ഡല്‍ഹി കേന്ദ്രീകരിച്ച് പണം തട്ടുന്ന മലയാളി സംഘം വീണ്ടും സജീവമാകുന്നു
കടപ്പുറം: ഡല്‍ഹി കേന്ദ്രീകരിച്ച് പണം തട്ടുന്ന മലയാളി സംഘം വീണ്ടും സജീവം. 17000 രൂപയുടെ സ്മാര്‍ട്ട് ഫോണ്‍ 3000 രൂപക്ക് വീട്ടിലെത്തിച്ച് നല്‍കുമെന്ന വാഗ്ദാനത്തില്‍ ആകൃഷ്ടനായ കടപ്പുറം സ്വദേശിക്ക് ലഭിച്ചത് നൂറ് രൂപയുടെ വസ്തുക്കള്‍.
കടപ്പുറം അഞ്ചങ്ങാടി സ്വദേശി ഉമര്‍ കുഞ്ഞാണ് ഡല്‍ഹി മലയാളിയുടെ മോഹന വാക്കുകളില്‍ കബളിക്കപ്പെട്ടത്. താങ്കളുടെ മൊബൈല്‍ നമ്പര്‍ പഴയതായതിനാലാണ് നറുക്കെടുപ്പില്‍ ഉള്‍പ്പെട്ടതെന്നും 17000 രൂപയുടെ സ്മാര്‍ട്ട് ഫോണാണ് ലഭിച്ചതെന്നുമായിരുന്നു സന്ദേശം. തുടര്‍ച്ചായി 7065965775 എന്ന നമ്പറില്‍ സന്ദീപ് എന്ന പേരിലുള്ളയാളാണ് ഉമറിനെ വിളിച്ചത്. വ്യാഴാഴ്ച്ചയാണ് തപാലില്‍ വി.പി.പിയായി സമ്മാനപ്പൊതിയെത്തിയത്. 3299 രൂപ അടച്ച ശേഷമാണ് ഡല്‍ഹിയിലെ ഗണേശ് എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തില്‍ നിന്നുള്ള പൊതി വാങ്ങിയത്. ഹൈന്ദവ മത വിശ്വാസ പ്രകാരമുള്ള അവതാരമായ കൂര്‍മ്മം (ആമ), ശ്രീ ലക്ഷ്മി, ഗണപതി എന്നിവയുടെ രൂപങ്ങളും ചില ദൈവങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത രണ്ട് ലോക്കറ്റുകളും ചിത്രങ്ങള്‍ പതിച്ച ഒരു ജോഡി കാല്‍പാദം. മെതിയടി രൂപവും ശ്രീ ചക്രം പതിച്ച ചെറിയ ഫലകവുമാണ് സ്വര്‍ണ നിറത്തിലാക്കി ചുവന്ന വെല്‍വെറ്റില്‍ നിര്‍മ്മിച്ച ചെറിയ പെട്ടിക്കുള്ളിലുള്ളത്. പെട്ടി തുറന്ന ഉമര്‍കുഞ്ഞിന്റെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല. പലവട്ടം സന്ദീപ് എന്ന പേരില്‍ പരിചയപ്പെടുത്തിയവനേയും വിളിച്ചു നോക്കി. ഇപ്പോള്‍ ആ നമ്പറും പ്രവര്‍ത്തിക്കുന്നില്ല. തന്നെ കബളിപ്പിച്ചതിനെതിരെ പരാതിയുമായി ചാവക്കാട് സി.ഐയെ സമീപിക്കാനാണ് ഉമറിന്റെ തീരുമാനം.
ഇത്തരത്തില്‍ കബളിപ്പിച്ചതിന് ഡല്‍ഹി കേന്ദ്രീകരിച്ചു പണം തട്ടുന്ന സംഘാംഗങ്ങളായ രണ്ടുപേരെ കഴിഞ്ഞ വര്‍ഷം ഓഗസറ്റില്‍ പന്തളം പൊലിസ് അറസ്റ്റ് ചെയ്ത വാര്‍ത്തയുണ്ടായിരുന്നു. 25000 രൂപയുടെ സ്മാര്‍ട്ട് ഫോണ്‍ 3000 രൂപയ്ക്ക് വിപിപിയായി വീട്ടിലെത്തിച്ചുതരുമെന്ന് ഫോണിലൂടെ അറിയിച്ച് പണം തട്ടുന്ന സംഘത്തെയാണ് അന്ന് അറസ്റ്റു ചെയ്തത്. ഡല്‍ഹി സുല്‍ത്താന്‍പുരി സരസ്വതിവിഹാര്‍ പര്‍വാന റോഡില്‍ നിത്യാനന്ദ്(41), കമലേഷ് (ജെനു34) എന്നിവരാണ് അറസ്റ്റിലായത്. ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും ആളുകളുടെ നമ്പരുകള്‍ ശേഖരിച്ച് ടെലി കോളര്‍മാര്‍ക്ക് നല്‍കും. മലയാളത്തിലും തമിഴിലും ഹിന്ദിയിലും സംസാരിക്കാന്‍ മാത്രമായാണ് ഇവര്‍ ജോലിക്കാരായി നിയമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."