നാദാപുരത്ത് ഫയര്‍ സ്റ്റേഷന്‍ നിര്‍മാണത്തിനെതിരേ യൂത്ത് ലീഗ്
നാദാപുരം: നാദാപുരത്ത് പുതുതായി സ്ഥാപിക്കുന്ന ഫയര്‍ സ്റ്റേഷന്റെ സ്ഥിരം കെട്ടിടനിര്‍മാണത്തിനെതിരേ യൂത്ത് ലീഗ് രംഗത്ത്. താലൂക്ക് ആശുപത്രിക്കു സമീപത്തെ രണ്ടേക്കറോളം വരുന്ന ജന്മം, തോട്ടം എന്ന് വ്യക്തമായി രേഖപ്പെടുത്തിയ കരഭൂമിയിലാണ് നിര്‍ദിഷ്ട ഫയര്‍ സ്റ്റേഷനു സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഇവിടെ 25 സെന്റ് സ്ഥലം സൗജന്യമായി രണ്ടു വ്യക്തികള്‍ ചേര്‍ന്ന് സര്‍ക്കാരിനു കൈമാറുകയായിരുന്നു. എന്നാല്‍ ഇവിടം തണ്ണീര്‍ത്തടമാണെന്ന് ആരോപിച്ചാണ് സ്ഥലത്തെ നിര്‍മാണ പ്രവര്‍ത്തനത്തിനെതിരേ യൂത്ത് ലീഗ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
എന്നാല്‍ യൂത്ത്‌ലീഗ് തീരുമാനം തെറ്റിദ്ധാരണാജനകവും അവിവേകവുമാണെന്ന് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ അനുമതിയോടെ സ്ഥലത്തേക്കുള്ള റോഡ് നിര്‍മാണത്തിനുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മുസ്‌ലിം ലീഗ് നേതാവും സ്ഥലത്തെ വാര്‍ഡ് മെംബറുമായ വി.എ മുഹമ്മദ് ഹാജി പറഞ്ഞു. കഴിഞ്ഞാഴ്ചയാണ് തിരുവനന്തപുരത്തു ഇ.കെ വിജയന്‍ എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനു സ്ഥലത്തിന്റെ രേഖകള്‍ കൈമാറിയത്. അന്നുതന്നെ കെട്ടിട നിര്‍മാണത്തിനുള്ള ഫണ്ടും പ്രഖ്യാപിച്ചു. ചേലക്കാട്ടെ പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ താല്‍ക്കാലിക കെട്ടിടത്തിലാണ് നിലവില്‍ ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്.
സാങ്കേതിക തടസങ്ങള്‍ കാരണം അവിടെനിന്ന് മാറ്റാനുള്ള തീരുമാനത്തിലായിരുന്നു. പര്യാപ്തമായ സ്ഥലം ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് കുറ്റ്യാടി മണ്ഡലത്തിലേക്കു മാറ്റാനുള്ള ശ്രമവും ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് നാദാപുരം താലൂക്ക് ആശുപത്രിക്കു സമീപം 25 സെന്റ് സ്ഥലം സൗജന്യമായി നല്‍കാന്‍ രണ്ടു വ്യക്തികള്‍ തയാറാവുകയും രേഖകള്‍ മുഖ്യമന്ത്രിക്കു കൈമാറുകയും ചെയ്യുന്നത്. അടിസ്ഥാന രഹിതമായ ആരോപണത്തിലൂടെ കെട്ടിടനിര്‍മാണം ഇല്ലാതാക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്ന് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു. അതേസമയം കെട്ടിടനിര്‍മാണത്തിന് സ്ഥലം നല്‍കിയ വ്യക്തികളെ അനുമോദിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തൊട്ടടുത്ത തുണേരിയില്‍ വ്യാപകമായി ഫ്‌ളക്‌സും സ്ഥാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."