ശമ്പള കുടിശിക നല്‍കാതെ പിരിച്ചുവിടല്‍; ആത്മഹത്യ ചെയ്ത ജീവനക്കാരന്റെ മൃതദേഹവുമായി പ്രതിഷേധം
തിരുവനന്തപുരം: ശമ്പള കുടിശിക നല്‍കാതെ ജോലിയില്‍ നിന്ന് പുറത്താക്കിയതില്‍ മനംനൊന്ത് ജീവനൊടുക്കിയ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി ജഗദീഷി (42)ന്റെ മൃതദേഹവുമായി സഹപ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധിച്ചു. ആരോഗ്യവകുപ്പില്‍ നിന്നു പിരിച്ചുവിടപ്പെട്ട കരാര്‍ ജീവനക്കാരാണ് ശമ്പള കുടിശിക നല്‍കണമെന്നാവശ്യപ്പെട്ട് മൃതദേഹവുമായി സമരം നടത്തിയത്. ഒരുമാസത്തിനുള്ളില്‍ ശമ്പളം പൂര്‍ണമായി നല്‍കുമെന്ന ഉറപ്പുലഭിച്ചതിനെ തുടര്‍ന്ന് താല്‍ക്കാലികമായി പ്രതിഷേധം അവസാനിപ്പിച്ചു. സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും ജീവനക്കാരുടെ പ്രതിനിധി വിജയലക്ഷ്മി അറിയിച്ചു.
അഞ്ചര വര്‍ഷമായി താല്ക്കാലികാടിസ്ഥാനത്തില് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായി ജോലി ചെയ്തിരുന്ന ജഗദീഷിനെ ബുധനാഴ്ച രാത്രി ഏഴോടെയാണ് അരിസ്റ്റോ ജങ്ഷനിലെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്ത് മാസത്തെ ശമ്പളക്കുടിശിക നല്‍കാതെ പിരിച്ചുവിട്ടതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ബന്ധുക്കളും മറ്റ് കരാര്‍ ജീവനക്കാരും മൃതദേഹവുമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയത്. മൃതദേഹം കാസര്‍കോട്ടേക്ക് കൊണ്ടുപോയതിനുശേഷവും അന്‍പതോളം വരുന്ന വനിതകള്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടര്‍ന്ന് മന്ത്രിയുടെ ഓഫിസിലേക്ക് പ്രതിഷേധവുമായെത്തിയ ഇവര്‍ ഏപ്രില്‍ 23നകം ശമ്പള കുടിശിക തീര്‍ത്തുനല്‍കുമെന്ന അധികൃതരുടെ ഉറപ്പ് ലഭിച്ചതിന് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."