രാജ്‌കോട്ട് പീഡനം ദലിതര്‍ക്ക് സുരക്ഷിതത്വം ഇല്ലെന്നതിന്റെ ഉദാഹരണം: കൊടിക്കുന്നില്‍
കൊല്ലം: ഗുജറാത്തിലെ രാജ്‌കോട്ടില്‍ ദലിത് ദമ്പതികളെ അതിദാരുണമായി മര്‍ദിക്കുകയും ഓടി രക്ഷപെടാന്‍ അനുവദിക്കാതെ മുകേഷ് വാണിയ എന്ന യുവാവിനെ കെട്ടിയിട്ട് ഇരുമ്പുദണ്ഡ് കൊണ്ട് മൃഗീയമായി തല്ലിച്ചതച്ചു കൊന്ന സംഭവം രാജ്യത്തെയാകെ ഞെട്ടിപ്പിക്കുന്ന അതിദാരുണമായ കൊലപാതകമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി അഭിപ്രായപ്പെട്ടു.
മുകേഷ് വാണിയ ജോലി ചെയ്തിരുന്ന ഫാക്ടറി ഉടമയുടെ നിര്‍ദേശ പ്രകാരമാണ് ഏതാനും ഫാക്ടറി ജീവനക്കാര്‍ ദലിത് യുവാവിനെ മര്‍ദിച്ചു കൊന്നത്. ആ യുവാവിന്റെ ഭാര്യ ഗുരുതരമായി മര്‍ദനമെറ്റ് ആശുപത്രിയിലാണ്. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത് അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദലിതര്‍ക്ക് സുരക്ഷിതത്വമില്ലായെന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഗുജറാത്തിലെ രാജ്‌കോട്ടില്‍ നടന്ന നഗ്‌നമായ ദലിത് പീഡനം. ബി.ജെ.പി ഭരണത്തിന്‍ കീഴില്‍ സവര്‍ണ വര്‍ഗക്കാര്‍ ദലിതരെ മൃഗങ്ങളെക്കാള്‍ ഭീകരമായി തല്ലിക്കൊല്ലുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ബി.ജെ.പിയുടേയും സംഘപരിവാര്‍ സംഘടനകളുടേയും മൗനാനുവാദത്തോടു കൂടിയാണ് ഇത്തരം അതിക്രമങ്ങള്‍ രാജ്യത്ത് നടക്കുന്നത്. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് ആര്‍.എസ്.എസ് ബി.ജെ.പി നേതൃത്വം കൈക്കൊള്ളുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം സംസ്ഥാനത്ത് നടക്കുന്ന അതിക്രമങ്ങള്‍ക്കും ദലിത് വേട്ടയ്ക്കും എതിരെ മൗനം പാലിക്കുന്നത് ആര്‍.എസ്.എസിന്റെ തടവറയിലായതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍.എസ്.എസ്, സംഘപരിവാര്‍ സംഘടനകളുടെ അടിമയായി കഴിയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളില്‍ നിന്നും ദലിതരെ രക്ഷിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതായും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.
ബി.ജെ.പി ഭരണത്തില്‍ കീഴില്‍ ഇന്ത്യയില്‍ എല്ലായിടത്തും ദലിത് സമൂഹം അനുഭവിക്കുന്ന ജാതിയമായ വിവേചനവും ഭരണപരമായ അവഗണനയും ഇപ്പോഴും തുടരുകയാണ്. പൊലിസുകാരും ബി.ജെ.പി,ആര്‍.എസ്.എസ് ഗുണ്ടകളും ചേര്‍ന്ന് ദലിതര്‍ക്ക് നേരെ നടത്തിക്കൊണ്ടിരിക്കുന്ന പീഡനങ്ങളും അതിക്രമങ്ങളും അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരോ, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോ തയ്യാറാകുന്നില്ല. ദലിത് വിഭാഗങ്ങളെക്കാള്‍ വോട്ട് ബാങ്കിന് വേണ്ടി സവര്‍ണ വിഭാഗങ്ങളെ പ്രീണിപ്പിക്കുന്ന ബി.ജെ.പി നേതാക്കളുടേയും മോദി സര്‍ക്കാരിന്റേയും നടപടി രാജ്യത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."