രോഗികള്‍ക്ക് സുരക്ഷിത കേന്ദ്രമില്ല; മെഡി. കോളജില്‍ കൂട്ടിരിപ്പുകാര്‍ ആശങ്കയില്‍
ചേവായൂര്‍: നിപാ വൈറസ് ഏറെ ആശങ്കയിലാക്കിയിരിക്കുന്നത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മറ്റ് രോഗികളെയും കൂട്ടിരിപ്പു കാരെയുമാണ്. രോഗികളും ഇവരുടെ കൂട്ടിരിപ്പുകാരടക്കം രോഗിയുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് ആളുകള്‍ ഇടപഴകുന്ന സ്ഥലങ്ങളിലാണ് നിപാ വൈറസ് രോഗികളെ കിടത്തിയിരിക്കുന്നത്.
ഇത്തരം തിരക്കേറിയ ഇടങ്ങളില്‍നിന്ന് അതീവ അപകടകാരിയായ വൈറസ് രോഗികളെ ചികിത്സിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നു എന്നതാണ് ഭീതി പരത്തുന്നത്. ഇത്തരം വൈറസ് രോഗികളെ ചികില്‍സിക്കാന്‍ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് മറ്റൊരു കേന്ദ്രം സ്ഥാപിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. വൈറസ് രോഗികളെ മാത്രം പരിശോധിക്കുന്ന ഒരിടം മെഡിക്കല്‍ കോളേജില്‍ തന്നെ കണ്ടെത്തിയാല്‍ ഒരു പരിധിവരെ രോഗം പടര്‍ന്ന് പിടിക്കുന്നത് തടയാനാകും. കഴിഞ്ഞ ദിവസം പനി ബാധിച്ച് മെഡിക്കല്‍ കോളേജില്‍ മരിച്ച പേരാമ്പ്ര സ്വദേശി ജാനകിക്ക് വൈറസ് പിടിപെട്ടത് മറ്റൊരു രോഗിക്ക് കൂട്ടിരിക്കുമ്പോഴാണ്. വൈറസ് ബാധിച്ച രോഗിയില്‍ നിന്ന് നിശ്ചിത ദൂരം അകന്ന് നില്‍ക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
രോഗം തിരിച്ചറിയാത്തതിനാല്‍ വൈറസ് ബാധയേറ്റ രോഗി അത്യാഹിത വിഭാഗത്തിലും പരിശോധനാ സ്ഥലങ്ങളിലും മറ്റ് രോഗികള്‍ക്കൊപ്പമാണ് കഴിയുന്നത്. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അധികൃതര്‍ സുരക്ഷക്ക് വേണ്ടി മാസ്‌കും പ്രത്യേക വസ്ത്രവും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ഉപയോഗിക്കാത്ത നഴ്‌സുമാരടക്കമുള്ള നിരവധി പേരാണിവിടെയുള്ളത്.
വൈറസ് രോഗികളെ കിടത്തിയിരിക്കുന്ന പ്രത്യേക വാര്‍ഡുകള്‍ ഈ രോഗികള്‍ക്ക് സുരക്ഷിത മാണെങ്കിലും മറ്റുള്ളവര്‍ക്ക് ആശങ്ക ഉണ്ടാക്കുന്നുണ്ട്. വൈറസ് സ്ഥിരീകരിച്ച രോഗികളെ കിടത്തിയിരിക്കുന്നത് മെഡിക്കല്‍ കോളജിന് സമീപമുള്ള നെഞ്ചു രോഗ വിഭാഗത്തിലാണ്. പ്രതിരോധ ശേഷി വളരെ കുറഞ്ഞ ക്ഷയ രോഗികളും ടിബി ബാധിച്ചവരും ചികിത്സ തേടുന്ന നെഞ്ചു രോഗ വിഭാഗത്തില്‍ വൈറസ് പടര്‍ന്നു പിടിക്കാനുള്ള സാധ്യത ഏറെയാണ്.
അത്യാഹിത വിഭാഗത്തിലെ നിരീക്ഷണ വാര്‍ഡിനോട് ചേര്‍ന്നാണ് മറ്റൊരുവാര്‍ഡ് ക്രമീകരിച്ചത്. എല്ലാ വിഭാഗം രോഗികളും നിരീക്ഷണത്തില്‍ കഴിയുന്ന ഈ വാര്‍ഡും ഇതോടെ സംശയത്തിന്റെ നിഴലിലായി. പേ വാര്‍ഡിന് മുകളില്‍ ഒരുക്കിയ വാര്‍ഡിന്റെ അവസ്ഥയും ഇതുതന്നെയാണ്. നിപാ വൈറസ്,എച്ച്1എന്‍1പോലുള്ള വൈറസ് രോഗങ്ങള്‍ക്ക് മാത്രമായി മെഡിക്കല്‍ കോളജില്‍ പ്രത്യേക കേന്ദ്രം സ്ഥാപിക്കണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."