ഷുക്കൂര്‍ വധം: കത്തുകള്‍ ഹാജരാക്കാന്‍ ഉത്തരവ്കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധം സി.ബി.ഐയ്ക്കു വിടുന്നതുമായി ബന്ധപ്പെട്ട് മുന്‍ ഡി.ജി.പിയും കണ്ണൂര്‍ ജില്ലാ പൊലിസ് സൂപ്രണ്ടും എഴുതിയ കത്തുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്. മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് എഴുതിയ കത്തും കണ്ണൂര്‍ ജില്ലാ പൊലിസ് സൂപ്രണ്ട് ഇതിനു നല്‍കിയ മറുപടിയും ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍ ഡി.ജി.പി ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് എഴുതിയ കത്തും ഹാജരാക്കാനാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.
മുന്‍ ഡി.ജി.പിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ തുടരന്വേഷണം സി.ബി.ഐയ്ക്കു വിടുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. ഇതിനിടെ ഷുക്കൂറിന്റെ മാതാവ് ആത്തിക്കയുടെ ഹരജിയില്‍ ഹൈക്കോടതി സിംഗിള്‍ബെഞ്ച് തുടരന്വേഷണം സി.ബി.ഐയ്ക്കു വിട്ടു. ഡി.ജി.പിയുടെ ശുപാര്‍ശ കൂടി കണക്കിലെടുത്തായിരുന്നു ഈ ഉത്തരവ്. ഈ സാഹചര്യത്തില്‍ ഡി.ജി.പിയുടെ ശുപാര്‍ശ കത്തും അനുബന്ധ കത്തുകളും പരിശോധിച്ച് നിജസ്ഥിതി ബോധ്യപ്പെടുന്നതിനാണ് ഡിവിഷന്‍ ബെഞ്ച് കത്തുകള്‍ വിളിച്ചുവരുത്തുന്നത്.
കഴിഞ്ഞ ദിവസം ഈ അപ്പീല്‍ ഹരജികളില്‍ സി.ബി.ഐയുടെ തുടരന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ തുടരന്വേഷണം സി.ബി.ഐയ്ക്കു വിട്ടതിനെതിരേ കേസില്‍ പ്രതികളായ പി. ജയരാജന്‍, ടി.വി രാജേഷ് എം.എല്‍.എ തുടങ്ങിയവര്‍ നല്‍കിയ അപ്പീലുകളാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. ഹരജികള്‍ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."