മുന്‍ റഷ്യന്‍ എം.പി ഉക്രൈനില്‍ വെടിയേറ്റു മരിച്ചു
കീവ്: റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്റെ വിമര്‍ശകനായ മുന്‍ റഷ്യന്‍ പാര്‍ലമെന്റ് അംഗം ഉക്രൈനില്‍ വെടിയേറ്റു മരിച്ചു. കഴിഞ്ഞ വര്‍ഷം രാജ്യംവിട്ട ഡെനിസ് വോറോനെന്കോവാ(45)ണ് ഉക്രൈന് തലസ്ഥാനമായ കീവില്‍ കൊല്ലപ്പെട്ടത്.
വെടിവയ്പ്പില്‍ പങ്കുള്ളതായി സംശയിക്കുന്നയാള്‍ ആശുപത്രിയില്‍ മരിച്ചതായി കീവ് പൊലിസ് മേധാവി ആന്‍ഡ്രി ക്രിസ്ചെങ്കോ പറഞ്ഞു. അക്രമിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത് ഡെനിസ് വോറോനെന്കോവാണെന്ന് ഉക്രൈന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ ഡെനിസിന്റെ അംഗരക്ഷകനും പരുക്കേറ്റിട്ടുണ്ട്.ഉക്രൈന് പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ ആക്രമണത്തെ അപലപിച്ചു.
ഭീകരാക്രമണമാണ് കീവില്‍ നടന്നതെന്നും റഷ്യന്‍ അതിക്രമങ്ങളെ കുറിച്ച് ഉക്രൈന് അധികൃതര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കിയയാളാണ് കൊല്ലപ്പെട്ട ഡെനിസെന്നും പൊറോഷെങ്കോ പറഞ്ഞു.
അതേസമയം, സംഭവത്തില്‍ റഷ്യക്ക് പങ്കില്ലെന്ന് വ്ളാദ്മിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു.റഷ്യയുടെ അധോസഭയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്ന ഡെനിസ് ഒരു വര്‍ഷം മുന്‍പ് രാജ്യം വിട്ട് ഉക്രൈനില്‍ പൗരത്വം നേടിയിരുന്നു.
ഡെനിസിനോടൊപ്പം പാര്‍ലമെന്റ് അംഗമായിരുന്ന ഗായികയായ ഭാര്യ മരിയ മാക്സാകോവയും റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്റെ ശക്തയായ വിമര്‍ശകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഇരുവരും ഉക്രൈനിലെത്തിയത്. റഷ്യയുടെ ക്രീമിയാ അധിനിവേശത്തെ ഇരുവരും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. റഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരില്‍നിന്നുള്ള ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു ഇവര്‍ രാജ്യംവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."