പെട്രോള്‍ പമ്പുകളിലെ തട്ടിപ്പ് മനസിലാക്കാന്‍ നൂതന സാങ്കേതിക വിദ്യയുമായി യുവ എന്‍ജിനീയര്‍മാര്‍
കിളിമാനൂര്‍: ഓട്ടോമൊബൈല്‍ രംഗത്ത് പുത്തന്‍ സാങ്കേതിക വിദ്യയുമായി കിളിമാനൂര്‍ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ യുവ എന്‍ജിനീയര്‍മാര്‍ അത്യാധുനിക മോഡലുകള്‍ വികസിപ്പിച്ചെടുത്തു.
നിങ്ങള്‍ നല്‍കുന്ന പണത്തിന് പമ്പുകളില്‍ നിന്ന് പെട്രോള്‍ വാഹനങ്ങളില്‍ നിറയ്ക്കാറുണ്ടോ? പലര്‍ക്കും പലപ്പോഴും തോന്നുന്ന സംശയമാണ്. പെട്രോള്‍ നിറയ്ക്കുന്ന യന്ത്രത്തിലെ ഡിസ്‌പ്ലേ മാത്രമാണ് നമ്മള്‍ നോക്കുക. അതിനുമപ്പുറം പമ്പ് അധികൃതര്‍ റിമോട്ട് കണ്‍ട്രോള്‍ഡ് ചിപ്പ് ഉപയോഗിച്ച് നിറയ്ക്കുന്ന അളവില്‍ കുറവ് വരുത്തി തട്ടിപ്പ് നടത്തി വരുന്നതായി കണ്ടെത്തിയിരിക്കുന്നു.
ഇങ്ങനെ പമ്പ് അധികൃതര്‍ അതീവ രഹസ്യമായി ഉപഭോക്താവിനെ പറ്റിക്കുന്നു. ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്ന പണത്തിനുള്ള ഇന്ധനം നല്‍കാതെയാണ് ഈ തട്ടിപ്പ് നടത്തുന്നത്്.
വാഹനത്തിനു ഇന്ധനം നിറയ്ക്കാന്‍ പമ്പില്‍ എത്തുമ്പോള്‍ നല്കുന്ന പണത്തിനു തുല്യമായ അളവില്‍ ആണ് ഇന്ധനം നിറയ്ക്കുന്നതെന്നു ഉറപ്പുവരുത്താന്‍ വിദ്യ അക്കാദമിയിലെ എട്ടാം സെമസ്റ്റര്‍ മെക്കാനിക്കല്‍ വിദ്യാര്‍ഥികളായ ആദ്യ ബി. സണ്‍, അക്ഷയ് ടി. എസ്, അരുണ്‍ചന്ദ്രന്‍, അരുണ്‍ ബി. എസ്, ലക്ഷ്മി പ്രേംജിത്, പ്രവീണ്‍ എം. എന്നിവര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ റോബിന്‍ ഡേവിഡിന്റെ നേതൃത്വത്തിലാണ് ഈ പുത്തന്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.
പെട്രോള്‍ പമ്പുകളില്‍ നിന്നും നിറയ്ക്കുന്ന ഇന്ധനത്തിന്റെ അളവ് വാഹനത്തിന്റെ ഇന്‍സ്ട്രുമെന്റ് പാനലില്‍ ഘടിപ്പിച്ചിരിക്കുന്ന ഡിജിറ്റല്‍ ഡിസ്‌പ്ലേയില്‍ കാണിക്കുന്നു. നിലവില്‍ ഡീസല്‍ വാഹനത്തിനു വേണ്ടിയാണു ഈ നൂതന വിദ്യ വികസിപ്പിച്ചെടുത്തത്. ഇതില്‍ തെറ്റായ ഇന്ധനം (പെട്രോള്‍) നിറയ്ക്കുമ്പോള്‍ ഇന്‍സ്ട്രുമെന്റ് പാനലില്‍ ഘടിപ്പിച്ചിരിക്കുന്ന ബസ്സര്‍, അലാറം പുറപ്പെടുവിക്കുകയും അതോടൊപ്പം തെറ്റായി നിറച്ച ഇന്ധനത്തെ ഒരു പ്രത്യേക ടാങ്കിലേക്ക് മാറ്റുകയും ചെയ്യുന്നു. കൂടാതെ വാഹനത്തില്‍ തെറ്റായ ഇന്ധനം നിറയ്ക്കുമ്പോള്‍ വാഹന ഉടമയുടെ മൊബൈല്‍ ഫോണിലേക്ക് തെറ്റായ ഇന്ധനം നിറച്ചതിന്റെ സന്ദേശം ലഭിക്കുകയും ഇന്ധനം നിറച്ച പെട്രോള്‍ പമ്പിന്റെ ലൊക്കേഷന്‍ മനസിലാക്കാനും ഈ സാങ്കേതിക വിദ്യ സഹായിക്കുന്നു.
സ്‌മെല്‍ സെന്‍സര്‍, മൈക്രോകണ്‍ട്രോളര്‍, കണ്ട്രോള്‍ വാല്‍വ്, ഡിജിറ്റല്‍ ഡിസ്‌പ്ലേ, ബസ്സര്‍ അലാറം, ഫ്‌ളോ മീറ്റര്‍, ജി.പി.എസ്, ജി.എസ്.എം മൊഡ്യൂള്‍ എന്നിവയാണ് ഈ മോഡലിന്റെ പ്രധാന ഘടകങ്ങള്‍.
വാഹനത്തിന്റെ ഇന്ധന ചോര്‍ച്ച മനസിലാക്കാനും ഈ ഉപകരണം സഹായിക്കുന്നു. മെക്കാനിക്കല്‍ വിഭാഗം മേധാവി ഡോ. ടി. മാധവരാജ് രവികുമാര്‍, പ്രൊഫസര്‍മാരായ ബിജീഷ് പി, അവിനാഷ് ജി .എസ്, രഞ്ജീഷ് സുഗതന്‍ സഹായം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."