വൈറസ് ബാധയ്ക്കു കാരണം ആശുപത്രിയിലെ സഹവാസം?
മലപ്പുറം: ജില്ലയില്‍ പനി ബാധിച്ചു മരിച്ച നാലു പേരില്‍ മൂന്നു പേര്‍ക്കു നിപാ വൈറസ് ബാധിച്ചതു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപാ ബാധിതരുമായുള്ള സഹവാസത്തിലൂടെയാണെന്നു നിഗമനം. പനി ബാധിച്ചു മരിച്ച മൂന്നിയൂര്‍ ആലിന്‍ചുവട് പാലക്കത്തൊടുമേച്ചേരി മണികണ്ഠന്റെ ഭാര്യ സിന്ധു (36), കൊളത്തൂര്‍ കാരാട്ടുപറമ്പ് താഴത്തില്‍തൊടി വേലായുധന്‍ എന്ന സുന്ദരന്‍ (48), തെന്നല മണ്ണത്തനാട്ടു കോളനിക്കു സമീപം മണ്ണത്തനാട്ടു പടിക്കല്‍ ഉബീഷിന്റെ ഭാര്യ ഷിജിത (23) എന്നിവര്‍ക്കാണ് നിപാ വൈറസ് ബാധ സ്ഥിരീകരിച്ചത്.
മരിച്ച സിന്ധുവിന്റെ അമ്മയും ഷിജിതയുടെ ഭര്‍ത്താവും കോഴിക്കാട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇവരോടൊപ്പം ആശുപത്രിയില്‍ കഴിയുന്നതിനിടെയാണ് ഇരുവര്‍ക്കും അസുഖം ബാധിച്ചത്. വേലായുധനും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഇതേ വാര്‍ഡില്‍തന്നെയാണ് ചികിത്സ തേടിയിരുന്നത്.
നിപാ വൈറസ് ബാധിച്ചു മരിച്ച പേരാമ്പ്ര സ്വദേശികളുമായി ആശുപത്രിയിലെ സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നാണ് നിഗമനം. ജില്ലയില്‍ പനി ബാധിതരായി മരിച്ച നാലു പേരുടെ സാമ്പിളുകളാണ് പുനെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നത്. എന്നാല്‍, ചാപ്പനങ്ങാടി ചട്ടിപ്പറമ്പ് പാലയില്‍ അഷ്്‌റഫിന്റെ മകന്‍ മുഹമ്മദ് ശിബിലി (14) യുടെ മരണം നിപാ വൈറസ് ബാധ മൂലമല്ലെന്നും സ്ഥിരീകരിച്ചു. നിലവില്‍ നിപാ വൈറസ് ലക്ഷണമുള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജില്ലയിലെ പലയിടങ്ങളിലും പതിവില്‍ കൂടുതല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യവുമുണ്ട്. മുന്‍പു ഡെങ്കിപ്പനി ബാധിച്ചര്‍ക്കു വീണ്ടും ഡെങ്കിപ്പനി പടരുന്നതു മരണത്തിനുപോലും കാരണമാകുമെന്നു മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ആരോഗ്യ ഉദ്യോഗസ്ഥര്‍ക്കൊപ്പം കുടുംബശ്രീ, ആശ വര്‍ക്കര്‍മാരുടെകൂടി സഹായത്തോടെയാണ് ജില്ലയില്‍ നിപാ വൈറസ്, ഡെങ്കി മുന്നറിയിപ്പ് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."