കോര്പറേഷന് ഓഫിസ് പരിസരം വാഹനങ്ങളുടെ ശവപ്പറമ്പ്
കണ്ണൂര്‍: ഉപയോഗശൂന്യമായ വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് കണ്ണൂര്‍ കോര്പറേഷന് പരിസരം. നഗരസഭയായിരുന്നപ്പോള്‍ മാലിന്യ നിര്‍മാര്‍ജനത്തിനു ഉപയോഗിച്ചിരുന്ന അഞ്ച് ഗുഡ്സ് ഓട്ടോകള്‍, രണ്ട് ടിപ്പര്‍ ലോറികള്‍, ഒരു പിക്ക്അപ്
വാന്‍ തുടങ്ങി എട്ടു വാഹനങ്ങളാണ് ഇവിടെ തുരുമ്പെടുത്തും കാടുപിടിച്ചും നശിക്കുന്നത്.
ഉപേക്ഷിച്ച വാഹനങ്ങളില്‍ മൂന്ന് വര്‍ഷത്തിലേറേ പഴക്കമുള്ള വാഹനങ്ങള്‍ വരെയുണ്ട്. വര്‍ഷങ്ങള്‍ ഇത്രയായിട്ടും ഈ വാഹനങ്ങള്‍ ഇവിടെ നിന്നു നീക്കം ചെയ്യാനോ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാനോ അധികൃതര്‍ ഇതുവരെ നടപടിയെടുത്തില്ല.
ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോള്‍ ഈ വാഹനം നീക്കംചെയ്യാനുള്ള നടപടിയുടെ ഭാഗമായി എസ്റ്റിമേറ്റ് തയ്യാറാക്കി മെക്കാനിക്കല്‍ എന്‍ജിനിയര്‍ക്ക് അയച്ചിട്ടുണ്ടെന്ന പതിവു മറുപടിയാണ് ലഭിക്കുന്നത്. അടിയന്തര നടപടിയെടുക്കണമെന്നഭ്യര്‍ഥിച്ച് ആറു മാസം മുന്‍പ് പ്രതിപക്ഷം മേയര്‍ക്കു പരാതി നല്‍കിയിരുന്നു. ഉപേക്ഷിച്ച വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്തി വീണ്ടും ഉപയോഗിക്കാനാകുന്ന കാര്യം സംശയമാണ്. അതേസമയം വാഹനങ്ങള്‍ കൊണ്ടുതള്ളിയതു കാരണം ട്രഞ്ചിങ് ഗ്രൗണ്ടിനു സമാനമായ രീതിയില്‍ കോര്പറേഷന് പരിസരം മാറിക്കഴിഞ്ഞു.
വാഹനങ്ങള്‍ക്കു പുറമേ നഗരത്തില്‍ നിന്നു ശേഖരിച്ച മാലിന്യങ്ങളും ഇവിടെ കെട്ടിക്കിടക്കുകയാണ്. ഇതിനു തൊട്ടടുത്താണ് ഓഫിസിലെ ജീവനക്കാരും ഇവിടെയെത്തുന്നരും ഉപയോഗിക്കുന്ന കിണറും സ്ഥിതി ചെയ്യുന്നത്.
തുരുമ്പെടുത്തു നശിക്കുന്ന വാഹനങ്ങളില്‍ നിന്ന് ഓയിലുകളും മറ്റു രാസവസ്തുക്കളും മഴയത്ത് ഒലിച്ചിറങ്ങി കിണറില്‍ എത്തുന്നതായും ആക്ഷേപമുണ്ട്. അനാഥമായി കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്ത് സ്ഥലപരിമിതിമൂലം ബുദ്ധിമുട്ടനുഭവിക്കുന്ന കോര്പറേഷന് പരിസരം ശുചീകരിക്കണ്ടേത് അത്യാവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."