നിപാ പനി: വനതാഴ്‌വാരത്ത് വവ്വാലുകള്‍ക്ക് പലായന ഭീഷണി
കാട്ടാക്കട: നിപ്പാ പനിയുടെ ഉറവിടം വവ്വാലുകള്‍ എന്ന വാര്‍ത്ത പരന്നതോടെ മരണമണി മുഴങ്ങുകയാണ് ഈ ജീവിയ്ക്ക്. കൂട്ടമായി ചേക്കേറിയ മരങ്ങളില്‍ നിന്നും വവ്വാലുകളെ കൊല്ലാന്‍ സംഘങ്ങള്‍ എത്തി തുടങ്ങി. അഗസ്ത്യമലയുടെ താഴ്‌വാരത്തുള്ള ഗ്രാമങ്ങളിലാണ് ഈ മരണമണി മുഴക്കം.
മരത്തിന്റെ ചില്ലകളില്‍ തലകീഴായി കിടക്കുന്ന വവ്വാലുകളെ ഇറച്ചിക്കും മരുന്നിനും വേണ്ടി കൊന്നൊടുക്കാന്‍ വേട്ടക്കാര്‍ മലയോരഗ്രാമങ്ങളില്‍ നിറഞ്ഞിരിക്കുന്ന സഹചര്യത്തില്‍ കൂടിയാണ് വൈറസ് ബാധയുടെ പേരില്‍ ഈ ഓടിക്കല്‍ ജില്ലയിലെ തെക്കന്‍ മേഖലകളില്‍ ഇപ്പോള്‍ വവ്വാലുകള്‍ ധാരാളമാണ്. നെയ്യാര്‍ വനത്തിന്റെ സാന്നിധ്യം കൂടിയാകുമ്പോള്‍ അവറ്റകള്‍ കൂട്ടത്തോടെയാണ് കാടിറങ്ങി നാട്ടില്‍ രാപാര്‍ക്കുന്നത്.
വിവിധയിനത്തിലുള്ള വവ്വാലുകള്‍ ഇവിടുണ്ട്. ഓരോ മരത്തിലും 50 ല്‍ അധികം. മാത്രമല്ല വനത്തിലെ ആദിവാസി കോളനികളുടെ സമീപത്ത് മരങ്ങളില്‍ വവ്വാലുകള്‍ ധാരാളമുണ്ട്. ഇവിടെയും വവ്വാലുകള്‍ക്ക് രക്ഷയില്ലാത്ത നിലയായി. ആദിവാസികള്‍ മരത്തിന്റെ താഴെ തീയിട്ട് പുക മുകളിലോട്ട് വിട്ടാണ് ഓടിക്കല്‍. മാത്രമല്ല കെണി വച്ച് വീഴ്ത്തുകയും ചെയ്യുന്നു.
സാധാരണ വവ്വാലുകളെ കൂട്ടുകാരായാണ് ആദിവാസികള്‍ കാണുന്നത്. ഗ്രാമങ്ങളിലും ഇതാണ് അവസ്ഥ. നിജസ്ഥിതി അറിയാതെ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നവ കേട്ടാണ് കൂട്ടപാലായത്തിന് മുതിര്‍ന്നിരിക്കുന്നത്. സൗത്ത് ഏഷ്യയില്‍ 123 തരം വവ്വാലുകള്‍ ഉള്ളതായി പഠനം കാണിക്കുന്നു. അതില്‍ പകുതിയിലേറെയും ഇന്ത്യയിലാണ്. കേരളത്തില്‍ 25 ഇനത്തിലേറെ വവ്വാലുകള്‍ പറന്നു നടക്കുന്നു.
പരേതനായ പക്ഷി ഗവേഷകന്‍ ഡോ. സലിം അലി നടത്തിയ നിരീക്ഷണത്തില്‍ പഴം ഭക്ഷിക്കുന്ന വവ്വാലുകളില്‍ ഒരിനം കേരളത്തിലെ തെക്കന്‍ മേഖലയില്‍ നിന്നും കണ്ടെത്തുകയും അതിനെ റെഡ് ഡാറ്റാ ബുക്കില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. അത്തരം വവ്വാലുകളാണ് ഇവിടെ ചേക്കേറിയിരിക്കുന്നത്. വവ്വാലുകളുടെ നാശത്തോടെ മഴക്കാടുകളിലെ ആവാസവ്യവസ്ഥയും അതിലൂടെ സമ്പദ് വ്യവസ്ഥയും തകരുമെന്നും മഴക്കാടുകളും വനങ്ങളും സംരക്ഷിക്കാന്‍ മറ്റേതൊരു ജീവിയെക്കാളും വവ്വാലുകള്‍ക്ക് കഴിയുമെന്നും പഠനങ്ങള്‍ തെളിയിച്ചു കഴിഞ്ഞു. അതിനാല്‍ വവ്വാലുകളെ കൊല്ലുന്നത് കടുത്ത ശിക്ഷയാക്കി മാറ്റുകയും ചെയ്തിരുന്നു.
വവ്വാലുകള്‍ കര്‍ഷകന്റെ ശത്രുവെന്നായിരുന്നു ആദ്യകാല സങ്കല്‍പ്പം. എന്നാല്‍ അത് അബന്ധധാരണയാണെന്ന് തെളിയിച്ചു കഴിഞ്ഞു. വവ്വാലുകള്‍ കഴിക്കുന്ന പഴങ്ങളുടെ സത്ത് തിന്നതിനുശേഷം അതിന്റെ വിത്ത് പുറത്തേക്ക് വര്‍ഷിക്കും. തരിശുഭൂമികളില്‍ ഉള്‍പ്പടെ വീഴുന്ന വിത്തുകള്‍ വളര്‍ന്ന് വ്യക്ഷമായി മാറി വനം വിസ്ത്യതിയാക്കുന്നു. കേരളത്തില്‍ ഇത് വന്‍ തോതിലാണ് നടക്കുന്നതെന്ന് വനം വകുപ്പ് പഠനം തന്നെ പറയുന്നു.
കാലാവസ്ഥാവ്യതിയാനവും വനനശീകരണവുമാണ് മറ്റുപലരോഗങ്ങളുടെ കാര്യത്തിലുമെന്നപോലെ നിപ്പ വൈറസ് രോഗത്തിനുമുള്ള അടിസ്ഥാനകാരണം.
വനനശീകരണത്തെത്തുടര്‍ന്ന് പ്രകൃതിദത്ത ആവാസവ്യവസ്ഥ നഷ്ടപ്പെട്ട് ഭക്ഷണം കിട്ടാതെ വലഞ്ഞ വവ്വാലുകളുടെ ശരീരത്തിലെ വൈറസ് സാന്ദ്രത വര്‍ധിക്കുകയും മൂത്രം, ഉമിനീര് തുടങ്ങിയ സ്രവങ്ങളിലൂടെ വന്‍തോതില്‍ വൈറസ് പുറത്തേക്ക് വിസര്‍ജിക്കപ്പെടുകയും ചെയ്തു. അങ്ങനെ മറ്റു മൃഗങ്ങളും തുടര്‍ന്ന് മനുഷ്യരും രോഗബാധയ്ക്ക് വിധേയരാകുന്നു എന്നാണ് ശാസ്ത്രലോകം പറയുന്നത്.
വവ്വാലുകള്‍ക്കായി ദേശീയ തലത്തില്‍ ബാറ്റ് കണ്‍സര്‍വേഷന്‍ ഓഫ് ഇന്‍ഡ്യ എന്ന സംഘടനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."