കലയപുരത്തെ യാത്രക്കാര്‍ ദുരിതത്തില്‍
കൊട്ടാരക്കര: എം.സി റോഡ് നവീകരണത്തിന്റെ ഭാഗമായി കലയപുരത്തെ രണ്ട് കാത്തിരിപ്പ് കേന്ദ്രങ്ങളും പൊളിച്ച് നീക്കിയതോടെ യാത്രക്കാരുടെ ദുരിതം ഇരട്ടിയായി.
മഴയത്തും വെയിലത്തും കയറിനില്‍ക്കാന്‍ പോലും ഒരിടം ഇല്ലാതെയായി. കെ.എസ്.ടി.പി അധികൃതര്‍ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മിക്കുമെന്നാണ് പറഞ്ഞിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ബസ് സ്റ്റോപ്പുകള്‍ മാറ്റി സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും എവിടെയാണെന്ന് ഒരു നിശ്ചയവുമില്ല. ബസുകള്‍ പോലും പല സ്ഥലങ്ങളില്‍ നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റുന്നത്.
360 മീറ്റര്‍ നീളമുള്ള കലയപുരം ടൗണ്‍ ഭാഗത്തെ റോഡ് നവീകരണം ഏകദേശം നിലച്ച മട്ടാണ്. ശരാശരി നാല് മീറ്റര്‍ നടപ്പാതക്ക് മാറ്റി വച്ചതോടെ റോഡിന്റെ വീതി 11 മീറ്ററായി ചുരുങ്ങി. ഓട്ടോറിക്ഷകളും മറ്റു വാഹനങ്ങളും റോഡ് വക്കില്‍ പാര്‍ക്ക് ചെയ്യുന്നതു കാരണം ഗതാഗതക്കുരുക്ക് സര്‍വസാധാരണമായി. കുറെ നാളുകളായി പണികള്‍ ഒന്നും നടക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ആദ്യം ധൃതഗതിയില്‍ പണി നടക്കുകയും പിന്നീട് നടപ്പാതയുടെ വീതി കുറക്കാന്‍ ഉള്ള ശ്രമവും നടത്തിയിരുന്നു. തറയോട് പാകാനുള്ള ശ്രമവും പാതിവഴിയില്‍ ഉപേക്ഷിച്ചു. നവീകരണം ഏപ്രിലിന് മുന്‍പ് പൂര്‍ത്തിയാക്കി സൂചകങ്ങളും വരകളും സ്ഥാപിക്കുമെന്ന വാക്കും വെറും വാക്കായി. ഇതോടെ അപകട തുരുത്ത് ആയി കലയപുരം മാറുന്നു.
അടുത്ത കാലത്തും വള്ളക്കടവില്‍ ഒരു അപകടമരണം സംഭവിച്ചിരുന്നു. നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഉടന്‍ തുറക്കണമെന്ന് കെ.പി.സി.സി വിചാര്‍ വിഭാഗ് ജില്ലാ വൈസ് ചെയര്‍മാന്‍ കലയപുരം മോനച്ചന്‍ അവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."