ആശങ്കയുടെ നേര്‍ക്കാഴ്ചയായി ആളൊഴിഞ്ഞ പേരാമ്പ്ര
കോഴിക്കോട്: അപ്രതീക്ഷിതമായി അപൂര്‍വ വൈറസിന്റെ രൂപത്തിലെത്തിയ ദുരന്തം ഒരു നാടിനുണ്ടാക്കിയ ആശങ്കയുടെ തീവ്രത വ്യാക്തമാക്കുന്നതാണ് പേരാമ്പ്രയില്‍ നിന്നുള്ള കാഴ്ചകള്‍.
ഗതാഗതക്കുരുക്കിന്റെയും തിരക്കിന്റെയും കാര്യത്തില്‍ ദിവസങ്ങള്‍ മുന്‍പു വരെ വാര്‍ത്തകളില്‍ ശ്രദ്ധ നേടിയിരുന്ന പേരാമ്പ്ര നഗരം ഇന്ന് വിജനമായ അവസ്ഥയിലാണ്.
സമീപ പ്രദേശങ്ങളായ ചങ്ങരോത്തും ചെറുവണ്ണൂരും പന്തിരിക്കരയും പനി വാര്‍ത്തകളില്‍ നിറഞ്ഞതിനാല്‍ പേരാമ്പ്രയിലേക്കുള്ള യാത്ര തന്നെ മിക്കവരും ഒഴിവാക്കി. നാമമാത്രമായെങ്കിലും ഇവിടെയെത്തുന്നവര്‍ കവലകളില്‍ തങ്ങാതെ തൂവാലകൊണ്ട് മുഖം പൊത്തിയോ മാസ്‌ക് ധരിച്ചോ വേഗത്തില്‍ നടന്നുപോവുകയാണ്. രാവിലെ മുതല്‍ തന്നെ തിരക്ക് അനുഭവപ്പെട്ടിരുന്ന അങ്ങാടികള്‍ പോലും വിജനമായിരിക്കുകയാണ്.
വാഹനങ്ങളുടെ എണ്ണത്തിലും ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. ബസുകളിലും യാത്രക്കാര്‍ കുറവാണ്. കച്ചവടക്കാരെയാണ് ഇത് ഏറെ പ്രതിസന്ധിയിലാക്കിയത്. പലചരക്കു കടകളിലും പഴവിപണികളിലും മത്സ്യ-മാംസ മാര്‍ക്കറ്റുകളിലും കച്ചവടം ഗണ്യമായി കുറഞ്ഞു.
ഹോട്ടലുകള്‍ അടച്ചിടേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ഉടമകള്‍ പറയുന്നു. ജനങ്ങളുടെ ആശങ്കയകറ്റാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."