കൊടുംകുറ്റവാളികള്‍ക്ക് ഇളവ്: ഗവര്‍ണറെ കാണുമെന്ന് പ്രതിപക്ഷം
മലപ്പുറം: ടി.പി വധക്കേസിലേതുള്‍പ്പെടെയുള്ള കൊടുംകുറ്റവാളികളെയും കൊടും ഭീകരരെയും വെറുതെവിടാന്‍ സര്‍ക്കാര്‍ നീക്കം നടത്തിയത് അങ്ങേയറ്റം അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫിന്റെ പ്രതിഷേധം ഗവര്‍ണറെ അറിയിക്കുമെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കുറ്റവാളികളായി ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഇളവ് നല്‍കുന്നതില്‍ തെറ്റില്ല. എന്നാല്‍, ഇതിനൊക്കെ ചില മാനദണ്ഡങ്ങള്‍ ഉണ്ട്. കൊടുംകുറ്റവാളികള്‍ക്കും കൊടുംഭീകരര്‍ക്കും ഈ ഇളവ് നല്‍കുന്നത് അംഗീകരിക്കാനാവില്ല.
ഇത് വളരെ ഗുരുതരമായ പ്രശ്‌നം തന്നെയാണെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ നീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ഇത് ചര്‍ച്ചയാക്കുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
നീചമായ കൊലക്കുള്ള
പ്രത്യുപകാരം: കെ.കെ രമ
കോഴിക്കോട്: ടി.പി കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ വിധവയും ആര്‍.എം.പി.ഐ നേതാവുമായ കെ.കെ രമ. നീചമായ കൊലക്കുള്ള പ്രത്യുപകാരമാണിതെന്നും അവര്‍ പറഞ്ഞു. പ്രതികളെ പുറത്തുകൊണ്ടുവരാന്‍ വേണ്ടി കൃത്യമായി സര്‍ക്കാര്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. അവരെ സംരക്ഷിക്കുക എന്നതാണ് ഈ സര്‍ക്കാരിന്റെ നയമെന്ന് വ്യക്തമാകുകയാണ്. സര്‍ക്കാര്‍ ഈ തീരുമാനവുമായി മുന്നോട്ടുപോകുകയാണെങ്കില്‍ ശക്തമായ സമരവുമായി ഞങ്ങള്‍ മുന്നോട്ടുപോകുമെന്നും രമ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."