ബിജു രമേശിന്റെ മകളുടെ വിവാഹം: വിവാദം കൊഴുപ്പിച്ച് മാണിയെ ചാക്കിലാക്കാന്‍ ബി.ജെ.പി
കൊല്ലം: ബാറുടമകളുടെ സംഘടനാ നേതാവും മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരേ ബാര്‍ക്കോഴ ആരോപണം ഉന്നയിച്ചു കോളിളക്കത്തിനു തുടക്കമിടുകയും ചെയ്ത ബിജു രമേശിന്റെ മകളുടെ കല്യാണത്തിന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തതിന്റെ പ്രത്യാഘാതം മുതലെടുക്കാന്‍ ബി.ജെ.പിയുടെ കരുനീക്കം.
കോണ്‍ഗ്രസ് നേതാക്കള്‍ വിവാഹത്തില്‍ പങ്കെടുത്തത് ബാര്‍കോഴ ആരോപണത്തിലെ സംശയങ്ങള്‍ ബലപ്പെടുത്തുന്നെന്ന് കേരള കോണ്‍ഗ്രസ് മാണി വിഭാഗം ആരോപിച്ചിരുന്നു. കോണ്‍ഗ്രസിനും മാണിക്കും ഇടയിലുള്ള സംശയം വിവാദമാക്കി കൂടുതല്‍ അകല്‍ച്ച ഉണ്ടാക്കാനാണ് ബി.ജെ.പി രഹസ്യനീക്കം തുടങ്ങിയത്. മാണിയെ ബി.ജെ.പി പാളയത്തിലെത്തിക്കുകയാണു ലക്ഷ്യം. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയുടെ കേരള ഘടകത്തില്‍ പ്രമുഖ പാര്‍ട്ടികളൊന്നും ഇല്ലാത്തതിന്റെ കോട്ടം തീര്‍ക്കാനുമാകും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തന്നെ മാണി വിഭാഗം ബി.ജെ.പിയുമായി അടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ക്രിസ്ത്യന്‍ മത വിശ്വാസികളായതിനാല്‍ ബി.ജെ.പി ബന്ധം ഉള്‍ക്കൊള്ളാന്‍ മടിക്കുമെന്ന ഭയമാണ് തീരുമാനം നീളാന്‍ കാരണമായത്. മാത്രമല്ല ക്രൈസ്തവ സഭാ നേതൃത്വത്തിലെ പ്രമുഖരില്‍ പലവും ബി.ജെ.പി ബന്ധത്തെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ ബി.ജെ.പിക്കൊപ്പം പോയാല്‍ മകന്‍ ജോസ് കെ മാണിക്ക് കേന്ദ്ര മന്ത്രി സ്ഥാനം ഉള്‍പ്പെടെ പലതും ബി.ജെ.പി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ പ്രലോഭനം ചൂണ്ടിക്കാട്ടി പ്രവര്‍ത്തകരെയും സഭാ നേതൃത്വത്തെയും അടക്കി നിര്‍ത്താനുള്ള ശ്രമമാണ് മാണി ഇപ്പോള്‍ നടത്തുന്നത്.
അതിനിടയിലാണ് ബിജു രമേശിന്റെ മകളുടെ വിവാഹത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തത് വിവാദമായിരിക്കുന്നതും മാണിയുടെ പരിഭവവും. കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ അടൂര്‍ പ്രകാശിന്റെ മകനാണ് ബിജു രമേശിന്റെ മകളെ വിവാഹം ചെയ്തത്. സഹപ്രവര്‍ത്തകന്റെ മകന്റെ വിവാഹം എന്ന നിലയിലാണ് തങ്ങള്‍ പങ്കെടുത്തത് എന്നാണ് ഉമ്മന്‍ ചാണ്ടിയുടെയും മറ്റും വാദം. എന്നാല്‍ യു.ഡി.എഫിന്റെ തോല്‍വിക്ക് പ്രധാന കാരണമായ വിവാദത്തിലെ മുഖ്യ കണ്ണിയായ ആളുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തത് ഒഴിവാക്കേണ്ടിയിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പരസ്യമായി പ്രതികരിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് മാണി വിഭാഗവും വിമര്‍ശനം ഉന്നയിച്ചത്. പ്രശ്‌നം സങ്കീര്‍ണമാകുന്നതും മാണി വിഭാഗം ഇതിന്റെ മറപിടിച്ച് കടുത്ത തീരുമാനമെടുക്കുന്നതും തടയാന്‍ കോണ്‍ഗ്രസിലും ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ബി.ജെ.പിയുടെ നീക്കങ്ങളോട് അനുകൂലമായി പ്രതികരിക്കുമെന്ന പ്രതീതി നിലനിര്‍ത്തി കോണ്‍ഗ്രസിനെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് മാണി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."