പശ്ചാത്താപത്തിന്റെ വാതിലുകള്‍ അടയുന്നില്ല
'തൗബ' എന്ന അറബി വാക്കിന്റെ അര്‍ഥം 'മടക്കം' എന്നാണ്. പാപിയായ മനുഷ്യന്‍ പാപരഹിതമായ തുടര്‍ക്കാല ജീവിതത്തിനു മെയ്യും മനസും ദൃഢമാക്കി സ്രഷ്ടാവിലേക്ക് തിരിഞ്ഞു നടക്കുന്ന ഖേദപ്രകടന പ്രക്രിയയാണ് തൗബ. അല്ലാഹുവിന്റെ ശിക്ഷ ഭയപ്പെട്ട് അവന്റെ കല്‍പനക്കു എതിരു പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് മടങ്ങിയവന് 'താഇബ്' എന്നും ലജ്ജ കാരണം അരുതായ്മകളില്‍ നിന്ന് മടങ്ങിയവന് 'മുനീബ്' എന്നും അല്ലാഹുവിന്റെ പ്രതാപത്തെ പ്രകീര്‍ത്തിച്ച് മടങ്ങിയവന് 'അവ്വാബ്' എന്നുമാണ് അറബി നാമം. അല്ലാഹു തന്റെ ദാസന്മാരെ തൗബ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതായി വിശുദ്ധ ഖുര്‍ആനില്‍ കാണാം: അവന്‍ തന്റെ അടിമകളില്‍ നിന്ന് പശ്ചാത്താപം സ്വീകരിക്കുകയും കുറ്റകൃത്യങ്ങള്‍ക്ക് മാപ്പരുളുകയും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അറിയുകയും ചെയ്യുന്നു (അശ്ശൂറാ:25). അല്ലാഹു പറയുന്നു: 'സ്വന്തം ആത്മാക്കളോട് അക്രമം പ്രവര്‍ത്തിച്ചവരായ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശരാവരുത്. നിശ്ചയം, അല്ലാഹു നിങ്ങളുടെ സകല പാപങ്ങള്‍ക്കും മാപ്പേകുന്നവനത്രെ. അവന്‍ ഏറ്റവും പൊറുക്കുന്നവനും ദയാപരനുമല്ലോ.' (അസ്സുമര്‍:53)
അടിമ തൗബ ചെയ്യുമ്പോള്‍ അല്ലാഹു സന്തോഷിക്കുമെന്ന് ഹദീസുകളില്‍ കാണാം. തെറ്റുകാരനായ അടിമ തന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങിവരുന്നത് അല്ലാഹുവിന് ഏറ്റവും സന്തോഷമുള്ള കാര്യമാണ്. നബി (സ) അല്ലാഹുവിന്റെ സന്തോഷത്തിനു ഒരു ഉദാഹരണം നല്‍കുന്നത് നോക്കുക; അനസ് ബിന്‍ മാലിക്(റ)വില്‍ നിന്ന് നിവേദനം, റസൂല്‍ (സ)അരുള്‍ ചെയ്തു: 'അല്ലാഹുവിന് തന്റെ ദാസന്‍ പശ്ചാത്തപിക്കുന്ന സമയത്ത് അങ്ങേയറ്റം സന്തോഷമുണ്ടാകും. നിങ്ങളില്‍ ഒരാളെക്കാളും; അവന്‍ തന്റെ ഒട്ടകവുമായി വിജനമായ ഒരു സ്ഥലത്തായിരിക്കെ, ആ ഒട്ടകം അവനില്‍ നിന്നും നഷ്ടപ്പെട്ടു. അതിന്റെ പുറത്തായിരുന്നു അവന്റെ പാഥേയം. വളരെയധികം നിരാശയോട് കൂടി അയാള്‍ ഒരു മരത്തണലില്‍ കിടന്നു. അങ്ങനെയിരിക്കെ ആ ഒട്ടകമതാ അവന്റെ അടുത്ത് നില്‍ക്കുന്നു. സന്തോഷാധിക്യത്താല്‍ അവന്‍ ഇപ്രകാരം പറഞ്ഞു: 'അല്ലാഹുവേ, നീ എന്റെ അടിമയും ഞാന്‍ നിന്റെ രക്ഷിതാവുമാകുന്നു'. (സന്തോഷത്തിന്റെ ആധിക്യത്താല്‍ അവന് വാക്കുകള്‍ മാറിപ്പോയി).' (സ്വഹീഹ് മുസ്‌ലിം).''ആരെങ്കിലും പാപമോചനം ചെയ്യാന്‍ ഉറച്ച തീരുമാനമെടുത്താല്‍ അല്ലാഹു അവനു എല്ലാ കുടുസുകളില്‍ നിന്നും മോചനം നല്‍കും, എല്ലാ പ്രയാസങ്ങളില്‍ നിന്നും വിടുതല്‍ നല്‍കും. അവന്‍ പ്രതീക്ഷിക്കാത്ത മാര്‍ഗങ്ങളിലൂടെ അവന് വിഭവങ്ങള്‍ നല്‍കപ്പെടും'' (അബൂദാവൂദ്). എല്ലാ മനുഷ്യരും തെറ്റ് ചെയ്യുന്നവരാണ്. തെറ്റ് ചെയ്യുന്നവരില്‍ ഉത്തമന്‍ തൗബ ചെയ്യുന്നവനാണ്'' (ബൈഹഖി).
