കണ്ണൂരിന് പ്രത്യേക വികസന പാക്കേജ്: മന്ത്രി ജി സുധാകരന്‍
കണ്ണൂര്‍: വികസന കാര്യത്തില്‍ തഴയപ്പെട്ട ജില്ലയ്ക്ക് പ്രത്യേക വികസന പാക്കേജ് നടപ്പാക്കുമെന്നു മന്ത്രി ജി സുധാകരന്‍. ചപ്പാരപ്പടവ് പഞ്ചായത്തിലെ മണിക്കല്‍ പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു ജില്ലകള്‍ക്കൊപ്പമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.
കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള മൂന്നു റോഡുകള്‍ വികസിപ്പിക്കുന്ന പദ്ധതി മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പുരോഗമിക്കുകയാണ്. ദേശീയപാത നാലുവരിയാക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് ആദ്യമായി നടപ്പാക്കുക.
ചപ്പാരപ്പടവിലെ തലവില്‍-എരുവാട്ടി റോഡ് ഉള്‍പ്പെടെ സംസ്ഥാനത്തെ അഞ്ഞൂറിലേറെ ഗ്രാമീണ റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു. ചപ്പാരപ്പടവ് പഞ്ചായത്തിലെ ചാണോക്കുണ്ട്-തടിക്കടവ്- നെല്ലിപ്പാറ റോഡിനെയും ചപ്പാരപ്പടവ്-എരുവാട്ടി-തേര്‍ത്തല്ലി റോഡിനെയും ബന്ധിപ്പിച്ച് കുപ്പം പുഴയ്ക്ക് കുറുകെ നിര്‍മിച്ച മണിക്കല്‍ പാലത്തിന് 152 മീറ്റര്‍ നീളമുണ്ട്. ജയിംസ് മാത്യു എം.എല്‍.എ അധ്യക്ഷനായി.
കരാര്‍ കാലാവധിക്കു മുന്‍പ് പാലം പണിയും മറ്റു അനുബന്ധ നിര്‍മാണങ്ങളും പൂര്‍ത്തീകരിച്ച കരാറുകാരന്‍ ടി.എ അബ്ദുറഹിമാന് മന്ത്രി ഉപഹാരം നല്‍കി. ടി ലത, പി.ജെ മാത്യു, പി.കെ സതീശന്‍, പി വിനീതന്‍, വി.പി ഗോവിന്ദന്‍, പി മുനീറ, സുമിത്ര ഭാസ്‌കരന്‍, ഇന്ദിര ദാസന്‍, കെ.വി പുരുഷോത്തമന്‍, കെ മമ്മു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."