വിള ഇന്‍ഷുറന്‍സ് പദ്ധതി പുനരാവിഷ്‌കരിച്ചു; നഷ്ടപരിഹാര തുകയില്‍ പത്തിരട്ടിവരെ വര്‍ധന
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാനപ്പെട്ട മുഴുവന്‍ വിളകളെയും ഉള്‍പ്പെടുത്തി വിള ഇന്‍ഷുറന്‍സ് പദ്ധതി പുനരാവിഷ്‌കരിച്ചതായി കൃഷി മന്ത്രി വി. എസ് സുനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നഷ്ടപരിഹാര തുകയില്‍ പത്തിരട്ടി വരെയുള്ള വര്‍ധനവാണ് വിവിധ വിളകള്‍ക്ക് ഉണ്ടായിട്ടുളളത്. നെല്‍ കൃഷി നശിച്ചാല്‍ കൊടുത്തിരുന്ന പരമാവധി നഷ്ടപരിഹാരം 12,500 രൂപയെന്നത് ഏക്കറിന് 35,000 രൂപയായി പുതുക്കി നിശ്ചയിച്ചു.
ഒന്നര മാസം വരെ പ്രായമായ നെല്‍കൃഷി ഏക്കറൊന്നിന് 7,500 രൂപയില്‍ നിന്നും 15,000 രൂപയാക്കി. ഒന്നര മാസത്തിന് മുകളില്‍ മൂപ്പുള്ള നെല്‍കൃഷി നശിച്ചാല്‍ ലഭിച്ചിരുന്ന നഷ്ടപരിഹാരം 12,500 രൂപയില്‍ നിന്ന് 35,000 ആക്കി വര്‍ധിപ്പിച്ചു. തെങ്ങ് ഒന്നിന് ലഭിച്ചിരുന്ന 1,000 രൂപ നഷ്ടപരിഹാരം 2,000 ആക്കി ഉയര്‍ത്തി. കുലയ്ക്കാത്ത വാഴയ്ക്ക് കൊടുത്തിരുന്ന 20 രൂപ നഷ്ടപരിഹാരം 150 രൂപയായും കുലച്ച വാഴയ്ക്ക് നല്‍കിയിരുന്ന 50 രൂപ 300 ആയും വര്‍ധിപ്പിച്ചു.
പന്തലിട്ട് പരിപാലിക്കുന്ന പച്ചക്കറികള്‍ക്ക് ഹെക്ടറൊന്നിന് നല്‍കിയിരുന്ന 25,000 രൂപ നഷ്ടപരിഹാരം 40,000 ആക്കി ഉയര്‍ത്തി. പന്തലിടാത്ത പച്ചക്കറികളുടേത് 15,000ത്തില്‍ നിന്ന് 25,000 ആയി ഉയര്‍ത്തി. കമുകൊന്നിന് 100 രൂപയെന്നത് 200 ആയും, കുരുമുളക് തൈ ഒന്നിന് 40 രൂപയെന്നത് 200 രൂപയായും, കാപ്പിച്ചെടി ഒന്നിന് നിശ്ചയിച്ചിരുന്ന 75 രൂപയെന്നത് 250 ആയും വര്‍ധിപ്പിച്ചു.
ടാപ്പ് ചെയ്യുന്ന റബര്‍ ഒന്നിന് നിലവിലുണ്ടായിരുന്ന 500 രൂപയെന്ന നഷ്ടപരിഹാര തുക 1,000 രൂപയായും, കശുമാവിന്റെ നഷ്ടപരിഹാരം മരം ഒന്നിന് 200ല്‍ നിന്ന് 500 രൂപയായും കപ്പയുടെ നഷ്ടപരിഹാരം ഹെക്ടറിന് 5,000 രൂപയില്‍ നിന്ന് 10,000 ആയും ഉയര്‍ത്തി. ഇഞ്ചി ഹെക്ടറൊന്നിന് 40,000 രൂപയില്‍ നിന്നും 80,000 ആയും മഞ്ഞള്‍ കൃഷി ഹെക്ടറൊന്നിന് 40,000ല്‍ നിന്നും 60,000 രൂപയായും കൊക്കൊ ചെടി ഒന്നിന് 35 രൂപയില്‍ നിന്നും 300 രൂപയായും വര്‍ധിപ്പിച്ചു.
നിലക്കടല ഹെക്ടറിന് 8,000 രൂപയില്‍ നിന്ന് 12,000 ആയും, പയര്‍വര്‍ഗങ്ങള്‍ ഹെക്ടറൊന്നിന് 2,500 രൂപയെന്നത് 10,000 ആയും, പൈനാപ്പിള്‍ ഹെക്ടറിന് 25,000 എന്നത് 50,000 ആയും, തേയില കൃഷി ഹെക്ടറിന് 60,000 രൂപയെന്നത് 70,000 ആയും കരിമ്പ് ഹെക്ടറിന് 30,000 രൂപയെന്നത് 50,000 രൂപയായുമാണ് ഉയര്‍ത്തിയിട്ടുള്ളത്. നെല്ല്, പച്ചക്കറികള്‍, തെങ്ങ്, വാഴ എന്നിവയുടെ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വര്‍ധനവ് ഉണ്ടാവില്ല. ശേഷിക്കുന്ന വിളകളുടെ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 50 ശതമാനം വര്‍ധന ഉണ്ടാകും.
കേരളത്തിലെ കര്‍ഷകരും കര്‍ഷക സംഘടനകളും കാലങ്ങളായി ഉന്നയിച്ചു വന്ന ആവശ്യത്തിനാണ് കൃഷിവകുപ്പ് ഈ തീരുമാനത്തിലൂടെ പരിഹാരം കണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇതിനു പുറമേ, കേന്ദ്ര സര്‍ക്കാരിന്റെ പി.എം.എഫ്.ബി.വൈയുടെയോ കാലാവസ്ഥാധിഷ്ഠിത ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യവും കര്‍ഷകര്‍ക്ക് ലഭ്യമാകും. നെല്ല്, വാഴ, മരച്ചീനി എന്നീ വിളകള്‍ക്ക് മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷയുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."