് ദിനേശന്‍ കമ്മിഷന്‍
കൊച്ചി: വിദ്യാര്‍ഥി പീഡനവുമായി ബന്ധപ്പെട്ട് വിവാദത്തിലായ മറ്റക്കര ടോംസ് കോളജിലെ വിദ്യാര്‍ഥികളുടെ തുടര്‍പഠനം സംബന്ധിച്ച് അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കുമെന്ന് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന റിട്ട. ജസ്റ്റിസ് കെ.കെ ദിനേശന്‍ കമ്മിഷന്‍.
ഇന്നലെ എറണാകുളം ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങിലാണ് ഇക്കാര്യം അറിയിച്ചത്. പണവും മറ്റ് സ്വാധീനങ്ങളും ഉപയോഗിച്ച് ടോംസ് കോളജ് അധികൃതര്‍ അവര്‍ക്ക് അനുകൂലമായ കാര്യങ്ങള്‍ നേടിയെടുത്തതായി അറിയുന്നു.
വിഷയത്തില്‍ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, കോളജ് അധികൃതര്‍ എന്നിവര്‍ നല്‍കുന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ മാത്രമേ തീരുമാനം എടുക്കാന്‍ സാധിക്കൂവെന്നും കമ്മിഷന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് കെ.കെ ദിനേശന്‍ പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വിവിധ സമിതികളുടെ പ്രവര്‍ത്തനം ആവശ്യമാണെന്നും ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ടോംസ് കോളജിലെ നിലവിലെ വിദ്യാര്‍ഥികളുടെ പ്രവേശന കാര്യങ്ങളെകുറിച്ച് കലാം ടെക്‌നോളജിക്കല്‍ സര്‍വകലാശാല(കെ.ടി.യു) അധികൃതരുമായി സംസാരിച്ചതായും സര്‍വകലാശാലയുടെ കീഴിലുള്ള വിവിധ കോളജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതായും രക്ഷകര്‍ത്തൃസംഘടനയുടെ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി ബോബി വര്‍ഗീസ് കമ്മിഷനെ അറിയിച്ചു.
കോളജിന്റെ അംഗീകാരം റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ 217 കുട്ടികളില്‍ 90 പേര്‍ക്ക്് പ്രവേശനം ലഭിച്ചതായും ശേഷിക്കുന്ന കെമിക്കല്‍ എന്‍ജിനീയറിങ് ട്രേഡിലെ വിദ്യാര്‍ഥികള്‍ക്കാണ് ഇനി പ്രവേശനം ലഭിക്കേണ്ടതെന്നും ബോബിവര്‍ഗീസ് പറഞ്ഞു.
ഇതിനായി വിവിധ കോളജുകളില്‍ ഒഴിവുള്ള സീറ്റുകള്‍ കണ്ടെത്തി വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കണമെന്നും ഒഴിവുള്ള സീറ്റുകള്‍ കാണിച്ച് വകുപ്പിന് നല്‍കുന്ന അപേക്ഷയുടെ പകര്‍പ്പ് സമര്‍പ്പിക്കണമെന്നും കമ്മിഷനും പറഞ്ഞു.
രാവിലെ നടന്ന സിറ്റിങില്‍ എം. ജി സര്‍വകലാശാല അഫിലിയേഷന്‍ വിഭാഗത്തിലെ ഡെപ്യൂട്ടി രജിസ്്ട്രാര്‍, ജോയിന്റ് രജിസ്്ട്രാര്‍, അസി. രജിസ്്ട്രാര്‍, സെക്ഷന്‍ ഓഫിസര്‍, അസി. സെക്ഷന്‍ ഓഫിസര്‍ എന്നിവര്‍ ഹാജരായി.
വിവിധ കോളജുകള്‍ക്ക് സര്‍വകലാശാല അംഗീകാരം നല്‍കുന്നതിന്റെ അടിസ്ഥാനം, നിബന്ധനകള്‍, പരിമിതികള്‍, തുടങ്ങിയ കാര്യങ്ങള്‍ ഉദ്യോഗസ്ഥരോട് കമ്മിഷന്‍ ചോദിച്ചറിഞ്ഞു. കമ്മിഷന്‍ അംഗങ്ങളായ ഡോ. കെ. കെ. എന്‍ കുറുപ്പ്, ഡോ. ആര്‍. വി. ജെ മേനോന്‍ എന്നിവരും സിറ്റിങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."