പൊന്നാനി വാണിജ്യതുറമുഖ നിര്‍മാണം പുനരാരംഭിച്ചു
പൊന്നാനി: ഒരിടവേളയ്ക്ക് ശേഷം പൊന്നാനി വാണിജ്യ തുറമുഖ നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കമായി. ആക്‌സസ് ബണ്ടിന്റെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. ഏറെ പ്രതീക്ഷയോടെ മൂന്നു വര്‍ഷം മുന്‍പ് നിര്‍മാണമാരംഭിച്ച വാണിജ്യ തുറമുഖത്തിന്റെ പ്രവൃത്തി പല ഘട്ടങ്ങളിലും നിന്നുപോകുകയായിരുന്നു. നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലാകട്ടെ ഇഴഞ്ഞു നീങ്ങുന്ന തരത്തിലുമായിരുന്നു. ഇപ്പോള്‍ മാസങ്ങളോളം മുടങ്ങിക്കിടന്ന കല്ലിടല്‍ പ്രവര്‍ത്തികളാണ് കഴിഞ്ഞദിവസം മുതല്‍ പുനരാരംഭിച്ചത്.
നിര്‍മാണോദ്ഘാടനം പൂര്‍ത്തീകരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പത്ത് ശതമാനം ജോലികള്‍ പോലും നിര്‍മാണ കമ്പനിക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. നിര്‍മാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയും സ്പീക്കറും കമ്പനിക്ക് അന്ത്യശാസനം നല്‍കിയിരുന്നു.
ചെന്നൈ ആസ്ഥാനമായുള്ള മലബാര്‍ പോര്‍ട്‌സാണ് നിര്‍മാണമേറ്റെടുത്തതെങ്കിലും കമ്പനിയുടെ സാമ്പത്തിക പരാധീനത മൂലമാണ് പ്രവൃത്തികള്‍ വൈകുന്നതെന്നാണ് ആക്ഷേപം. എന്നാല്‍ ക്വാറിയില്‍ നിന്ന് വലിയ കല്ലുകള്‍ ലഭിക്കുന്നതിനുള്ള പ്രയാസവും അപ്രതീക്ഷിതമായെത്തുന്ന കടല്‍ക്ഷോഭവുമാണ് ബണ്ട് നിര്‍മാണം വൈകുവാന്‍ ഇടയാക്കിയതെന്നാണ് കമ്പനി ജീവനക്കാരുടെ വിശദീകരണം. ആദ്യഘട്ട പ്രവര്‍ത്തനമായ ആക്‌സസ് ബണ്ടിന്റെ 240 മീറ്റര്‍ ഭാഗത്തെ കല്ലിടല്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്.1300 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കേണ്ട ആക്‌സസ് ബണ്ടിന്റെ പകുതി പോലും ഇതുവരെ നിര്‍മിച്ചിട്ടില്ല. ഇപ്പോള്‍ പത്ത് മുതല്‍ പന്ത്രണ്ട് ലോഡ് വരെ കല്ലാണ് ദിനംപ്രതി ഇവിടെയെത്തുന്നത്. അഞ്ചു മാസം കൊണ്ട് ആക്‌സസ് ബണ്ടിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് നിര്‍മാണ കമ്പനിയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."