കൗതുകത്തിന് നോമ്പെടുത്തു; ഇപ്പോള്‍ മുടക്കമില്ലാതെ തുടരുന്നു
റമദാന് നോമ്പിനൊപ്പമുള്ള എന്റെ സഞ്ചാരം ഇത് എട്ടാം വര്‍ഷം . ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ കെ.ആര് സുഭാഷാണ് എന്നെ നോമ്പിലേക്ക് അടുപ്പിച്ചത്. മുസ്ലിം സുഹൃത്തുക്കളുടെ നോമ്പാചരണത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സുഭാഷേട്ടന് നോമ്പെടുക്കാന്‍ ആരംഭിച്ചത്.
ചേട്ടന്റെ തീരുമാനത്തോടൊപ്പം കൗതുകം തോന്നിയാണ് ഞാനും കൂടിയത് . അതിരാവിലെ സുബഹി ബാങ്കിന് മുന്‍പായി ലഘു ഭക്ഷണത്തോടെയാണ് ഞാന്‍ നോമ്പിന്റെ ഭാഗമാകുന്നത്. ദോശയും ചമ്മന്തിയും പോലുള്ള ഭക്ഷണമാകും രാവിലെ കഴിക്കുന്നത്. ചേട്ടന് മല്‍സ്യ മാംസാദികളോടാണ് താല്പര്യം.
നോമ്പു തുറ സമയം ഒരുമിച്ചില്ലെങ്കില്‍ ഞങ്ങള്‍ പരസ്പരം വിളിച്ചറിയിക്കുകയാണ് പതിവ് . അതുമല്ലെങ്കില്‍ മുസ്ലിം സുഹൃത്തുക്കളോട് വിളിച്ച് ചോദിക്കും. കാരക്കയോ ഈന്തപ്പഴമോ കൊണ്ട് നോമ്പു തുറക്കും. ഉച്ചക്ക് ചോറുണ്ണാന്‍ കഴിയാത്തത് കൊണ്ട് മിക്കവാറും ചോറു തന്നെയാകും എന്റെ പ്രധാന നോമ്പുതുറ വിഭവം. നോമ്പെടുക്കുന്നതറിയുന്ന മുസ്ലിം സുഹൃത്തുക്കള്‍ പതിവായി നോമ്പുതുറ സല്‍ക്കാരത്തിന് ഞങ്ങളെ ക്ഷണിക്കാറുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ ചങ്ങനാശേരിയിലെ നാസറും കോട്ടയത്തെ ഷാനവാസ് പാഴൂരും പതിവായി വീടുകളിലേക്ക് വിളിക്കാറുണ്ട്. 2015ല്‍ അരുവിക്കരയില്‍ നടന്ന ഉപതിരഞ്ഞെടുപ്പു കാലത്താണ് ആദ്യമായി റമദാന് നോമ്പിനെ പൂര്‍ണ രൂപത്തില്‍ എനിക്ക് അനുഭവിക്കാനായത്.
ഉപതെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അരുവിക്കരയില്‍ ക്യാംപ് ചെയ്യേണ്ടി വന്നപ്പോള്‍ തൊളിക്കോടുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടിലാണ് താമസമൊരുക്കിയിരുന്നത്. ആ മുസ്ലിം കുടുംബത്തോടൊപ്പം റമദാന് നോമ്പ് കാലം ചിലവിട്ടതാണ് നോമ്പിന്റെ ചിട്ടവട്ടങ്ങളെ കുറിച്ച് കൂടുതല്‍ വ്യക്തമായി മനസിലാക്കാന്‍ സഹായകമായത്. പ്രമേഹ രോഗിയായ സുഭാഷേട്ടന് റമദാന് നോമ്പ് ആരോഗ്യം മെച്ചപ്പെടുത്തുന്നതായാണ് കണ്ടു വരുന്നത്. നോമ്പിലൂടെ എന്റെ ആരോഗ്യവവും മെച്ചപ്പെട്ടതായാണ് അനുഭവത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."