പിശാചിന്റെ പ്രലോഭനങ്ങളില്‍ നിന്നും തെറ്റു കുറ്റങ്ങളില്‍ നിന്നുമുള്ള പ്രതിരോധ കവചമത്രെ തൗബ. പാപത്തിന്റെ പാഴ്‌ച്ചേറില്‍ നിന്നും പരിശുദ്ധിയുടെ ഏടുകളാണ് 'തൗബ'യിലൂടെ തുറക്കപ്പെടുന്നത്. തന്മൂലം, മനുഷ്യന്‍ അല്ലാഹുവിലേക്ക് അടുക്കുന്നു. അക്കാര്യം അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ വ്യക്തമാക്കുന്നു: 'തീര്‍ച്ചയായും അല്ലാഹു ശുദ്ധിയുള്ളവരെയും പശ്ചാത്താപികളെയും ഇഷ്ടപ്പെടുന്നു.' (അല്‍ ബഖറ: 222)
തെറ്റ് ചെയ്യുക എന്നത് മനുഷ്യപ്രകൃതിയില്‍ പെട്ടതാണ്. തെറ്റ്‌ചെയ്യാത്ത മനുഷ്യരുണ്ടാവില്ല. എന്നാല്‍ തെറ്റില്‍ ഉറച്ചുനില്‍ക്കാതെ പശ്ചാത്തപിച്ചു മടങ്ങലാണ് ബുദ്ധിമാനായ വിശ്വാസി സ്വീകരിക്കുന്ന വഴി.
ഖുദ്‌സിയ്യായ ഹദീസില്‍ അല്ലാഹു പറയുന്നു: ''എന്റെ അടിമകളേ, നിങ്ങള്‍ രാപകലുകളില്‍ തെറ്റുകള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഞാനാകട്ടെ, പാപങ്ങളെല്ലാം പൊറുക്കുന്നു. അതിനാല്‍ എന്നോട് പാപമോചനം തേടുവിന്‍, ഞാന്‍ നിങ്ങള്‍ക്ക് പൊറുത്തു തരും'' (സ്വഹീഹ് മുസ്‌ലിം).ഇബ്‌നു ഉമര്‍ (റ) റിപ്പോര്‍ട്ട് ചെയ്യുന്നത് കാണുക: ''നബി(സ) ഒറ്റയിരിപ്പില്‍ 'നാഥാ നീ എനിക്ക് പൊറുത്തുതരേണമേ, എന്നില്‍ പശ്ചാത്താപം ചൊരിയേണമേ, നീയാണല്ലോ ഏറ്റവും പൊറുക്കുന്നവനും കാരുണ്യവാനും' എന്ന് നൂറു തവണയെങ്കിലും ചൊല്ലുന്നത് ഞങ്ങള്‍ എണ്ണാറുണ്ടായിരുന്നു'' (അബൂദാവൂദ്, നസാഇ).
തൗബ നിഷ്‌കളങ്കവും ആത്മാര്‍ഥവും സ്വീകാര്യവും ആയിത്തീരാന്‍ ഇസ്‌ലാം നിശ്ചയിച്ച നിബന്ധനകള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. കര്‍മശാസ്ത്ര വിശാരദന്മാര്‍ അതിനെ ഏഴായി എണ്ണിയിരിക്കുന്നത് കാണാം.1. തൗബ ആത്മാര്‍ഥതയോടെ അല്ലാഹുവിനോടായിരിക്കണം.2. തൗബ ചെയ്യുന്നത് അത് സ്വീകരിക്കപ്പെടുന്ന സമയത്തായിരിക്കണം (ഹദീസില്‍ വിവരിച്ചതു പോലെ സൂര്യന്‍ പടിഞ്ഞാറ് നിന്ന ്ഉദിക്കുന്നതിനു മുമ്പും, റൂഹ് തൊണ്ടക്കുഴിയില്‍ എത്തുന്നതിനു മുമ്പും ആയിരിക്കണം).3. തെറ്റ് തെറ്റാണെന്ന് അംഗീകരിച്ചു കൊണ്ടായിരിക്കണം.4. ആ തെറ്റില്‍ നിന്ന് പരിപൂര്‍ണമായും വിട്ടുനില്‍ക്കണം.5. ചെയ്തു പോയ തെറ്റിനെ സംബന്ധിച്ച് ഖേദവും പശ്ചാത്താപബോധവും ഉണ്ടാവണം.6. ആ തെറ്റിലേക്ക് ഇനി മടങ്ങുകയില്ലെന്ന് ഉറച്ച തീരുമാനമെടുക്കണം. 7. ആ തെറ്റ് മറ്റുള്ളവരുടെ അവകാശങ്ങള്‍ അവിഹിതമായി കൈക്കലാക്കി കൊണ്ടുള്ളതാണെങ്കില്‍ അവ തിരിച്ചു നല്‍കണം.
(പണ്ഡിതന്‍, വാഗ്മി,ഗ്രന്ഥകാരന്‍, പ്രബോധകന്‍,വിദ്യാഭ്യാസപ്രവര്‍ത്തകന്‍ തുടങ്ങിയ നിലയിലിലെല്ലാം പ്രശസ്തനായ ഹബീബ് ജിഫ്‌രി അബൂദബി ത്വാബ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂഷന്‍ സ്ഥാപകനാണ്)
മൊഴിമാറ്റം: തന്‍സീര്‍ ദാരിമി കാവുന്തറ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."